ലൊട്ടുലൊടുക്ക്

Tuesday, August 29, 2006

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രം




ചിത്രത്തില്‍: കരിംചാമുണ്ഡി ക്ഷേത്രം.
സ്ഥലം: വന്‍‌കുളത്ത് വയല്‍, കണ്ണൂര്‍.
ക്ഷേത്രത്തിന്റെ പ്രത്യേകത: സ്ത്രീകള്‍ക്ക് പ്രവേശനമില്ല.

കണ്ണൂരില്‍ ഉഗ്രരൂപികളായ തെയ്യങ്ങള്‍ പ്രതിഷ്ഠയായുള്ള കാവുകളിലും അമ്പലങ്ങളിലും സ്ത്രീകള്‍ക്ക് പൊതുവില്‍ പ്രവേശനമില്ല. ഈ കാവും അത്തരത്തിലൊന്ന് തന്നെ. ഈ കാവില്‍ ഈ വര്‍ഷ തുടക്കത്തിലാണ് ഞാന്‍ പോയത്. കരിംചാമുണ്ഡി എന്നാണ് ഈ കാവിലെ തെയ്യത്തിന്റെ പേര്. മുഖം കറുകറാ കറുപ്പിച്ച്, അതില്‍ വെളുത്ത ചിത്രപ്പണികള്‍ മാത്രം ഉള്ള ഒരു തെയ്യമാണിത്. സാധാരണ തെയ്യങ്ങള്‍ക്ക് മുഖത്ത് പലവിധ വര്‍ണ്ണങ്ങളിലായിരിക്കും‍ ചിത്രപ്പണികള്‍. ഈ തെയ്യം ജീവനുള്ള കോഴിയെ കഴുത്തില്‍ കടിച്ച് കൊന്ന്, ചോര തീയില്‍ ഒഴിക്കുക എന്ന കൃത്യം ചെയ്യുന്നത് കൊണ്ടാകണം ഈ കാവില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത്. മറ്റൊരു പ്രത്യേകത, ഈ തെയ്യം പുലര്‍ച്ചയ്ക്ക് മൂന്ന് മണിക്ക് തുടങ്ങി ഒരു മണിക്കൂറില്‍ തന്നെ അവസാനിക്കുന്ന രീതിയിലേ കൊണ്ടാടാറുള്ളൂ എന്നതാണ്.

***
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമോ എന്നതിനെക്കുറിച്ച്‍ കേസും വക്കാണവും നടന്ന് കൊണ്ടിരിക്കുന്നു. ഇനി എന്നാണ് ഈ കാവില്‍ സ്ത്രീകള്‍ക്കും കൂടി പ്രവേശനം വേണമെന്ന് പറഞ്ഞ് ആരെങ്കിലും കോടതി കയറുന്നതും, പോലീസ് കാവലില്‍ ഇവിടെ തെയ്യം കൊണ്ടാടുന്നതും എന്നാലോചിക്കാവുന്നതാണ്.

ഈ കാവിലെ തെയ്യം കാണാന്‍ പോയ വിവരണം ഇവിടെ.
ചിത്രങ്ങള്‍ ഇവിടെ.

ശബരിമലയില്‍ സ്ത്രീ ആകാമൊ? എന്ന പോസ്റ്റിന് അനുബന്ധം.

Labels:

posted by Sreejith K. at 2:29 PM

3 Comments:

അര്‍ദ്ധനാരീശ്വര രൂപം എന്ന്‌ വായ്‌ തുറന്ന്‌ സ്തുതിക്കുന്ന മാലോകര്‍ക്ക്‌ സ്ത്രീ-പുരുഷ വ്യത്യാസം ആരാധനയിലും കാണാന്‍ കഴിയുന്നു.
മനുഷ്യന്‍ സൃഷ്ടിച്ചതല്ലേ എല്ലാം..
ആര്‌ തിരുത്താന്‍..?
Blogger വര്‍ണ്ണമേഘങ്ങള്‍, at Tue Aug 29, 04:11:00 PM GMT+5:30  
-------------------------------------------------------------
ഇതെനിക്ക് ഭയങ്കരമായി ഇഷ്ടായി ശ്രീജിത്തെ..ആ ഇംഗ്ലീഷില്‍ എഴുതിയേക്കുന്നതും ഇവിടെ മലയാളത്തില്‍ ആക്കാമൊ? ഇങ്ങിനത്തെ ലോക്കല്‍ നുറുങ്ങുകള്‍ എനിക്ക് വളരെ ഇഷ്ടമാണ് വായിക്കാന്‍....നല്ല വിവരം..നന്ദി. ഈ തെയ്യത്തെക്കുറിച്ചും ആ‍ചാരങ്ങളെക്കുറിച്ചും ഇനിയും അറിയാമെങ്കില്‍ എഴുതണെ..
Anonymous Anonymous, at Tue Aug 29, 07:13:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ, എന്റെ വീട്ടിനടുത്തും ഉണ്ട് ഒരു കരിന്ചാമുണ്ടികാവ്.അമ്പലമൊന്നുമില്ല, ഒരു ചെറിയ തറയും, ഒരു വിളക്കും, കുറച്ച് മരങ്ങളും വള്ളിപ്പടര്‍പ്പും മാത്രം. അവിടെ മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ തെയ്യം നറ്റത്താറുണ്ട്. കോഴിക്കുപകരം ആടിന്റെ കഴുത്തറുത്ത് ചോരകുടിക്കും.അതൊരു ഭീകര രംഗമാണ്. എല്ലാവര്‍ക്കും കാണുന്നതിന്നായി സമയത്തില്‍ മാറ്റം വരുത്തി പകലാക്കിയിട്ടുണ്ട്.
Blogger ചുള്ളിക്കാലെ ബാബു, at Sat Sep 30, 04:51:00 PM GMT+5:30  
-------------------------------------------------------------

Add a comment