ലൊട്ടുലൊടുക്ക്

Sunday, March 04, 2007

ബ്ലോഗ് മോഷണം, എന്റെ പ്രതിഷേധം


വലിയ ബഹളങ്ങളൊന്നുമില്ലാതെയായിരുന്നു യാഹൂ, മലയാളം പോര്‍ട്ടല്‍ തുടങ്ങിയത്. ഗൂഗിളും എം.എസ്.എന്നും ഇന്ത്യന്‍ ഭാഷകളില്‍ താത്പര്യം കാണിച്ച് തുടങ്ങിയതിന്റെ ബാക്കിപത്രമായിരുന്നു യാഹുവിന്റെ ഈ ഉദ്യമം.

എന്നാല്‍ തിടുക്കത്തില്‍ ഈ പോര്‍ട്ടല്‍ ഒരുക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി പല പിഴവുകളും ഈ പോര്‍ട്ടലിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പറ്റുകയുണ്ടായി. അക്ഷരത്തെറ്റുകളും തെറ്റായ ലിങ്കുകളും ഇല്ലാത്ത രീതിയില്‍ പോര്‍ട്ടല്‍ ഒരുക്കേണ്ടത് പ്രൊഫഷണലിസം ഉള്ള ഒരു കമ്പനിയില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നതാണ്. പക്ഷെ അത്തരം അബദ്ധങ്ങള്‍ പോര്‍ട്ടലില്‍ നിറയെ ഉണ്ടായിരുന്നു. അതിനേക്കാള്‍ ഗുരുതരമായ പിഴവും കടന്നുകൂടി പോര്‍ട്ടലില്‍. മലയാളം ബ്ലോഗുകളിലെ പോസ്റ്റുകള്‍ യാഹൂ സ്വന്തം പേജുകളില്‍ നിറയ്ക്കുകയും എല്ലാ പേജുകളിലേതുപോലെ ഇവയിലും കോപ്പിറൈറ്റ് നോട്ടീസ് പതിക്കുകയും ചെയ്തു. അതായത് അവരുടേതല്ലാത്ത ലേഖനങ്ങള്‍ക്കുപോലും അവകാശം അവര്‍ക്കായി. (ഇത് കാലാകാലങ്ങളായി പല അമേരിക്കന്‍ കമ്പനികളും ഇന്ത്യന്‍ ഉത്പന്നങ്ങളില്‍ നടത്തുന്ന കൈയ്യേറ്റത്തിന്റെ ഗണത്തില്‍പ്പെടുത്താം).

സൂര്യഗായത്രി എന്ന ബ്ലോഗറുടെ കറിവേപ്പില എന്ന ബ്ലോഗാണ് മോഷണം പോയവയില്‍ പ്രമുഖം. നളപാചകം എന്ന ബ്ലോഗിലെ കൃതികളും മോഷ്ടിക്കപ്പെട്ടിരുന്നു. ഇതിനെതിരേ സൂ സ്വന്തം ബ്ലോഗില്‍ ഒരു പോസ്റ്റിട്ട് പ്രതികരിച്ചപ്പോള്‍ സൂവിന് സഹായ വാഗ്ദാനങ്ങളുമായും പിന്തുണയുമായും ബ്ലോഗേര്‍സ് കൂടെ അണിനിരന്നു. അതോടെ പ്രതിഷേധം ശക്തമായി.

ഇതാദ്യമായല്ല ബ്ലോഗ് ലോകത്ത് മോഷണം നടക്കുന്നത്. വ്യക്തികള്‍ നടത്തിയ ബ്ലോഗ് മോഷണങ്ങള്‍ (സ്വന്തം ബ്ലോഗില്‍ മറ്റുള്ള ബ്ലോഗില്‍ നിന്ന് എടുത്ത പോസ്റ്റ് ഇടുക) ഫോണ്‍ വിളികളിലൂടെയും കമന്റുകളിലൂടെയും നാം പ്രതിരോധിച്ചു. സൈറ്റുകള്‍ നടത്തിയ മോഷണങ്ങളും (പുഴ.കോം ഒരു ആര്‍ട്ടിക്കിളില്‍ ഇട്ട പോസ്റ്റുകളും ചിന്ത.കോം ലെ അഗ്രഗേറ്റര്‍ പോസ്റ്റ് മുഴുവനായും പോര്‍ട്ടലില്‍ കാണിക്കുന്നതും) കമന്റുകളിലൂടെയും നേരിട്ട് അവരുമായി ബന്ധപ്പെട്ടതും വഴി പരിഹാരം കാണാന്‍ കഴിഞ്ഞു. എന്നാല്‍ ഇത്തവണ പ്രശ്നം സങ്കീര്‍ണ്ണമായിരുന്നു.

യാഹൂ എന്ന ബഹുരാഷ്ട്രക്കുത്തക ആണ് മറുവശത്ത് എന്നതായിരുന്നു അതില്‍ മുഖ്യം. നേരില്‍ അവരുമായി സംവദിക്കുക എളുപ്പമായിരുന്നില്ല. രണ്ടാമത്, ഇതില്‍ ബ്ലോഗേര്‍സും യാഹൂവും അല്ലാതെ മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നതാണ്. വെബ്ദുനിയ എന്ന കണ്ടന്റ് പ്രൊവൈഡേര്‍സായിരുന്നു അത്. യാഹൂവിന്റെ പോര്‍ട്ടലില്‍ വന്ന പോസ്റ്റുകള്‍ മുഴുവന്‍ വെബ്ദുനിയ നല്‍കിയതായിരുന്നു.

മോഷണം ചൂണ്ടിക്കാട്ടി യാഹൂവിന് പരാതി അയച്ചപ്പോള്‍, പോര്‍ട്ടലിന്റെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് വെബ്ദുനിയ ആണെന്നും അവരോട് സംസാരിക്കൂ എന്നുമാണ് പരാതിക്കാര്‍ക്ക് മറുപടി ലഭിച്ചത്. കൂടാതെ തര്‍ക്കവിഷമായ പേജുകള്‍ മുഴുവന്‍ യാഹൂ സ്വന്തം പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. പ്രശ്നത്തെ നിസ്സാരവല്‍ക്കരിച്ചതും ഉത്തരവാധിത്വത്തില്‍ നിന്ന് കൈയ്യൊഴിഞ്ഞതും ബ്ലോഗേര്‍സിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. അതുകൊണ്ട് തന്നെ വെബ്ദുനിയയുമായി യാതൊരു വിധ നീക്കുപോക്കിനും അവര്‍ തയ്യാറായില്ല, വെബ്ദുനിയ പരസ്യമായി മാപ്പ് പറഞ്ഞ് ഉചിതമായ നഷ്ടപരിഹാരം നല്‍കാം എന്ന് പറഞ്ഞിട്ടും.

യാഹൂ പരസ്യമായി മാപ്പ് പറഞ്ഞേ മതിയാകൂ എന്നതാണ് ഇപ്പോള്‍ പ്രതിഷേധക്കാരുടെ നിലപാട്. ഇതില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തരാവില്ലെന്നും, അതു വരെ പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും ഇവര്‍ ആണയിടുന്നു. അതിന്റെ ഭാഗമായി മാര്‍ച്ച് 5-ന് ബ്ലോഗേര്‍സ് മുഴുവന്‍ സ്വന്തം ബ്ലോഗില്‍ യാഹൂവിനെതിരേ പ്രതിഷേധിച്ചുകൊണ്ട് പോസ്റ്റ് ഇടണമെന്നതാണ് ഇവര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഞാനും ഒരു പോസ്റ്റ് ഇവിടെ ഇടുന്നു.

സുഹൃത്തുക്കളുടെ മുന്നില്‍ മാപ്പ് പറയുന്നത് പോലും വലിയ അഭിമാനപ്രശ്നമായി മനുഷ്യര്‍ കാണുന്ന ഇക്കാലത്ത്, യാഹൂ പോലെയുള്ള ഒരു ബഹുരാഷ്ട്ര ഭീമന്‍, കുറച്ച് ബ്ലോഗേര്‍സിന്റെ പ്രതിഷേധത്തിനുമുന്നില്‍ മുട്ട് കുത്തുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം. പകര്‍പ്പവകാശത്തിന് അതീതമായ പാചകക്കുറിപ്പുകളാണ് മോഷ്ടിക്കപ്പെട്ടത് എന്നത് കൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ യാഹൂ തയ്യാറാകുമോ എന്നതും കണ്ടു തന്നെ അറിയണം. നല്ലത് മാത്രം എല്ലാവര്‍ക്കും വരട്ടെ എന്ന് നമുക്കാശിക്കാം.
posted by Sreejith K at 1:35 AM | link | 17 comments

Thursday, March 01, 2007

നിശ്ശബ്ദത


നന്നേ വെളുപ്പിനായിരുന്നു പോലീസ് സ്റ്റേഷനില്‍ ഈ വിളി വന്നത്. കവലയില്‍ നിന്നു ദൂരെ മാറിയുള്ള വലിയ റബ്ബര്‍ തോട്ടത്തിനുള്ളിലെ ഏറെക്കുറേ വിജനമായ ആ പഴയ വീട്ടില്‍, ഒരു മരണം നടന്നിരിക്കുന്നുവത്രേ.

അരമണിക്കൂറിനകം പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും അവിടെ ജനങ്ങള്‍ കൂടിയിരുന്നു. ആ‍ളുകളെ ഒന്നൊതുക്കി പോലീസുകാര്‍ ഇന്‍‌ക്വസ്റ്റിനായി അകത്ത് കയറി. ഫോറന്‍സിക്ക് വിദഗ്ദരും പോലീസ് ശ്വാനസേനയും അവരുടെ കുടെയുണ്ടായിരുന്നു. അകത്ത് കണ്ട രംഗം ആരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു.

കൊല നടന്ന മുറിയില്‍ ശവം വായ പിളര്‍ന്ന് വയറു വീര്‍ത്ത്‌ കണ്ണു തുറന്നു കിടന്നിരുന്നു. തറയില്‍ നാലുപാടും ഭയന്നോടിയ രക്തം. ഈച്ചകള്‍ മൃതദേഹത്തില്‍ തങ്ങളുടെ അന്തിമ പരിചരണം നടത്തിക്കൊണ്ടിരുന്നു.

എല്ലാവരും ജനാലയ്ക്കല്‍ വന്ന് എത്തിനോക്കി, മൂക്കു പൊത്തി മുറ്റത്തേക്ക് മാറിനിന്ന് സ്വകാര്യം പറഞ്ഞു. പ്രഥമവിവരറിപ്പോര്‍ട്ട്‌ തയ്യാറാക്കുന്ന പോലീസുകാര്‍ ശവത്തിനു ചുറ്റും ഒരു ലക്ഷ്മണരേഖ വരച്ചു. അവര്‍ എല്ലാ മുറികളും തുറന്നു നോക്കി, ആരുമുണ്ടായിരുന്നില്ല; ഒന്നും.

അടുക്കളയില്‍ മൂന്നു ദിവസം മുന്‍പ്‌ ബാക്കിയായ ചോറും കറിയും വായ തുറന്നിരിക്കുന്ന ഒരടുപ്പും ഉണ്ടായിരുന്നു. കിടപ്പുമുറിയില്‍ തൂക്കിയിട്ട ഷര്‍ട്ടുകള്‍, വായിച്ചു വച്ച പുസ്തകം, കുത്തിക്കെടുത്തിയ സിഗരറ്റ്‌ എല്ലാം അതേപടി കിടന്നിരുന്നു.

കൊല ചെയ്യപ്പെട്ടവന്‍ ഉപയോഗിച്ചിരുന്ന അലമാരയിലെ കണ്ണാടി അപ്പോഴും പ്രവര്‍ത്തിച്ചിരുന്നു. അതില്‍ പൊലീസുകാരന്റെ മുഖം തെളിഞ്ഞു.

പത്രം,റേഡിയോ,ടെലിവിഷന്‍ ‍,കമ്പ്യൂട്ടര്‍ അത്തരത്തിലൊന്നും അവിടെ കണ്ടില്ല. ചുമരില്‍ ഉപേക്ഷിച്ചു പോയ ബന്ധുക്കളുടെയും അയാളുടെയും കറുപ്പിലും വെളുപ്പിലുമുള്ള ഛായാപടങ്ങള്‍ ഒരേ പോസില്‍ നിശ്ചേഷ്ടരായി തൂങ്ങിക്കിടന്നു. ഒഴിഞ്ഞ കസേരകള്‍ ഒഴിഞ്ഞുതന്നെ കിടന്നു.

മുറികള്‍ക്കുള്ളിലും വീടിനുചുറ്റും വെറുതേ പാഞ്ഞു നടന്ന പൊലീസ്‌ നായ നിരാശയോടെ കുരച്ചു.

അന്വേഷണത്തില്‍ നിന്ന് ഒരു കാര്യം മനസ്സിലായി. അയാള്‍ക്ക്‌ ചങ്ങാതിമാരാരും ഉണ്ടായിരുന്നില്ല. അയല്‍പ്പക്കക്കാര്‍ ആ വീട്ടില്‍ വന്നിരുന്നില്ല. ഒരു പിച്ചക്കാരനാണ് ശവം ആദ്യമായിക്കണ്ടത്. അയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശവം അടക്കം ചെയ്ത്‌ എല്ലാവരും തിരിച്ചു പോയി. സാക്ഷികളും തെളിവുകളുമില്ലാത്തതിനാല്‍ അന്വേഷണം എന്നേക്കുമായി അവസാനിപ്പിച്ചു.

.............................

എല്ലാ മുറികളിലും പതിയിരുന്ന ആര്‍ക്കും പിടി കൊടുക്കാതിരുന്ന വിദഗ്ദ്ധനായ കൊലപാതകി, പിന്നീട് ആ വീട്ടില്‍ തനിച്ചായി: നിശ്ശബ്ദത.

IMPROVISATION of പ്രതിഭാഷ : നിശ്ശബ്ദത

Similar thoughts: വെള്ളാറ്റഞ്ഞൂര്‍ : മലയാളകവിതയുടെ ശവമെടുപ്പ്

Labels:

posted by Sreejith K at 12:07 AM | link | 58 comments