ലൊട്ടുലൊടുക്ക്

Wednesday, October 18, 2006

വാഹനാപകടവും കിവദന്തിയും


ബാംഗ്ലൂര്‍: നിയന്ത്രണം വിട്ട ബി.എം.ടി.സി(ബാംഗ്ലൂര്‍ മെട്രോപ്പോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) വക ബസ്സ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി ആളുകള്‍ മരിച്ചതായി വാര്‍ത്ത.
മാതൃഭൂമി വാര്‍ത്ത

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ടത് പുതുതായി നിരത്തിലിറക്കിയ വോള്‍വോ ബസ്സാണെന്നത് സംഭവത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിച്ചു. വാര്‍ത്ത കാട്ടുതീ പോലെ ബാംഗ്ലൂര്‍ നഗരത്തില്‍ പരന്നു. സംഭവം നടന്നത് തിരക്കേറിയ എയര്‍പ്പോര്‍ട്ട് റോഡില്‍ ആണെന്നതും വാര്‍ത്ത പെട്ടെന്ന് പടരാന്‍ കാരണമായി. എയര്‍പ്പോര്‍ട്ട് റോഡില്‍ ഗതാഗതം തടസ്സപ്പെടുമാറ് ജനക്കൂട്ടം ഉണ്ടായി, സ്വാഭാവികമായും അവര്‍ അക്രമാസക്തരാകുകയും അപകടത്തില്‍പ്പെട്ട ബസ്സ് കത്തിക്കുകയും ചെയ്തു. എയര്‍പ്പോര്‍ട്ട് റോഡിലൂടെ ബസ്സുകളും മറ്റു വണ്ടികളും ഓടാതെയായി. അതോടെ ഈ അപകടം നഗരത്തില്‍ ഒരു ചര്‍ച്ചാവിഷയമായി.

വൈകുന്നേരം എട്ട് മണിയോടെയാണ് ഞാന്‍ ഈ വാര്‍ത്ത അറിയുന്നത്. തുടക്കത്തില്‍ ഒന്നോ രണ്ടോ പേര്‍ മരിച്ചു എന്ന രീതിയില്‍ പടര്‍ന്ന് ഈ വാര്‍ത്ത പല പല നാവില്‍ക്കൂടി കയറി ഇറങ്ങി എന്റെ അടുത്ത് വന്നപ്പോള്‍ മരണസംഖ്യ അന്‍പത് ആയിരുന്നു. ഒരു ബസ്സ് ജനങ്ങളുടെ ഇടയിലേക്ക് കയറിയാല്‍ ഇത്രയും പേര്‍ മരിക്കുമോ എന്ന് അദ്ഭുതം ഞാന്‍ കൂറിയപ്പോള്‍, ഈ വാര്‍ത്ത പറയാന്‍ ഉത്സാഹം കാണിച്ച വ്യക്തി എന്നോട് പറഞ്ഞത് ആ ബസ്സ് കത്തിച്ചപ്പോള്‍ അതില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ മുഴുവനും അഗ്നിക്കിരയായി എന്നാണ് പറഞ്ഞത്. വോള്‍വോ ബസ്സിന്റെ ചില്ല് തുറക്കാന്‍ പറ്റില്ലെന്നും അതാണ് മരണം കൂടാന്‍ കാരണമെന്നും ഇദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന്, ജനല്‍ച്ചില്ലില്‍ എവിടെയെങ്കിലും ഇടിച്ചാല്‍ അത് പൊട്ടില്ലെന്നും പകരം കൃത്യം നടുക്ക് തന്നെ ഇടിക്കണമെന്നും അദ്ദേഹം നടത്തിയ കണ്ടുപിടുത്തം അഭിമാനപുരസരം എന്നെ അറിയിക്കുകയുമുണ്ടായി.

ഈ സംഭവം എന്നെ ആദ്യം ഒന്ന് ഞെട്ടിച്ചു. കുറച്ച് കഴിഞ്ഞപ്പോഴാണ് ഇത് നാലാളോട് പറയുന്നതിന്റെ സുഖത്തെക്കുറിച്ച് ഞാന്‍ ബോധവാനായത്. ഉടന്‍ തന്നെ ഫോണ്‍ കറക്കി ഞാന്‍ എന്റെ സഹമുറിയനെ വിളിച്ച് ഇങ്ങനെ ഒരു അപകടം നടന്നുവെന്നും നൂറ് പേര്‍ കൊല്ലപ്പെട്ടുവെന്നും (അവന്റെ അന്‍പതും എന്റെ അന്‍പതും) അറിയിച്ചു. ചിലപ്പോള്‍ ടി.വി-യില്‍ ലൈവ് കണ്ടേക്കാമെന്നും പറ്റിയാല്‍ റെക്കോര്‍ഡ് ചെയ്യണമെന്നും പറഞ്ഞു. ഒട്ടും വൈകാതെ ഞാനും വീട്ടിലെത്തി. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മാച്ചില്‍‍ ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോഴും ഞങ്ങള്‍ തപ്പിയത് ഈ വാര്‍ത്ത ഏത് ചാനലിലാണ് ഫ്ലാഷ് ന്യൂസ് ആയി കൊടുക്കുന്നതെന്നും, പറ്റിയാല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൂടി കാണാന്‍ സാധിക്കുമോ എന്നും ആണ്. രാത്രി മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും ഒരു ടി.വി. ചാനലും ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ചമ്മി നാശമായ ഞങ്ങള്‍ ക്രിക്കറ്റിന്റെ ഹൈലൈറ്റ് കണ്ട് സംതൃപ്തിപ്പെട്ട് കിടന്നുറങ്ങി.

ഇന്ന് രാവിലെ പത്രം വായിച്ചപ്പോഴാണ് മരണസംഖ്യ ‘രണ്ട്’ മാത്രമാണെന്ന് അറിയുന്നത്. മരിച്ചവരില്‍ ഡ്രൈവറും കണ്ടക്റ്ററും ഇല്ല. അവര്‍ നേരത്തേ ഓടിക്കാണും. അല്ലെങ്കില്‍ നാട്ടുകാര്‍ അവര്‍ തല്ലിക്കൊന്നേനേ. യഥാര്‍ത്ഥത്തില്‍ അവരെയല്ല കൊല്ലേണ്ടിയിരുന്നത്. ഈ അപകടത്തെ അപഹാസ്യമാക്കാനും, മരിച്ചവരുടെ എണ്ണം പറഞ്ഞ ആസ്വദിക്കാനും, തന്മൂലം മരണപ്പെട്ടവരേയും പരിക്കേറ്റവരേയും പരിഹാസകഥാപാത്രങ്ങളാക്കാനും ശ്രമിച്ച എന്നെപ്പോലെയുള്ള വികട മനസ്ഥിതിക്കാരെയാണ്. ബാംഗ്ലൂരും ഒരു ഭ്രാന്താലയമാണോ വിവേകാനന്ദാ?

***
കുറിപ്പ്: ഈ തമാശയുടെ രസം നഷ്ടപ്പെട്ടത്, അപകടത്തില്‍ മരിച്ച ഒരാള്‍ എന്റെ അയല്‍ക്കാരനാണെന്നറിഞ്ഞപ്പോഴാണ്. ഇന്നലെ രാത്രി ആ അമ്മയുടെ അലമുറലായിരുന്നു ഊണ് കഴിഞ്ഞ് വരുന്ന വഴി കേട്ടത്. അകാരണമായി മരണപ്പെടുന്ന ഒരു മകന്റെ വിയോഗം ഒരമ്മയ്ക്ക് താങ്ങാനാകുന്നതിലും അപ്പുറം തന്നെ. രാവിലെ അതേ വീട്ടില്‍ നിന്ന് പാട്ടും കൊട്ടലും ഒക്കെ കേട്ടിട്ടാണ് ഇന്ന് ഞാന്‍ ഉണര്‍ന്നത്. ഒരമ്മയുടേയും ബന്ധുമിത്രാദികളുടേയും കരച്ചിലിനിടയിലും കൊട്ടും കുഴല്‍‌വിളിയുമായി അതാഘോഷമാക്കുന്ന തമിഴന്മാരെ സമ്മതിക്കണം.
posted by Sreejith K at 11:58 AM | link | 8 comments

Monday, October 16, 2006

ഷോക്കടിക്കുന്നതെപ്പോള്‍


ഏഷ്യാനെറ്റില്‍ സോന ഖസാന എന്നൊരു പരിപാടി ഉണ്ട് ആഴ്ചാവസാനങ്ങളില്‍. സൂര്യ ടി.വിയിലെ സ്വര്‍ണ്ണമഴ എന്ന പരിപാടിയെ തോല്‍പ്പിക്കാന്‍ ഏഷ്യാനെറ്റ് കൊണ്ട് വന്ന ഒരു പ്രോഗ്രാം ആണിത്. അവതാരക: മീര കൃഷ്ണ.

ഇക്കഴിഞ്ഞ ആഴ്ചാവസാനത്തില്‍ പല പല ചാനലുകളില്‍ക്കുടി ഒഴുകി നടക്കുന്നതിനിടയില്‍ ഈ പ്രോഗ്രാമിലും ചെന്നെത്തി. രമ്യ അവതരിപ്പിക്കുന്ന ‘മ്യൂസിക്ക് മൊമെന്റ്സ്’ എന്ന പ്രോഗ്രാമിലെത്തിയാല്‍ റിമോട്ടിന്റെ പ്രോഗ്രാം-മുന്‍-പിന്‍ ബട്ടണുകള്‍ നിശ്ചലമാകുന്നതുപോലെ മീരയിലും റിമോട്ട് ഉടക്കി.

അപ്പോള്‍ നടന്നുകൊണ്ടിരുന്ന ഭാഗം ഇങ്ങനെയാണ്. പരിപാടിയില്‍ പങ്കെടുക്കുന്നവരോട് അഞ്ച് ചോദ്യങ്ങള്‍ മീര ചോദിക്കും. വേരെ നൂറ് പേരോടും ഇതേ ചോദ്യങ്ങള്‍ ചോദിച്ച് അതിന്റെ ഉത്തരങ്ങള്‍ ഇവര്‍ നേരത്തേ എടുത്ത് വച്ചിട്ടുണ്ടാകും. മത്സരാര്‍ത്ഥികള്‍ പറയുന്ന ഉത്തരം നാട്ടുകാരില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞ ഉത്തരം തന്നെയെങ്കില്‍ അതിനനുസരിച്ച് പോയിന്റുകള്‍ കിട്ടും.

ഞാന്‍ കണ്ടപ്പോള്‍ ഉണ്ടായ ചോദ്യം. “ഷോക്കടിക്കുന്നതെപ്പോള്‍?”

മത്സരാര്‍ത്ഥി പെട്ടെന്ന് ഒന്ന് ഞെട്ടി. നല്ല ചോദ്യമാണല്ലോ. എങ്ങിനെയൊക്കെ ഷോക്കടിക്കാം‍ എന്ന് അദ്ദേഹം ആലോചിക്കാന്‍ തുടങ്ങി. അവനവന്റെ യുക്തിക്ക് നിരക്കുന്ന ഒരുത്തരം മാത്രം പറഞ്ഞാല്‍ പോരല്ലോ, അത് നാട്ടുകാരും പറയാന്‍ സാധ്യത ഉള്ള ഒന്നായിരിക്കണം. ഈ ചോദ്യത്തിന് ഈ വ്യക്തി ഒരുപാട് സമയം എടുത്തു ഉത്തരം പറയാന്‍. അതിനുശേഷം പറഞ്ഞു “ഇന്‍സുലേക്ഷനില്ലാത്ത വയറില്‍ തൊടുമ്പോള്‍”.

കൊള്ളാം, ഉത്തരം എനിക്കിഷ്ടപ്പെട്ടു. ഞാന്‍ ആലോചിച്ചെടുത്ത ഉത്തരം ഇത്രയും കൃത്യമായിരുന്നില്ല. വൈദ്യുതി ഉള്ള വയറില്‍ തൊടുമ്പോള്‍ എന്നേയുണ്ടായിരുന്നുള്ളൂ. ഫലത്തില്‍ രണ്ടും ഒന്നായി എടുക്കാമോ എന്നറിയില്ല, എടുക്കുമോ എന്ന് നോക്കിക്കളയാം എന്ന് ഞാനും കരുതി.

ഒരിടവേളയ്ക്ക് ശേഷം ഇദ്ദേഹത്തിന്റെ ഉത്തരം എത്ര പേര്‍ പറഞ്ഞു എന്ന് നോക്കപ്പെട്ടു. ഞാന്‍ അത് കണ്ട് തകര്‍ന്നു. ഈ ബുദ്ധിപൂര്‍വ്വമായ ഉത്തരം ആരും പറഞ്ഞില്ല എന്നുമാത്രമല്ല, എറ്റവും കൂടുതല്‍ പേര്‍ പറഞ്ഞ ഉത്തരം “കറണ്ടടിക്കുമ്പോള്‍” എന്നാണെന്ന് കേട്ടിട്ട്.

അവരേയും കുറ്റം പറയാന്‍ പറ്റില്ല. ഉത്തരം ശരിയല്ലേ? കറണ്ടടിക്കുമ്പോള്‍ ആണല്ലോ നമുക്ക് ഷോക്കടിക്കുന്നത്. ഇത് തിരിച്ചായാലും ശരി തന്നെ. ഷോക്കടിക്കുമ്പോഴാണല്ലോ നമുക്ക് കറണ്ടടിക്കുന്നതും. കലക്കന്‍ ചോദ്യവും കലക്കന്‍ ഉത്തരവും, അതിനേക്കാളും കലക്കനായ നൂറ് നാട്ടുകാരും.

വേഗം തന്നെ ഒരു പേന എടുത്ത് ചുമരില്‍ ഈ പരിപാടി സം‌പ്രേക്ഷണം ചെയ്യുന്ന സമയം എഴുതിയിട്ടു. അതിനു മുകളില്‍ വലുതായി ഇങ്ങനേയും എഴുതി. “കണ്ടില്ലെങ്കില്‍ തല്ലിക്കൊല്ലുമെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തിയാലും ശരി, ഈ സമയത്ത് ആരും ഏഷ്യാനെറ്റ് കണ്ട് പോകരുത്.”

ഒട്ടും അമാന്തിച്ചില്ല, ഉടക്കിയ കണ്ണുകള്‍ ഞാന്‍ തിരിച്ചെടുത്ത് ഉടക്കാന്‍ പറ്റിയ മറ്റ് ചാനലുകളിലേക്ക് ഊളിയിട്ടു.
posted by Sreejith K at 2:59 PM | link | 12 comments