ലൊട്ടുലൊടുക്ക്

Thursday, March 01, 2007

നിശ്ശബ്ദത


നന്നേ വെളുപ്പിനായിരുന്നു പോലീസ് സ്റ്റേഷനില്‍ ഈ വിളി വന്നത്. കവലയില്‍ നിന്നു ദൂരെ മാറിയുള്ള വലിയ റബ്ബര്‍ തോട്ടത്തിനുള്ളിലെ ഏറെക്കുറേ വിജനമായ ആ പഴയ വീട്ടില്‍, ഒരു മരണം നടന്നിരിക്കുന്നുവത്രേ.

അരമണിക്കൂറിനകം പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും അവിടെ ജനങ്ങള്‍ കൂടിയിരുന്നു. ആ‍ളുകളെ ഒന്നൊതുക്കി പോലീസുകാര്‍ ഇന്‍‌ക്വസ്റ്റിനായി അകത്ത് കയറി. ഫോറന്‍സിക്ക് വിദഗ്ദരും പോലീസ് ശ്വാനസേനയും അവരുടെ കുടെയുണ്ടായിരുന്നു. അകത്ത് കണ്ട രംഗം ആരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു.

കൊല നടന്ന മുറിയില്‍ ശവം വായ പിളര്‍ന്ന് വയറു വീര്‍ത്ത്‌ കണ്ണു തുറന്നു കിടന്നിരുന്നു. തറയില്‍ നാലുപാടും ഭയന്നോടിയ രക്തം. ഈച്ചകള്‍ മൃതദേഹത്തില്‍ തങ്ങളുടെ അന്തിമ പരിചരണം നടത്തിക്കൊണ്ടിരുന്നു.

എല്ലാവരും ജനാലയ്ക്കല്‍ വന്ന് എത്തിനോക്കി, മൂക്കു പൊത്തി മുറ്റത്തേക്ക് മാറിനിന്ന് സ്വകാര്യം പറഞ്ഞു. പ്രഥമവിവരറിപ്പോര്‍ട്ട്‌ തയ്യാറാക്കുന്ന പോലീസുകാര്‍ ശവത്തിനു ചുറ്റും ഒരു ലക്ഷ്മണരേഖ വരച്ചു. അവര്‍ എല്ലാ മുറികളും തുറന്നു നോക്കി, ആരുമുണ്ടായിരുന്നില്ല; ഒന്നും.

അടുക്കളയില്‍ മൂന്നു ദിവസം മുന്‍പ്‌ ബാക്കിയായ ചോറും കറിയും വായ തുറന്നിരിക്കുന്ന ഒരടുപ്പും ഉണ്ടായിരുന്നു. കിടപ്പുമുറിയില്‍ തൂക്കിയിട്ട ഷര്‍ട്ടുകള്‍, വായിച്ചു വച്ച പുസ്തകം, കുത്തിക്കെടുത്തിയ സിഗരറ്റ്‌ എല്ലാം അതേപടി കിടന്നിരുന്നു.

കൊല ചെയ്യപ്പെട്ടവന്‍ ഉപയോഗിച്ചിരുന്ന അലമാരയിലെ കണ്ണാടി അപ്പോഴും പ്രവര്‍ത്തിച്ചിരുന്നു. അതില്‍ പൊലീസുകാരന്റെ മുഖം തെളിഞ്ഞു.

പത്രം,റേഡിയോ,ടെലിവിഷന്‍ ‍,കമ്പ്യൂട്ടര്‍ അത്തരത്തിലൊന്നും അവിടെ കണ്ടില്ല. ചുമരില്‍ ഉപേക്ഷിച്ചു പോയ ബന്ധുക്കളുടെയും അയാളുടെയും കറുപ്പിലും വെളുപ്പിലുമുള്ള ഛായാപടങ്ങള്‍ ഒരേ പോസില്‍ നിശ്ചേഷ്ടരായി തൂങ്ങിക്കിടന്നു. ഒഴിഞ്ഞ കസേരകള്‍ ഒഴിഞ്ഞുതന്നെ കിടന്നു.

മുറികള്‍ക്കുള്ളിലും വീടിനുചുറ്റും വെറുതേ പാഞ്ഞു നടന്ന പൊലീസ്‌ നായ നിരാശയോടെ കുരച്ചു.

അന്വേഷണത്തില്‍ നിന്ന് ഒരു കാര്യം മനസ്സിലായി. അയാള്‍ക്ക്‌ ചങ്ങാതിമാരാരും ഉണ്ടായിരുന്നില്ല. അയല്‍പ്പക്കക്കാര്‍ ആ വീട്ടില്‍ വന്നിരുന്നില്ല. ഒരു പിച്ചക്കാരനാണ് ശവം ആദ്യമായിക്കണ്ടത്. അയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശവം അടക്കം ചെയ്ത്‌ എല്ലാവരും തിരിച്ചു പോയി. സാക്ഷികളും തെളിവുകളുമില്ലാത്തതിനാല്‍ അന്വേഷണം എന്നേക്കുമായി അവസാനിപ്പിച്ചു.

.............................

എല്ലാ മുറികളിലും പതിയിരുന്ന ആര്‍ക്കും പിടി കൊടുക്കാതിരുന്ന വിദഗ്ദ്ധനായ കൊലപാതകി, പിന്നീട് ആ വീട്ടില്‍ തനിച്ചായി: നിശ്ശബ്ദത.

IMPROVISATION of പ്രതിഭാഷ : നിശ്ശബ്ദത

Similar thoughts: വെള്ളാറ്റഞ്ഞൂര്‍ : മലയാളകവിതയുടെ ശവമെടുപ്പ്

Labels:

posted by Sreejith K at 12:07 AM

58 Comments:

കവിതയില്‍ വരികള്‍ക്കിടയിലെ ഒഴിഞ്ഞിടങ്ങള്‍ക്കും ഏറെ പറയാനുണ്ടാവുമെന്ന് മനസ്സിലായി:)
Blogger Resh, at Thu Mar 01, 06:13:00 AM GMT+5:30  
-------------------------------------------------------------
അയാള്‍ തനിച്ചായിരുന്നോ താമസിച്ചിരുന്നത്?
എന്നെപ്പോലെ?

ഒ.ടോ (ഓടടോ? എന്നു പറയല്ലേ! പ്ലീസ്)
ഇതു കവിതയായിരുന്നോ?
Blogger കരീം മാഷ്‌, at Thu Mar 01, 08:29:00 AM GMT+5:30  
-------------------------------------------------------------
നന്നേ വെളുപ്പിനായിരുന്നു പോലീസ് സ്റ്റേഷനില്‍ ഈ വിളി വന്നത്. കവലയില്‍ നിന്നു ദൂരെ മാറിയുള്ള വലിയ റബ്ബര്‍ തോട്ടത്തിനുള്ളിലെ ഏറെക്കുറേ വിജനമായ ആ പഴയ വീട്ടില്‍, ഒരു മരണം നടന്നിരിക്കുന്നുവത്രേ.

അരമണിക്കൂറിനകം പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും അവിടെ ജനങ്ങള്‍ കൂടിയിരുന്നു. ആ‍ളുകളെ ഒന്നൊതുക്കി പോലീസുകാര്‍ ഇന്‍‌ക്വസ്റ്റിനായി അകത്ത് കയറി. ഫോറന്‍സിക്ക് വിദഗ്ദരും പോലീസ് ശ്വാനസേനയും അവരുടെ കുടെയുണ്ടായിരുന്നു. അകത്ത് കണ്ട രംഗം ആരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു


ഇത്രയും ഭാഗം കൂട്ടിച്ചേര്‍ത്തത് കഥയാക്കാനായിരുന്നോ?
അല്ലെങ്കിലും അത് കഥയാണെന്ന വാദം ഞാന അംഗീകരിച്ചേനേ. കവിത എന്നു വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത് എന്നു മാത്രം.

പിന്നെ ഓരിജനല്‍ വര്‍ക്കില്‍ ഇങ്ങനെ ഒരു മോഡിഫികേഷന്‍ വരുത്തി പ്രസിദ്ധീകരിക്കുമ്പോള്‍
എന്നോട് ഒന്ന് പറയാമായിരുന്നു. അതാനല്ലോ മര്യാദ.ശ്രീജിത്തായതു കൊണ്ട് ക്ഷമിച്ചിരിക്കുന്നു.:)

നല്ല ശ്രമം ...
നന്ദി.
Blogger വിഷ്ണു പ്രസാദ്, at Thu Mar 01, 08:49:00 AM GMT+5:30  
-------------------------------------------------------------
ഒറിജിനല്‍ വര്‍ക്ക്..(അക്ഷരത്തെറ്റ്...)
ക്ഷമി.
Blogger വിഷ്ണു പ്രസാദ്, at Thu Mar 01, 08:50:00 AM GMT+5:30  
-------------------------------------------------------------
ലഡുവും കുരുവും വേര്‍‌തിരിക്കാന്‍‌ പഠിക്ക്യ കുട്ട്യെ ആദ്യം!..കേളീന്ദ്രവജ്രയ്ക്കു തതം ജഗം‌ഗം‌ ന്നല്ലേ..,അവസാന പാര ഒന്നൂടെ ഒന്ന് ചിട്ടപ്പെടുത്ത്വ!
;)
Blogger Peelikkutty!!!!!, at Thu Mar 01, 09:27:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ... എന്തുപറ്റീ.... എന്തായാലും വായിക്കുന്നവരെ വട്ടാക്കാനുള്ള നല്ല ഉദ്യമം :-) നന്നായിട്ടുണ്ട്‌...
Blogger സൂര്യോദയം, at Thu Mar 01, 09:30:00 AM GMT+5:30  
-------------------------------------------------------------
വായിച്ചു തുടങ്ങിയപ്പോള്‍ Inserted by പ്രതിഭാഷ എന്നാണ് തോന്നിയത്. വായിച്ചു കഴിഞ്ഞപ്പോഴും. എങ്കിലും നന്നായിട്ടുണ്ട്.
Blogger കുട്ടന്മേനൊന്‍::KM, at Thu Mar 01, 10:14:00 AM GMT+5:30  
-------------------------------------------------------------
ഇതിന്റെ ഉദ്ദേശം എന്തായിരുന്നു ശ്രീജിത്തേ? വേണ്ടിയിരുന്നില്ല കേട്ടോ.

അനുവാദം ചോദിക്കാതെ അപ്പാടെയങ്ങു പകര്‍ത്തിയല്ലേ? ;)
Blogger ഇടിവാള്‍, at Thu Mar 01, 11:37:00 AM GMT+5:30  
-------------------------------------------------------------
അനുവാദം ചോദിക്കുന്നത് ഒരു മര്യാദ ആയിരുന്നു. ബട്ട്, ഞാനതങ്ങ് മറന്നു. അവസാനം യഥാര്‍ത്ഥ കൃതിയിലേയ്ക്ക് ഒരു ലിങ്ക് ഇട്ടാല്‍ മതിയാകുമല്ലോ എന്ന് കരുതി. മോഷണത്തിന് ഇപ്പോള്‍ സിനിമക്കാര്‍ പറയുന്ന വാക്കാണ് INSPIRED by.

വിഷ്ണുമാഷേ, താങ്കള്‍ക്ക് ഈ പോസ്റ്റ് കാരണം എന്തെങ്കിലും തരത്തില്‍ വിഷമമായെങ്കില്‍ ക്ഷമ ചോദിക്കുന്നു. പക്ഷെ താങ്കളുടെ കവിതയിലെ വരികള്‍ തിരിക്കുന്നത് ഒഴിവാക്കിയാല്‍ കവിത എത്ര പെട്ടെന്നാണ് കഥ ആയി മാറുന്നത് എന്ന് മനസ്സിലാക്കിത്തരുകയായിരുന്നു എന്റെ ഉദ്ദേശ്യം. ഗദ്യം വരി തിരിച്ചെഴുതുന്നതാണോ കവിത? ഇത്ര മനോഹരമായ ഒരു ആശയം താങ്കള്‍ കഥ ആക്കുകയും ചെയ്തില്ല, കവിത ആക്കാന്‍ ശ്രമിച്ച് അതും നടന്നില്ല. താങ്കള്‍ക്ക് കഴിവുണ്ട്, ഭാവനയുണ്ട്, പക്ഷെ താങ്കള്‍ക്ക് ചുറ്റും നില്‍ക്കുന്ന സ്ഥായിയായ സ്തുതിപാഠകര്‍ താങ്കളിലെ പ്രതിഭയെ വളര്‍ത്താന്‍ അനുവദിക്കുന്നില്ല എന്നതാണ് സത്യം. ഈ പോസ്റ്റ് താങ്കളുടെ കവിതയ്ക്കുള്ള എന്റെ വിമര്‍ശനമാണ്. വിമര്‍ശനങ്ങള്‍ ആര്‍ക്കും സ്വീകാര്യമാകാറില്ല എന്ന സത്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ പാതകം ചെയ്തത്. എത്ര നാളെന്ന് വച്ച് മിണ്ടാതിരിക്കും!
Blogger ശ്രീജിത്ത്‌ കെ, at Thu Mar 01, 11:59:00 AM GMT+5:30  
-------------------------------------------------------------
വിഷ്ണുമാഷോടുള്ള ആദരവു വെച്ചുകൊണ്ടുതന്നെ പറയട്ടെ, ഈ വരികള്‍ക്കിടയിലൂടെയുള്ള വായന എനിയ്ക്കിഷ്ടപ്പെട്ടു,ശ്രീജിത്ത്‌....

...ഷെഫിയുടെ പോസ്റ്റില്‍ വിമര്‍ശനത്തെപ്പറ്റി പ്രതികരിച്ചു വരുന്ന വഴിയാ....അപ്പഴാ ഇതു കണ്ടത്‌...
Blogger കൊച്ചുഗുപ്തന്‍, at Thu Mar 01, 12:37:00 PM GMT+5:30  
-------------------------------------------------------------
‘പാരഗ്രാഫിനെ മുറിക്കുക, മുറിച്ചതിനെ വീണ്ടും മുറിക്കുക, കുത്തും കോമയും മാറ്റി മറിച്ചിടുക, മറിച്ചതു നിവര്‍ത്തി വയ്ക്കുക, പിന്നെ എല്ലാം തിരിച്ചു് ഒരു മൂടു പടലം സൃഷ്ടീക്കുക. ഇതു പുതു കവിതയുടെ ഒരു പരിണാമ ദിശയാണു്.
സച്ചിദാനന്ദന്‍ തുടങ്ങിയ, ഈ ഫോര്‍മുലാ കവിതകള്‍ ബ്ലോഗിലല്ലാ , മാധ്യമങ്ങളില്‍ പരക്കെ കാണുന്നവയുമാണു്. വൃത്തവും അലങ്കാരവും വര്‍ജ്ജിച്ച പല കവിതകളും(നല്ലതെന്നു കൊട്ടി ഘോഷിക്കപ്പെട്ടതു്)
സൂക്ഷ്മമായി പരിശോധിച്ചാല്‍, എന്തിനു് ഈ ബൂ ലോകത്തു വന്ന പല മികച്ച കവിതകളും ഈ പറഞ്ഞ ഫോര്‍മുലയില്‍ നിന്നും വ്യത്യസ്തമല്ല.
ഇപ്പോള്‍ വിഷ്ണു പ്രസാദെഴുതിയ “നിശ്ശബ്ദതയെ” കോപ്പി ചെയ്തു് അതു കഥയാണൊ എന്നു ചോദിച്ചാല്‍ , എനിക്കു തോന്നുന്നു, അതെ അതു കഥ തന്നെ. കവിതയിലെ കഥ. കഥയില്‍ കവിത ദര്‍‍ശിക്കുന്നവര്‍ക്കു് കവിതയില്‍ കഥയും ദര്‍ശിക്കാം. പക്ഷേ വിമര്‍ശനമായിരുന്നു ലക്ഷ്യമെങ്കില്‍ അതദ്ദേഹത്തിന്‍റെ ബ്ലോഗിലാകാമായിരുന്നോ എന്നൊരു വര്‍ണ്യത്തിലാശങ്ക.
Blogger venu, at Thu Mar 01, 12:56:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ,
ഈ ചെയ്തതിനെ ചെറ്റത്തരമെന്നാണ് പറയുക. വിഷ്ണുമാഷിനെ വിമര്‍ശിക്കണെമെങ്കില്‍ അത് കമന്റിട്ടാവാമായിരുന്നു. അല്ലാതെ ആശയം കട്ട് (ഇന്‍സ്പിരേഷന്‍.. മാങ്ങാത്തൊലി) കഥയാക്കിയിട്ടല്ല. വലിയ പുലിയാണെന്ന് കരുതി ചോദിക്കാനും പറയാനും ആരും വരില്ല എന്ന് കരുതിയോ?
Blogger ദില്‍ബാസുരന്‍, at Thu Mar 01, 01:09:00 PM GMT+5:30  
-------------------------------------------------------------
വലിയ പുലി എന്ന് വിളിച്ചതുകൊണ്ട് മാത്രം ഞാന്‍ ക്ഷമിച്ചു ദില്‍ബാ. വിമര്‍ശനം കമന്റില്‍ മാത്രം ആകണമെന്ന് ഏത് ബ്ലോഗ് സംഹിതയിലാണ് പറഞ്ഞിട്ടുള്ളത്? ഒളിച്ചും പാത്തും കുറ്റം പറഞ്ഞുകൊണ്ട് നടക്കുകയല്ലല്ലോ ചെയ്തത്, കൃത്യമായ ലിങ്ക് ഇട്ടുകൊണ്ട് തന്നെയല്ലേ വിമര്‍ശിച്ചത്? അറിയാതെ എടുക്കുന്നതല്ലേ മോഷണം? സിനിമാവിമര്‍ശനത്തില്‍ ഒരു കഥ പകുതിയിലധികം പറയുമ്പോള്‍ അത് മോഷണമാകുന്നില്ലല്ലോ, ഉവ്വോ
Blogger ശ്രീജിത്ത്‌ കെ, at Thu Mar 01, 01:18:00 PM GMT+5:30  
-------------------------------------------------------------
കട്ടിട്ട് ഒരു മാതിരി യാഹുവിനെ പോലെ ന്യായീകരിക്കരുത് ശ്രീജീ. നിന്നെ മാത്രമല്ല ബ്ലോഗര്‍ ഡോട്ട് കോമിനേയും കോടതി കേറ്റും. ബ്ലോഗറും നീയും തമ്മില്‍ ഡിസ്ക്ലെയികര്‍ കരാറുണ്ട് നീയെഴുതുന്നതിന് ബ്ലോഗര്‍ഡോട്ട്കോം ഉത്തരവാദിയല്ല എന്നൊന്നും പറയണ്ട. അത് ബ്ലോഗര്‍ ഡോട്ട് കോം നേരിട്ട് വന്ന് എന്നോട് പറയാതെ ഞാന്‍ വിശ്വസിക്കില്ല. സാധനം പബ്ലിഷായത് ബ്ലോഗറിന്റെ പേരിലുള്ള ഒരു സൈറ്റിലാണ് അത്രേ എനിക്കറിയണ്ടൂ.

പിന്നെ കേസും കോടതിയുമൊക്കെയായാല്‍ ഓഫീസില്‍ ബ്ലോഗിങ് ചെയ്യുന്നത് പ്രശ്നമാവും ജോലി പോകും എന്നൊന്നും സെന്റിയടിയ്ക്കണ്ട. അതൊന്നും ഞാന്‍ അറിയില്ല. ഇനി ഈ വിഷയത്തില്‍ ചര്‍ച്ച ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വേറെ ഒരു ബ്ലോഗ് തുടങ്ങി കമന്റ് ചര്‍ച്ചയ്ക്കുള്ള ഡേറ്റ് പറയൂ. അല്ലെങ്കില്‍ ഞാന്‍ ബ്ലോഗറ് ഡോട്ട് കോമിലെക്ക് മാര്‍ച്ച് നടത്തി കമ്പനി ഉപരോധിയ്ക്കും, റേഷന്‍ കാര്‍ഡില്‍ മണ്ണെണ്ണ വാങ്ങി തീയും വെയ്ക്കും.
Blogger ദില്‍ബാസുരന്‍, at Thu Mar 01, 01:32:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ പരിഭാഷാ ഇന്‍സ്പെറെഷന്‍ മൊഴി മാറ്റം ഒക്കെ തുടങ്ങാന്‍ തക്കനെ അപ്പീസിലു പണിയില്ല്യാണ്ടേ ആയോ നിനക്ക്‌? 1/2 കിലോ ഉള്ളിയുമായിട്ട്‌ ഇരുന്ന്, അത്‌ ഉരിച്ചാല്‍ വൈകുന്നേരം ആവുമ്പോ സാംബാര്‍ വെച്ചൂടേ? ഇത്രേം ഉത്തരവാദിത്വം എങ്കിലും കാട്ടിക്കുടേ ബാച്ചിയ്യേയ്‌ നിനക്ക്‌? ഇത്‌ ഒക്കെ നിനക്ക്‌ ചേര്‍ന്നതാണോ? .....തീടേ എങ്കില്‍ പോട്ട്‌, പക്ഷെ ഇത്രേം മര്‍മ്മത്ത്‌ കോള്ളുന്ന വാക്കുകള്‍ എഴുതുന്ന എന്ന് പല ആളുകളുടേയും കമന്റുകളില്‍ നിന്ന് ഞാന്‍ മനസ്സില്ലാക്കിയ ഇദ്ദേഹത്തിനോട്‌ ഇത്‌ ചെയ്തത്‌ ശ്രീജിത്തിനു ചേര്‍ന്നില്ല. പക്ഷെ ദില്‍ബു പറഞ്ഞ പോലെ ചെറ്റത്തരമെന്ന് പറയാന്‍ തക്കനെ ഞാന്‍ താഴില്ല, (ദില്‍ബു ശ്രീജിത്തിനെ തന്നെയാണോ ഇത്‌ പറഞ്ഞത്‌?)

പിന്നെ എലി പന്നി പെരുച്ചാഴി എന്നിങ്ങനെയുള്ള വനവാസികള്‍ക്ക്‌ ഉപദ്രവകരമായ ജന്തുക്കളെ പിടിയ്കാന്‍ റേഞ്ച്‌ ആപ്പീസര്‍മാര്‍ ഇറങ്ങുമ്പോ, പുലികള്‍ എങ്ങാനും ആ വലയില്‍ വന്ന് പെട്ടാല്‍ അവയെ തിരികെ കാട്ടിലേയ്ക്‌ തന്നെ വിടണമെന്നാണു നിയമം. നോട്ട്‌ ദിസ്‌ പ്ലീസ്‌. ഇഗ്നോരന്‍സ്‌ ഈസ്‌ നോട്ട്‌ ആന്‍ എക്സ്ക്യൂസ്‌ യൂ സീ...
Blogger അതുല്യ, at Thu Mar 01, 01:43:00 PM GMT+5:30  
-------------------------------------------------------------
ദില്‍ബനളിയളിയളിയാ,

ഞാന്‍ കട്ടിട്ടില്ലളിയാ, ഞാന്‍ ചുമ്മാ പ്രചോദനം കൊണ്ട് മാന്തി ഇവിടെ ഇട്ടിട്ടേ ഉള്ളൂ അളിയാ. ഞാന്‍ മോഷ്ടാവല്ലളിയാ, ഞാന്‍ ബ്ലോഗറിന്റെ മച്ചമ്പിയും അല്ലളിയാ. ഈ കട്ട മുതലിന്റെ, അയ്യോ സോറി, നോക്കിയെടുത്ത മുതലിന്റെ ഉടമസ്ഥാവകാശത്തിനായി ഇനി കോടതി കയറി ഇറങ്ങാന്‍ വയ്യളിയാ. വിടളിയാ.

ഇനി അതല്ല മാര്‍ച്ച്, ഏപ്രില്‍ എന്നൊക്കെ പറഞ്ഞ് റേഷന്‍‌കാര്‍ഡിലെ ഐ.പി വച്ച് എന്റെ ജോലി തെറിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി രണ്ട് ബ്ലോഗിലായി എന്നെ നാലാളെക്കൂട്ടി ചിത്രവധം ചെയ്യാനാണ് പ്ലാനെങ്കില്‍ അതങ്ങ് ദുബായി പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. ഇവിടെ നടക്കില്ല. ജ്സ്റ്റ് ഡിസംബര്‍ ദാറ്റ്.
Blogger ശ്രീജിത്ത്‌ കെ, at Thu Mar 01, 01:46:00 PM GMT+5:30  
-------------------------------------------------------------
എട കള്ളാ നീയാ പാവം വിഷ്ണുമാഷിനെ ഒതുക്കി കളഞ്ഞല്ലോ ... ബ്ലോഗിലെ സിംഗം ആയതിനാല്‍ പാവം മുയലായ വിഷുണുജി പൊറുത്തു
രണ്ടും നന്നായി ട്ടോ ( വിഷ്ണുമാഷിനൊരു വിഷമം അദ്ദേഹത്തിന്‍റെ കവിത അല്ലാതായതിനാലാണന്ന് അദ്ദേഹത്തിന്‍റെ വരികളില്‍ കാണാം )
മണ്ടത്തരങ്ങള്‍ ഇനി ആവര്‍ത്തിക്കരുത് ട്ടോ
ന്നമുടെ ദില്‍ബന്‍ വല്ലതും പറയട്ടെ അതൊന്നും നീ കാര്യാക്കേണ്ട മോന്‍ ഇനിയും മോഷ്ടിച്ചോ അവസാനം ലിങ്കിട്ടാ മതിയല്ലോ (ആരോ ഒരാള്‍ നിന്നോടിത് പറഞ്ഞത് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട് )
Blogger വിചാരം, at Thu Mar 01, 01:50:00 PM GMT+5:30  
-------------------------------------------------------------
അതുല്യച്ചേച്ചീ, ഇനി ഓഫീസില്‍ നിന്ന് ഉള്ളി ഉരിഞ്ഞ് അതോണ്ട് സാമ്പാറുണ്ടാക്കി അത് പോസ്റ്റ് ഇട്ട് ... എനിക്ക് മനസ്സിലാ‍യി ഐഡിയ. അതങ്ങ് കയ്യില്‍ വച്ചാല്‍ മതി. ചേച്ചിയും യാഹൂന്റെ ആളാ? ദില്‍ബൂനെ ചെറ്റ എന്ന് വിളിച്ചത് ഞാന്‍ ക്ഷമിച്ചു, പക്ഷെ മര്‍മ്മത്ത് കൊള്ളുന്ന തരത്തില്‍ എഴുതാന്‍ എനിക്കും അറിയാം ചേച്ചീ. എന്റെ പോസ്റ്റ് വായിച്ച് പലരും ഫോണ്‍ വിളിച്ച് പറഞ്ഞ അഭിപ്രായങ്ങള്‍ എന്റേയും കുറേ മര്‍മ്മത്ത് കൊണ്ടിട്ടുള്ളതാ.
Blogger ശ്രീജിത്ത്‌ കെ, at Thu Mar 01, 01:52:00 PM GMT+5:30  
-------------------------------------------------------------
ചാത്തനേറ്: കള്ളാ പഴയ സംഭവം പിന്നെം ചൂടാകുന്നു എന്ന് കണ്ട് വിഷയം മാറ്റാന്‍ നടത്തിയ ഒരു കളിയല്ലേ മോനേ ദിനേശ് ഇതു..

ദില്‍ബൂ വിട്ട് പിടി.. ക്ലബ്ബില്‍ കൂട്ടത്തല്ലുണ്ടാക്കല്ലാ...

ഫീ‍ീ ഫീ‍ീ... വിസിലു വിളിച്ചതാ പഴയ പോലെ സൌണ്ടൊന്നും വരുന്നില്ലാ
Blogger കുട്ടിച്ചാത്തന്‍, at Thu Mar 01, 01:52:00 PM GMT+5:30  
-------------------------------------------------------------
മോഷണം മോഷണമാണ് ശ്രീജിത്തെ, മോഷ്ടിച്ചിട്ട് ന്യായം (മുടന്തന്‍) പറഞ്ഞ് തടി തപ്പാന്‍ നോക്കണ്ട.

എല്ലാ സപ്പോര്‍ട്ടും ദില്ബനുണ്ട്. പക്ഷെ ദില്‍ബന്‍ സ്റ്റ്ടോങ്ങായി നില്‍ക്കണം. ചാരരുത് അവിടേയും, ഇവിടേയും. അല്ലെങ്കില്‍, മണ്ണും ചാരി നിന്നോന്‍ കോപ്പിറൈറ്റും കൊണ്ടു പോകും.

മോഷണത്തിനെതിരായി, ബൂലോക പോലീസ് സ്റ്റേഷനു മുന്നിലേക്ക് നാളെ രാത്രി പന്തം കൊളുത്തി പ്രകടനമുണ്ടായിരിക്കുന്നതാണ്. അനുകൂലികള്‍, പ്രതികൂലികള്‍, വെറും കൂലികള്‍, എല്ലാവരും പിന്തുണൈ.
Blogger കുറുമാന്‍, at Thu Mar 01, 01:53:00 PM GMT+5:30  
-------------------------------------------------------------
കഥയും കവിതയും എന്താ കൂര്‍ക്കയാണോ മാന്താന്‍?

-ഒരു കഥയില്ലാത്തവന്‍
Blogger Sul | സുല്‍, at Thu Mar 01, 01:55:00 PM GMT+5:30  
-------------------------------------------------------------
You too...
Blogger അത്തിക്കുര്‍ശി, at Thu Mar 01, 01:57:00 PM GMT+5:30  
-------------------------------------------------------------
യൂ റ്റൂ കുറുമാനേ. വെറുമൊരു പ്രചോദനക്കാരനായ എന്നെ എല്ലാവരും ചേര്‍ത്ത് മോഷ്ടാവാക്കിയല്ലോ.

എന്നാലും എനിക്കെതിരേ പ്രതിഷേധിക്കാന്‍ എന്തെല്ലാം മാന്യമായ മാര്‍ഗ്ഗങ്ങളുണ്ട്? എന്നിട്ടും ആ ദില്‍ബനേയും കൂട്ടി മാര്‍ച്ച് പാസ്റ്റ് നടത്തലേ തോന്നിയുള്ളൂ? ദൈവമേ, ലിവന്മാര്‍ പന്തം കൊളുത്തി പ്രകടനം നടത്തുമ്പോള്‍ ഇടി വെട്ടി മഴ പെയ്യണേ.
Blogger ശ്രീജിത്ത്‌ കെ, at Thu Mar 01, 01:59:00 PM GMT+5:30  
-------------------------------------------------------------
അയ്യോ, അത്തിക്കുറിശ്ശിയുടേയും എന്റേയും യൂ റ്റൂ ഒന്നിച്ച് വന്നു. അത് കോപ്പിറൈറ്റ് ലംഘനമാണോ പോലീസേ? (യൂ റ്റൂ എന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞാന്‍ യൂ റ്റ്യൂബ് നു എന്തെങ്കിലും വിരോധമുണ്ടാകുമോ?)
Blogger ശ്രീജിത്ത്‌ കെ, at Thu Mar 01, 02:01:00 PM GMT+5:30  
-------------------------------------------------------------
വിഷ്ണുമാഷിന്റെ ഒരു കവിതക്ക് വക്കാരിയുടെ കമന്റ്.
‘ആദ്യമായിട്ടാണ് ഒരു കവിത വായിച്ചിട്ട് മനസ്സിലായത്.’


ശ്രീജിത്തേ.. സ്നേഹം മാത്രം.

ക. ട്: ഉമ്പാച്ചി.
Blogger ഇടങ്ങള്‍|idangal, at Thu Mar 01, 02:07:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ.. കാര്യം നീ ബാംഗളൂര്‍ ചോര ഒക്കെ തന്നെയ. പക്ഷെ ഇക്കാര്യത്തില്‍ ഞാന്‍ ദില്‍ബനെയേ സപ്പോര്‍ട്ട് ചെയ്യു..കേസിനു പോകുകയാണെങ്കില്‍ ഞാന്‍ ഒരു അടിപൊളി വക്കീലിനെ ഏര്‍പ്പാടാക്കി തരാം ദില്‍ബാ .. ഒരു ഒന്നാന്തരം മാംഗളൂര്‍‌കാരന്‍ കമ്മത്ത്‌

ഓ.ടൊ : ദില്‍ബാ‍.. ഇനി ഇപ്പോ ദേഷ്യം തീര്‍ക്കാന്‍ ശ്രീജിത്തിനെ കിട്ടാഞ്ഞിട്ട്,ദുബായിലെ റോഡില്‍ കൂടെ നടക്കുന്ന ഏതെങ്കിലും ഒരു എക്സ് -ബാംഗളൂര്‍കാരനെ പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചു വിടല്ലെ പ്ലീസ്..

qw_er_ty
Blogger തഥാഗതന്‍, at Thu Mar 01, 02:17:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ, യൂ റ്റൂ, യൂ റ്റൂ, എന്നു പറയുന്നത് തലമുറകളായി പകര്‍ന്നുകിട്ടിയ ഒരു വാക്കാണ്. അതിനെതിരെ യൂ റ്റ്യൂബ് കേസിനുപോയാലും, വിജയിക്കില്ല.

തലമുറകളായി പകര്‍ന്നുകീട്ടിയ ഒരു വാക്ക് യൂ റ്റ്യൂബ് പലതരത്തിലും, ഉദാ യൂ റ്റൂ, യൂ ടൂ, യു ട്ടൂ എന്നോ, മറ്റോ തിരുത്തി എഴുതിയിരിക്കാം. എന്ന് വച്ച് അത് യൂ റ്റ്യൂബിന്റെ ആണെന്നര്‍ത്ഥമില്ല. അവര്‍ക്കതിനവകാശവുമില്ല. തെളിയിക്കാനൊട്ട് സാധിക്കുകയുമില്ല.

അപ്പോ ഗുഡ് ബൈ
Blogger കുറുമാന്‍, at Thu Mar 01, 02:24:00 PM GMT+5:30  
-------------------------------------------------------------
'ശ്രീജി'എന്ന ബഹുരാഷട്ര കുത്തകക്കെതിരെ കേസിനു പോകുന്നവരുടെ ശ്രദ്ധക്ക്‌......ഈ ഒരു തുറന്ന പോസ്റ്റില്‍ നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച്‌ കുത്തകക്ക്‌ കോടതിയില്‍ നമ്മളെ പ്രതിരോധിക്കാന്‍ അവസരം കൊടുക്കരുത്‌.......അതു കൊണ്ട്‌.....ഈ കേസിനെ കുറിച്ച്‌ ഞാന്‍ വ്യക്തമായി പഠിക്കുകയും ..കുറച്ച്‌ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു......ആരെങ്കിലും ഒരു മെയില്‍ അയക്കുകയോ...എന്നെ ചാറ്റ്‌ റൂമില്‍ വന്ന് കാണുകയോ ചെയ്യേണ്ടതാണു...ഈ കുത്തകയേ മുട്ടു കുത്തിക്കാനുള്ള എല്ലാ തെളിവും ഞാന്‍ ശേഖരിച്ചു കഴിഞ്ഞു......[എല്ലാം രഹസ്യമായിരിക്കണം...അല്ലെങ്കി കുത്തക എല്ലാം മനസ്സിലാക്കും]
Blogger sandoz, at Thu Mar 01, 02:27:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ.. കാര്യം നീ ബാംഗളൂര്‍ ചോര ഒക്കെ തന്നെയ.

ഞാന്‍ ബാംഗ്ലൂരില്‍ പാമ്പല്ല പാമ്പാവാറില്ല എന്ന് ശ്രീജി എപ്പഴും പറയും. അപ്പൊ നീ ബാംഗ്ലൂരില്‍ ചേരയാ അല്ലേ ശ്രീജീ? (ബിയര്‍ മാത്രം എന്നാവും വ്യംഗ്യം. ബിയര്‍ ഓസാണോ അതോ ഇത് പോലെ വല്ല ബാറില്‍ നിന്നും ‘പ്രചോദനം’ ലഭിയ്ക്കുന്നതാണോ?) :-)
Blogger ദില്‍ബാസുരന്‍, at Thu Mar 01, 02:38:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ, നമസ്കാരം!
നല്ല വിമര്‍ശനം. വിഷ്ണുവിന്റെ പോസ്റ്റിലും അഭിപ്രായം തുറന്നെഴുതിയത്‌ കണ്ടിരുന്നു.

വിഷ്ണുവിന്റെ ഈ കവിത ഞാന്‍ എഡിറ്റ്‌ ചെയ്തിരുന്നു. ടൈറ്റില്‍ മാറ്റിയതും ഞാനാണ്‌. പിറ്റേന്ന് രാവിലെ ഒന്നുകൂടി നോക്കണമെന്ന് വിചാരിച്ചിരുന്നതാ. പക്ഷേ വിഷ്ണു വീണ്ടും ചില തിരുത്തുകള്‍ വരുത്തി പോസ്റ്റ്‌ ചെയ്തു.

എഡിറ്റ്‌ ചെയ്തപ്പോള്‍ കവിതയുടെ 'സ്പീഡ്‌' ഒന്നു കുറഞ്ഞു. കഥ പോലെ തോന്നിയതിന്‌ അതും ഒരു കാരണമായിരിക്കാം. അങ്ങനെയാണെങ്കില്‍ അതെന്റെയും കൂടി കുഴപ്പമാണ്‌. എഡിറ്റ്‌ ചെയ്യുന്നയാളിന്‌ കവിതയുടെ ക്വാളിറ്റിയ്ക്ക്‌ മേല്‍ യാതൊരു അവകാശവുമില്ല. പക്ഷേ ചില കുഴപ്പങ്ങളുടെയെങ്കിലും ഉത്തരവാദിത്വം ഉണ്ട്‌ താനും.

പിന്നെ, എന്റെ കാഴ്ചപ്പാടില്‍ 'നിശ്ശബ്ദത' ഒരു കവിതയായിത്തന്നെയാണ്‌ നില്‌ക്കുന്നത്‌. വെറും കവിതയല്ല, ഒന്നാംതരം കവിത. (സ്തുതിപാടലല്ല, ആ ഏര്‍പ്പാട്‌ തീരെ വശവുമില്ല.) കാരണം വിശദമായി പറയാനുള്ള കഴിവുമുണ്ട്‌. നീളനൊരു കമന്റെഴുതാനുള്ള സമയമില്ല. വേണമെങ്കില്‍ പിന്നൊരിക്കലാകാം.

ശ്രീജിത്ത്‌ കവിത, കഥ, അവയെ വേര്‍തിരിക്കുന്നതിന്റെ പ്രശ്നം ഇതിനെയൊക്കെ പറ്റി 'സീരിയസ്‌ലി കണ്‍സേണ്‍ഡ്‌' ആണെന്നു തോന്നുന്നല്ലോ. അതു കൊണ്ട്‌ ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്‌', പി. കുഞ്ഞിരാമന്‍ നായരുടെ ചില കവിതകള്‍, വൈലോപ്പിള്ളിയുടെ മിക്കവാറും കവിതകള്‍ ഒക്കെ അങ്ങുമിങ്ങും ചില വ്യത്യാസങ്ങള്‍ വരുത്തി കഥയാക്കി മാറ്റാവുന്നതേയുള്ളു.
ഒരു ഉദാ:
"..ചന്ദ്രനോ? ചിരിച്ചെന്നോ? ഹസിച്ചാള്‍ കുടുംബിനി:
"ചന്ദ്രനെന്നാലീപ്പിള്ളേര്‍ക്കമൃതം വിളമ്പട്ടെ!"..
ഇത്‌,
"ചന്ദ്രനോ? ചിരിച്ചെന്നോ?" ഭാര്യ പരിഹസിച്ചു: "എങ്കില്‍ പിന്നെ ചന്ദ്രന്‍ ഈ പിള്ളേര്‍ക്ക്‌ അമൃത്‌ വിളമ്പിക്കൊടുക്കട്ടെ!"
എന്നു മാറ്റിയെഴുതിയാല്‍ ഒരു കഥാക്കഷണമാകും. ഇങ്ങനെ പലതും ചെയ്യാം.

അതെന്തുമാകട്ടെ, ഓരോരുത്തര്‍ക്കും ഓരോ രീതിയിലുള്ള വാസന (എഴുത്തായാലും വായനയായാലും) എന്നു കരുതിയാല്‍ മതി, ശ്രീജിത്തെ.
Blogger parajithan, at Thu Mar 01, 02:42:00 PM GMT+5:30  
-------------------------------------------------------------
ഞാനിത്‌ ഒരു പുസ്തകാമായിട്ട്‌ ഇറക്കിയാലോ എന്ന് ആലോചിച്ചിരിയ്കുന്നു. അങ്ങനെയെങ്കില്‍ ആദ്യത്തേ എഡിഷന്‍ കവിതയായിട്ടും രണ്ടാമത്തേ എഡിഷന്‍ കഥ ആയിട്ടുമാക്കിയാലോ എന്നും ഗാഡമായി ഗൂഡാലോച്ചിച്ച്‌ വരുന്നു. ആകെ മൊത്തം എത്ര എഡിഷന്‍ വേണം? ഏരിയ തിരിഞ്ഞ്‌ പ്രസാധന കര്‍മ്മം വേണോ?

കുറുമാനേ സൂച്ചിച്ചോ .. ഏത്‌.. ഡി.പി.യി.പി ഐ.പി പോലീസ്‌ പുറകെ യുണ്ട്‌ ട്ടോ...

(യാത്രാ വിവരണവും ഇനി ശ്രീജിത്ത്‌ എടുത്ത്‌ ഒരു കവിതയാക്കില്ല്യാന്ന് ആരു കണ്ടു? എന്റെ കിച്ചടി ഉണ്ടാക്കി കഴിച്ചൂ എന്നറിഞ്ഞതില്‍ ഞാന്‍ തമ്മന്നുവിനു എതിരായിട്ട്‌ ഇപ്പോ വക്കീലിനേ കണ്ടിങ്ങ്‌ പോന്നേയുള്ളു. പരിപ്പ്‌ എന്നൊക്കെ പോയി കടയിലു പറയാമോ? കിച്ചടിയിലു പരിപ്പ്‌ എന്ന് ഞാന്‍ വ്യക്തമായിട്ട്‌ പറഞ്ഞിട്ടുണ്ട്‌. (തമ്മന്നു നാട്ടി പോകുമ്പോ ഒരു പാക്കറ്റ്‌ റ്റാങ്ക്‌ എന്റേം കൂടീ കൊണ്ട്‌ പോണേ....)

സാന്‍ഡോസെ..മെയിലൊന്നും വേണ്ടാന്നേ..ഞാന്‍ റൂമില്‍ വന്ന് കണ്ടോളം ഇങ്ങളേ..(മുറിയ്കകത്തിട്ട്‌ പൂട്ടരുതേ..) അതാ സൗകര്യം മുഴുവനും വിവരം കിട്ടാന്‍. ഇന്നാളു അഗ്രജന്‍ എന്നോട്‌ അപ്പീസ്‌ വിവരം തിരക്കിയപ്പോ ഞാന്‍ പറഞ്ഞു, റബ്ബര്‍ കിന്‍ഡലിനു അമ്പത്തേഴേകാല്‍ രുപ നാല്‍പത്തഞ്ച്‌ പൈസ......
Blogger അതുല്യ, at Thu Mar 01, 02:47:00 PM GMT+5:30  
-------------------------------------------------------------
പരാജിതന്‍, കവിതയേയും കഥയേയും കൃത്യമായി വേര്‍തിരിക്കാന്‍ എളുപ്പമാണെന്ന് ഞാനും കരുതുന്നില്ല. വൃത്തം എന്ന ചട്ടക്കൂടില്‍ ഒതുങ്ങാത്ത പുത്തന്‍ കവിതകള്‍ക്ക് എന്തെങ്കിലും നിര്‍വ്വചനം ഉണ്ടെന്നും ഞാന്‍ കരുതുന്നില്ല.

എങ്കിലും ഒരു വാക്യം മുറിച്ച് നാലഞ്ച് വരിയാക്കിയാല്‍ അത് കവിതയാകുമെന്ന് സമ്മതിച്ചുതരാന്‍ ബുദ്ധിമുട്ടുണ്ട്. വിഷ്ണുമാഷെഴുതിയ നിശബ്ദത എന്ന കവിതയില്‍ വലിയൊരു ആശയമുണ്ട്, ഒഴുക്കുണ്ട്, ചിന്തയുണ്ട്, എന്നുവേണ്ട; ഒരു നല്ല കവിതയ്ക്ക് വേണ്ടതെല്ലാമുണ്ട്. പക്ഷെ അതൊക്കെ വേണ്ട രീതിയില്‍ അടുക്കിപ്പെറുക്കി വയ്ക്കാന്‍ അദ്ദേഹത്തിനാകാതെ പോയി. കൃത്യമായിപ്പറഞ്ഞാല്‍ ആ കവിതയുടെ അകത്ത് ഒരു നല്ല കവിതയുണ്ട്, പക്ഷെ പുറമേ അതൊരു കഥ മാത്രമായിപ്പോയി. പരാജിതന്‍ പറഞ്ഞത് പോലെ ഏത് കവിതയും കഥയാക്കിയെടുക്കാം, പക്ഷെ ഡിലീറ്റ് ബട്ടന്‍ മാത്രം ഉപയോഗിച്ച് ലൈന്‍ ബ്രേക്കുകള്‍ കളഞ്ഞ് ഒരു കവിതയെ കഥയാക്കിയെടുക്കാമെങ്കില്‍, അതിനെ കവിത എന്ന് വിളിക്കാന്‍ പാടുണ്ടോ എന്ന് സംശയം.
Blogger ശ്രീജിത്ത്‌ കെ, at Thu Mar 01, 02:54:00 PM GMT+5:30  
-------------------------------------------------------------
keep writing.
Blogger ചില നേരത്ത്.., at Thu Mar 01, 03:14:00 PM GMT+5:30  
-------------------------------------------------------------
ശ്രീജി.. പ്രചോദനാ...
പ്രചോദനങ്ങള്‍ കൊണ്ട്‌ ഇനിയും പോരട്ടെ..

ദൈവമേ.. 'പ്രചോദനം കൊണ്ട്‌' ഇനി എന്തെല്ലാമാണോ ആവോ ശ്രീബാച്ചി ഒപ്പിക്കാന്‍ പോവുന്നത്‌..??
Blogger കൃഷ്‌ | krish, at Thu Mar 01, 03:19:00 PM GMT+5:30  
-------------------------------------------------------------
കവിത എന്താ?
കഥ എന്താ?
എപ്പോഴാ വാചകങളെ കവിത എന്നു വിളിക്കുക?
കഥ എന്നു വിളിക്കുക?
-എന്തോ കഥ!
എത്ര പ്രാവശ്യം ഇത്തരം ചര്‍ച്ചകള്‍ കണ്ടിരിക്കുന്നു! കേട്ടിരുക്കുന്നു!
ഒരു ദിക്കുലിമെത്തില്ല കൂട്ടരെ, എനിക്കുമറിയില്ല.
വൃത്തവും പോയി ഈണവും പോയി താളവും പോയി കവിതയും പോയി കഥയും പോയി ഗദ്യ കവിതയും പോയി -ഇനി ഇപ്പോ ടെക്സ്റ്റ് അഥവാ പാഠങള്‍ മാത്രം. നാളെ?
-സു-
Blogger -സു- എന്നാല്‍ സുനില്‍|Sunil, at Thu Mar 01, 03:20:00 PM GMT+5:30  
-------------------------------------------------------------
മനസ്സിലാക്കുന്നത്, മനസ്സിലാകാത്തത് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം!
അതില്‍ ഇങ്ങനെ തലയിടേണ്ടതുണ്ടായിരുന്നോ?

വിചാരം said...
കവിതയേക്കാള്‍ അതിനകത്തെ കഥ എനിക്കിഷ്ടായി കഥ കവിതയായും കവിത കഥയായും തീരുന്നൊരു വല്ലാത്ത എഴുത്ത് നന്നായി

പ്രതിഭാഷയിലെ വിചാരത്തിന്റെ കമന്റ് ശ്രീജിത്ത് കണ്ടില്ലേ?

വിഷ്ണുമാഷിന്റെ കവിതയും ഇഷ്ടമായി..ഇതും ഇഷ്ടപ്പെടേണ്ടതു തന്നെ(സ്വതന്ത്ര കൃതിയായിരുന്നെങ്കില്‍!)
Blogger വാവക്കാടന്‍, at Thu Mar 01, 03:20:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തെ,
'നിശ്ശബ്ദത' എന്ന കവിത മുറിച്ച വരികള്‍ ചേര്‍ത്തുവച്ചാലും നല്ലൊരു കഥയാകില്ല. താങ്കള്‍ ചെയ്ത പോലെ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി ഇവിടെ ചെയ്തിരിക്കുന്ന പോലെ എഴുതി വച്ചാലും ഒരു നല്ല കഥയാവില്ല അത്‌. മറിച്ച്‌ വിഷ്ണുവിന്റെ പോസ്റ്റിലെ കവിത 'നല്ല' കവിത തന്നെ. അതാണ്‌ വ്യത്യാസം. (ഇത്‌ എന്റെ അഭിപ്രായം. മറിച്ച്‌ പറയുന്നവരും കാണും.)

വരികള്‍ മുറിക്കുന്നതിന്‌ തീരെ പ്രാധാന്യമില്ലേ? കവിതയുടെ കാര്യം പോട്ടെ. ഗദ്യത്തിലും 'ഇഫക്ട്‌' കൂട്ടാന്‍ വേണ്ടി വരികള്‍ മുറിക്കാറുണ്ടല്ലോ.

'കവിത നമുക്ക്‌ വേണ്ടി പാകപ്പെടുകയല്ല, മറിച്ച്‌ നമ്മള്‍ കവിതയ്ക്കു വേണ്ടി പാകപ്പെടുകയാണ്‌ വേണ്ടതെന്ന് കമലാദാസ്‌ പറഞ്ഞിട്ടുണ്ട്‌. (എന്റെ ഒരു പോസ്റ്റില്‍ ഞാനിത്‌ ക്വോട്ട്‌ ചെയ്തിരുന്നു.) നല്ല രചനകളുടെ കാര്യത്തില്‍ ഇത്‌ തീര്‍ത്തും ശരിയാണ്‌.

ഈയൊരു കോണില്‍ കൂടി വിഷ്ണുവിന്റെ കവിതകളെ നോക്കാം. അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌ വളരെ raw ആയിട്ടാണ്‌. അലങ്കാരവും ഏച്ചുകെട്ടലുമൊക്കെ തീരെ കുറവ്‌. ഒറ്റ നോട്ടത്തില്‍ deceptive ആണ്‌ ആ എഴുത്ത്‌. ആളെഴുതിയ പല കവിതകളും അങ്ങനെ തന്നെ. പക്ഷേ, ആ ഒരു രീതിയില്‍ വളരെ ശക്തിയുള്ള സംവേദനം നടത്തുന്നുണ്ട്‌ ആ കവിതകളെന്നതിനാല്‍ അത്‌ വിഷ്ണുവിന്റെ എഴുത്തിന്റെ സവിശേഷശൈലിയാണെന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌. ചില എഴുത്തുകാര്‍ 'journalistic' ശൈലിയില്‍ fiction എഴുതാറുണ്ടല്ലോ. വെറും ഫിക്ഷനല്ല, ഒന്നാം ക്ലാസ്സ്‌ ഫിക്ഷന്‍.

കുറച്ചു വിശദമായി എഴുതേണ്ട സബ്ജക്ട്‌ ആണ്‌. ഇങ്ങനെയെഴുതിയപ്പോള്‍ clarity കുറവായി തോന്നിയെങ്കില്‍ ക്ഷമിക്കണേ.
Blogger parajithan, at Thu Mar 01, 03:27:00 PM GMT+5:30  
-------------------------------------------------------------
വിഷ്ണുമാഷെ പോട്ട്‌.. ഒന്നൂല്ലെങ്കിലും കവിത വായിച്ചാല്‍ മനസിലാകാത്തവര്‍ക്ക്‌ അതു മനസ്സിലാക്കാന്‍ ശ്രീജി സഹായിച്ചില്ലേ..
(ശ്രീജി ഒന്നു ചോദിച്ചിട്ട്‌ ചെയ്യണമായിരുന്നു അല്ലേ..)

(ഒരു തമശയം - " പ്രവര്‍ത്തിക്കുന്ന കണ്ണാടി " ഇതു വല്ല പുതിയ കണ്ണാടിയോ മറ്റോ ആണോ.. ഇതിനു സ്വിച്ചും കാര്യങ്ങളും ഉണ്ടോ - തമശയം, തമശയം!!)
Blogger കൃഷ്‌ | krish, at Thu Mar 01, 03:29:00 PM GMT+5:30  
-------------------------------------------------------------
നല്ല സംവാദം. “നിശബ്ദത” ഒരു നല്ല കവിത തന്നെ എന്ന അഭിപ്രായക്കാ‍രനാണ് ഞാന്‍. അല്ലെങ്കില്‍ കടമ്മനിട്ടയുടെ “കണ്ണൂര്‍ക്കോട്ട”യെ കഥയെന്നോ ഉപന്യാസമെന്നോ ഒക്കെ പറയേണ്ടി വരും.

വൃത്തത്തിലൊന്നും വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. മലയാളത്തില്‍ പറയാവുന്ന എന്തും ഞാന്‍ 14 അക്ഷരം വീതം വെട്ടിയിട്ട് കേകയിലാക്കിത്തരാം. പക്ഷേ, അത് കവിതയാവില്ലല്ലോ. പദ്യമാകും.

കവിത പിന്നെ എന്താണെന്നു ചോദിച്ചാല്‍ പ്രശ്നമായി. പക്ഷേ, കവിത കണ്ടാല്‍ മനസ്സിലാകുമെന്ന ഹുങ്ക് എനിക്കുണ്ട്. കഥയെന്നാല്‍ ആദിമധ്യാന്തമുള്ള ഒന്നാണെന്നു പറയാം. കവിതയുടെ കാര്യത്തില്‍ അങ്ങനെയൊരു നിര്‍വ്വചനം കൊടുക്കുന്നത് അപൂര്‍ണ്ണമായിരിക്കുമെന്നു തോന്നുന്നു.

നല്ല കഥയില്‍ കവിതയുടെ അംശമുണ്ടാകുമെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. (“ഹിഗ്വിറ്റ“ തുടങ്ങുന്നതും “ഭാസ്ക്കരപട്ടേലരും എന്റെ ജീവിതവും” അവസാനിക്കുന്നതും ഓര്‍മ്മ വരുന്നു.)

എനിക്ക് കവിതയെന്നാല്‍, ചിന്തയെയും വികാരവിചാരങ്ങളെയും ഉദ്ദീപിക്കുന്ന വാക്കുകളുടെ മനോഹരമായ ഒരു അടുക്കി വയ്ക്കല്‍ മാത്രമാണ്; താളം/വൃത്തം തുടങ്ങിയവ extras മാത്രം. ആ നിര്‍മ്മിതിയുടെ അവസാനരൂപം നിശ്ചയിക്കാനുള്ള അവകാശം അതിന്റെ കര്‍ത്താവിനുമാണ്. നമ്മള്‍ക്കത് ഇഷ്ടപ്പെട്ടില്ലെങ്കില്‍, move on to the next.
Blogger t.k. formerly known as തൊമ്മന്‍, at Thu Mar 01, 03:53:00 PM GMT+5:30  
-------------------------------------------------------------
ക്രിഷ്, " പ്രവര്‍ത്തിക്കുന്ന കണ്ണാടി "- ആ വീട്ടില്‍ ആകെയുള്ള പ്രതികരിക്കുന്ന വസ്തു, പ്രതികരിക്കാതിരിക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രം- അത് അയാള്‍ക്ക് മുമ്പേ മരിച്ച പരിസരങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒന്നായാണു തോന്നിയത്.

ഇയാളുടെ മരണം ഡിറ്റക്റ്റീവ് നോവലിലെ കൊലപാതകമല്ല, അവനവനിസത്തില്‍ സ്വയം മരിക്കുന്ന ഒരു പ്രതീകം മാത്രമാണിയാള്‍.
ഇങ്ങനെ വായിക്കുമ്പോള്‍ എനിക്ക് വ്ര്ത്തം തിരയാന്‍ കഴിയുന്നുമില്ല. കഥ/ കവിത അതിരുകള്‍ (ക്രി)ത്യമായി പാലിക്കേണ്ടതുണ്ടോ...
Blogger riz, at Thu Mar 01, 04:04:00 PM GMT+5:30  
-------------------------------------------------------------
മിസ്റ്റര്‍ ശ്രീജിത്ത് നമ്മള്‍ക്കിതിനെ “കവിഥ“ എന്നു വിളിച്ചാലോ? താങ്കളുടെ ആ ബൌദ്ധികപരമായ പ്രശ്നം പരിഹരിക്കപ്പെടുമോ..

(വിഷ്ണുമാഷേ ഞാനീ പോസ്റ്റ് മാത്രം നോക്കിയാ പറേണതെ...)
Blogger കുട്ടിച്ചാത്തന്‍, at Thu Mar 01, 04:23:00 PM GMT+5:30  
-------------------------------------------------------------
ഇതേ ഇതിവൃത്തമുള്ള ഒരു കഥ പണ്ട് സക്കറിയ എഴുതിയിട്ടുണ്ട്. വിശദാംശങ്ങള്‍ പിന്നീട് ഉദ്ധരിക്കാം. പുസ്തകം തപ്പിയെടുക്കട്ടെ.മരണം നടന്ന ഒരു വീട്ടില്‍ മഹസ്സര്‍ തയ്യാറാക്കാന്‍ പോലിസുകാരനെത്തുകയും ഇവിടെ പറഞ്ഞ രീതിയിലുള്ള ഒരു അനുഭവം വിശദീകരിക്കുകയുമാണ്‍ കഥ. അപ്പോള്‍ വിഷ്ണുപ്രസാദും 'INSPIRED' ആയിരിക്കുമോ...:)
Blogger കേരളീയന്‍, at Thu Mar 01, 04:38:00 PM GMT+5:30  
-------------------------------------------------------------
കേരളീയാ,
സക്കറിയയുടെ പുസ്തകം ദാ തപ്പിയെടുത്തു.
'പുലര്‍ച്ചക്കൊരു മഹസ്സര്‍' എന്ന കഥയാണോ താങ്കളുദ്ദേശിച്ചത്‌? അതും ഈ കവിതയും തമ്മില്‍ (സര്‍ഗ്ഗസൃഷ്ടികളെന്ന നിലയ്ക്ക്‌) യാതൊരു സാമ്യവുമില്ല.
പിന്നെ, ഇവിടെ കൊടുത്തിരിക്കുന്ന കഥയില്‍ "നന്നേ വെളുപ്പിന്‌.." എന്നൊക്കെ ശ്രീജിത്ത്‌ എഴുതിച്ചേര്‍ത്തതാണേ. കവിതയിലതൊന്നുമില്ല.
Blogger parajithan, at Thu Mar 01, 04:58:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്ത്, ഞാനിപ്പോഴാണ് വന്നത്.ഇത് ഒരു ചര്‍ച്ചയായിമാറിയതില്‍ സന്തോഷിക്കുന്നു.ഞാന്‍ മുന്‍പ് കഥകള്‍ എഴുതിയിട്ടുണ്ട്.കഥയെഴുത്തിനെ സംബന്ധിച്ച് എനിക്ക് ചില സങ്കല്പങ്ങളുമുണ്ട്.അതിനോട് യോജിക്കുന്നതായിരുന്നില്ല ഇത്.

അവസാനവരികള്‍ അര്‍ഥഗര്‍ഭമാക്കുന്നുവെന്ന് ശ്രീജിത്ത് തന്നെ പറഞ്ഞല്ലോ.അതു തന്നെയാണ് അതുവരെയുള്ള വരികളെ കവിതയാക്കുന്നത്.


കേരളീയന്‍ പറഞ്ഞത് എനിക്ക് പുതിയ അറിവാണ്.ഞാനങ്ങനെയൊന്ന് വായിച്ചിട്ടില്ല.ഇതിനര്‍ത്ഥം ഞാന്‍ സക്കറിയയുടെ എല്ലാ കൃതികളും വായിച്ചിട്ടുണ്ട് എന്നല്ല.എന്റെ വായന വളരെ പരിമിതമാണ്.ഞാന്‍ സക്കറിയയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടൊന്നുമല്ല ഇതെഴുതിയത് .

ഏതായാലും ആ കൃതി ഒന്ന് വായിക്കണമെന്നുണ്ട്.കേരളീയന്‍ അത് ബ്ലോഗില്‍ പോസ്റ്റുമല്ലോ.
Blogger വിഷ്ണു പ്രസാദ്, at Thu Mar 01, 05:09:00 PM GMT+5:30  
-------------------------------------------------------------
രാവിലെ വന്നപ്പോള്‍ കമന്‍ റണം എന്നു കരുതിയതാ. എഴുതി വന്നപ്പോള്‍ കറന്‍റ് പോയി. പിന്നെ വീണ്ടും തപ്പി പിടിച്ചെഴുതാന്‍ സമയം കിട്ടിയില്ല.

നിശ്ശബ്ദത ശ്രീജിത്തിന്‍ റെ കഥ (കവിത യുക്കുള്ള മറുപടിയെന്നൊ, തട്ടെന്നൊ വിളിക്കാം) മനോഹരം.

ഞാനാണെങ്കില്‍ ഒരാളുടെ ലേഖനത്തിന് മറുകുറി കഥയായി പറഞ്ഞതിന്‍ റെ പരിക്ക് ഇതു വരെ തീര്‍ന്നിട്ടില്ല.

വിഷ്ണു പ്രസാദ് എഴുതിയ ഏറ്റവും മോശം കവിതകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന വളരെ മോശം എന്നുതന്നെ പറയാവുന്ന ഒരു കവിതയായിട്ടാണ് അത് തോന്നിയത്.

എന്നാല്‍
ഇന്ന് മലയാള കവിതാ സാഹിത്യത്തില്‍ മഹാരഥന്മാര്‍ എന്നു കൊട്ടിഘോഷിക്കുന്നവരെ വിറപ്പിക്കുന്ന കവിതകള്‍ എഴുതിയിട്ടുണ്ട് വിഷ്ണു മാഷ് എന്നു പറയാന്‍ എനിക്ക് സന്തോഷമുണ്ട്.

തൊമ്മന്‍ ചേട്ടന്‍ പറയുന്നത് കേള്‍ക്കൂ
“കണ്ണൂര്‍ക്കോട്ട”യെ കഥയെന്നോ ഉപന്യാസമെന്നോ ഒക്കെ പറയേണ്ടി വരും.“

കുറത്തിയെഴുതിയ കടമ്മനിട്ടയുടെ കണ്ണൂര്‍കോട്ട മോശമെന്ന് പറയണമെങ്കില്‍ വിളിച്ചു പറയണം. അല്ലാതെ കടമ്മനിട്ട എഴുതിയതു കൊണ്ട് മഹത്തരം എന്നു പറയേണ്ടുന്ന കാര്യമില്ല വായനക്കാരന്.

തൊമ്മന്‍ ചേട്ടനോട് ചില കാര്യങ്ങളില്‍ വിയോജിപുണ്ട് കേട്ടോ...

“കഥയെന്നാല്‍ ആദിമധ്യാന്തമുള്ള ഒന്നാണെന്നു പറയാം. കവിതയുടെ കാര്യത്തില്‍ അങ്ങനെയൊരു നിര്‍വ്വചനം കൊടുക്കുന്നത് അപൂര്‍ണ്ണമായിരിക്കുമെന്നു തോന്നുന്നു.“

കഥയെ എന്താ എളുപ്പത്തില്‍ നിര്‍വ്വചിക്കാന്‍പറ്റുന്ന കഷായമാണെന്ന് ധരിക്കരുത്. കഥയ്ക്ക് ആദിമധ്യാന്ത പൊരുത്തം വേണമെന്ന് ആരാ പറഞ്ഞത്?? കഥയില്‍ കഥ ഉണ്ടായിരിക്കണം എന്ന് മാത്രം നിര്‍ബന്ധം.

ഒറ്റവരി കഥയെഴുതിയ ആളെ നമുക്കറിയാം.
അങ്ങിനെ വരുമ്പോള്‍ കഥയിലെവിടെയാ ആദിയും മധ്യവും??
പിന്നെ
“താളം/വൃത്തം തുടങ്ങിയവ extras മാത്രം.“
അതെന്താ മാഷേ.. അങ്ങിനെ?? കവിതയില്‍ താളമില്ലെങ്കില്‍ പിന്നെ അതെങ്ങിനെ കവിതയാകും?? വൃത്തമില്ലാതെ കവിതയെഴുതാം എന്നാല്‍ അതിന് മിനിമം ഒരു താളമെങ്കിലുമുണ്ടായിരിക്കണം.
എന്തു കൊണ്ടു വൃത്തം വേണമെന്നില്ലെന്ന് പറയുന്നു??
കാരണം നമ്മളെല്ലാവരും സംസാരിക്കുന്നത് വൃത്തത്തിലാണൊ?? അല്ലല്ലൊ? എന്നാല്‍ താങ്കളുടെയും എന്‍ റെയും സംസാരത്തില്‍ ഒരു താളമുണ്ട് എന്നതില്‍ തര്‍ക്കമുണ്ടൊ???
പരാജിതനോട് ഒരു സംശയം
“എഡിറ്റ്‌ ചെയ്തപ്പോള്‍ കവിതയുടെ 'സ്പീഡ്‌' ഒന്നു കുറഞ്ഞു’ എന്നു പറയുന്നു. എന്തോ എനിക്ക് മനസ്സിലായില്ല. വിശദീകരിക്കുമൊ??

ശ്രീജിത്ത് കീപ്പ് ഇറ്റ് അപ്പ്.

വിഷ്ണുമാഷിന് ദേഷ്യം തോന്നരുത്. പ്ലീസ്...

തൊമ്മന്‍ ചേട്ടാ.. ഒരു ചര്‍ച്ചയ്ക്ക് ആരെങ്കിലും തയ്യാറകുമെങ്കില്‍ നല്ലതല്ലേ.. അതു കൊണ്ട് ഞാന്‍ പറഞ്ഞുവെന്ന് മാത്രം. വ്യക്തിഹത്യ യൊന്നും ഞാന്‍ പറഞ്ഞില്ലെ കേട്ടോ.... തെറ്റിദ്ധരിക്കരുത്.
Blogger രാജു ഇരിങ്ങല്‍, at Thu Mar 01, 05:33:00 PM GMT+5:30  
-------------------------------------------------------------
This comment has been removed by the author.
Blogger സങ്കുചിത മനസ്കന്‍, at Thu Mar 01, 05:59:00 PM GMT+5:30  
-------------------------------------------------------------
എനിക്ക് കവിതയെന്നാല്‍, ചിന്തയെയും വികാരവിചാരങ്ങളെയും ഉദ്ദീപിക്കുന്ന വാക്കുകളുടെ മനോഹരമായ ഒരു അടുക്കി വയ്ക്കല്‍ മാത്രമാണ്; താളം/വൃത്തം തുടങ്ങിയവ extras മാത്രം. ആ നിര്‍മ്മിതിയുടെ അവസാനരൂപം നിശ്ചയിക്കാനുള്ള അവകാശം അതിന്റെ കര്‍ത്താവിനുമാണ്. നമ്മള്‍ക്കത് ഇഷ്ടപ്പെട്ടില്ലെങ്കില്‍, move on to the next.

ഫോറ്മേര്‍ലി തൊമ്മേട്ടാ‍... തംസ് അപ്പ്!
Blogger സങ്കുചിത മനസ്കന്‍, at Thu Mar 01, 06:02:00 PM GMT+5:30  
-------------------------------------------------------------
എന്തരഡേയ് യിത്? അമ്പകൊള്ളേണ്ട കേസ്സാന്നാ ആദ്യം തോന്നിയേ...ഇപ്പൊ എന്തായാലും അതിന്‍റാവശ്യമുണ്ടെന്ന് തോന്നണീല്ല...
ആസ്വാദകരുടെ ആസ്വാദനം പോലിരിക്കും; അവിടാ കിഴങ്ങ്!
Blogger പച്ചാളം : pachalam, at Thu Mar 01, 06:07:00 PM GMT+5:30  
-------------------------------------------------------------
സിനിമാവിമര്‍ശനത്തില്‍ ഒരു കഥ പകുതിയിലധികം പറയുമ്പോള്‍ അത് മോഷണമാകുന്നില്ലല്ലോ, ഉവ്വോ - ഹെന്‍റമ്മേ എനിക്കിട്ടും കൊട്ട്! ( സ്കെച്ചിലിട്ട കമന്‍റുമായി ചേര്‍ത്തു വായിച്ചതാണേ...)

ഞാന്‍ രണ്ടും വായിച്ചൂട്ടോ, എനിക്കു തോന്നിയത് ഇത് കഥയായും വായിക്കാം അത് കവിതയായും വായിക്കാം. അതിന്‍റെ രൂപത്തിന് എന്ത് പേരുകൊടുക്കുന്നു എന്നതിലല്ലല്ലോ, ആശയമല്ലേ ശരിക്കും പ്രസക്തം? എല്ലാം നല്ലതിന്. :)
--
Blogger Haree | ഹരീ, at Thu Mar 01, 06:58:00 PM GMT+5:30  
-------------------------------------------------------------
പരീക്ഷണം നല്ലതുതന്നെ സ്രീജിത്‌. വിമര്‍ശനവും.
Blogger chithrakaran, at Thu Mar 01, 07:18:00 PM GMT+5:30  
-------------------------------------------------------------
അതു തന്നെ വിഷ്ണുപ്രസാദ്, “പുലര്‍ച്ചക്ക് ഒരു മഹസ്സര്‍“ - മലയാള നാട്, 1977 -ല്‍ പ്രസിദ്ധീകരിച്ച കഥ. സക്കറിയയുടെ കഥകള്‍ എന്ന പുതിയ സമാഹാരത്തിലുണ്ട്.
Blogger കേരളീയന്‍, at Thu Mar 01, 08:42:00 PM GMT+5:30  
-------------------------------------------------------------
കേരളീയാ,ഞാനത് വായിച്ചിട്ടില്ല.1977ല്‍ എനിക്ക് 4 വയസ്സേയുള്ളൂ.ഈ പറഞ്ഞ സമാഹാരവും എനിക്ക് വായിക്കാന്‍ കിട്ടിയിട്ടില്ല.ഹരി ഇവിടെയിട്ട കമന്റിലാണ് അതിന്റെ പേരു തന്നെ കാണുന്നത്.

ശ്രീജിത്ത്,എന്നെ തല്ലിയത് നന്നായി.ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലീ സ്തുതിപാഠകര്‍ എനിക്കെത്രയുണ്ടെന്ന്.നൂറാമത്തെ പോസ്റ്റിട്ട് എന്റെ ബ്ലോഗില്‍ ഒന്ന് പോയി നോക്കുന്നത് നന്ന്.അതില്‍ ഒരു പോസ്റ്റിനു ചുവട്ടിലും 50ല്‍ അധികം കമന്റുകള്‍ കാണില്ല.മനസ്സിലായല്ലോ സ്തുതി പാഠകരുടെ എണ്ണം.
Blogger വിഷ്ണു പ്രസാദ്, at Thu Mar 01, 09:23:00 PM GMT+5:30  
-------------------------------------------------------------
ഇരിങ്ങലേ,
വൈകിട്ടു തിരക്കിട്ടു കമന്റിട്ടിട്ട്‌ ഓഫീസില്‍ പോയതാ. പിന്നീട്‌ ഇപ്പോഴാ സമയം കിട്ടിയേ.

സ്പീഡ്‌ എന്നെഴുതിയത്‌ 'ചടുലത' എന്നെഴുതുന്നതിനു പകരമാണ്‌. കമന്റ്‌ സ്പീഡിലെഴുതാന്‍ വേണ്ടി ചെയ്തതാണ്‌. ഇനിയിപ്പോള്‍, ഭാഷയ്ക്ക്‌ ചടുലതയുണ്ടോ, അതറിയാന്‍ പ്രിക്കോളിന്റെ സ്പീഡോ മീറ്ററാണോ അതോ വല്ല ഇമ്പോര്‍ട്ടഡ്‌ സാധനമാണോ ഉപയോഗിക്കുന്നതെന്നൊന്നും ആരും ചോദിക്കല്ലേ! :)

ഞാന്‍ വിഷ്ണുവിന്റെ തന്നെ ചില കവിതകള്‍ എനിക്കിഷ്ടപ്പെട്ടിട്ടില്ല എന്നു പറഞ്ഞിട്ടുണ്ട്‌. "മഹാമോശം!", "എന്തോ ന്യൂനതയുണ്ട്‌!" എന്ന ലൈനിലല്ല. കാര്യകാരണസഹിതം. അതേപ്പറ്റി ചോദ്യം ചോദിച്ചാല്‍ കൃത്യമായി ഉത്തരവും പറയും. അല്ലെങ്കില്‍ ആ പണിക്കു പോകില്ല.

അതേ പോലെ, 'കണ്ണൂര്‍ക്കോട്ട' കടമ്മനിട്ടയുടെ വളരെ മികച്ച ഒരു കവിതയാണെന്നാണ്‌ എന്റെ അഭിപ്രായം. 'കുറത്തി'യിലേതിനെക്കാള്‍ ആഴമുള്ള, ദാര്‍ശനികഭംഗിയുള്ള ഒരു വശമുണ്ട്‌ ആ കവിതയ്ക്ക്‌. പിന്നെ, ബാറുകളില്‍ കള്ളടിച്ചു പാടാന്‍ പറ്റില്ലാന്നൊരു ന്യൂനതയുണ്ട്‌. അതിന്‌ കടമ്മനിട്ട എഴുതിയ പലതും വേറെയുണ്ടല്ലോ. പോരെങ്കില്‍ മധുസൂധനന്‍ നായരുണ്ട്‌. വയലാറിന്റെ കവിത പരിഷ്കരിച്ച്‌
"അച്ഛനടിച്ചു ഫിറ്റായിക്കിടക്കുന്നു നിശ്ചലം!.."
എന്നു പാരഡിയുണ്ടാക്കി പാടുന്ന വിരുതന്മാരും കാണും.
("പന്ത്രണ്ടു മക്കളെ വിറ്റൊരമ്മേ,
നിന്റെ മക്കളില്‍ ഞാനാണു ലാഭം!"
എന്നൊരു പാരഡി കേട്ടിട്ടുണ്ട്‌. കവി എ. അയ്യപ്പന്‍ ഇറക്കിയതാണെന്നു ചില ദുഷ്ടന്മാര്‍ പറയുന്നു. :))

കേരളീയാ, ചോദ്യം ചോദിച്ചത്‌ ഞാനായിരുന്നു. അതു തന്നെ കഥ എന്നു മനസ്സിലായി. എന്നിട്ട്‌? (ആദ്യത്തെ കമന്റിലൊരു ചിരി കണ്ടിരുന്നു, അതു കൊണ്ട്‌ ചോദിച്ചതാ. :))
Blogger parajithan, at Thu Mar 01, 11:39:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്ത്:
എന്താണു് സുഹൃത്തെ താങ്കള്‍ ഈ ചെയ്തത്?

ഒരു കൃതി adapt ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ കര്ത്താവിനോടു ചോദിക്കണം എന്ന moral responsibility എങ്കിലും കാണിക്കെണ്ടായിരുനോ.

എന്തായാലും വെറുതെ ഒരു link കൊടുത്താല്‍ അതു ക്രിതിയും ചുമ്മാ അങ്ങ് copy ചെയ്യാം എന്നുള്ളതല്ല അതിന്റെ ശരി.

മോഷണത്തിന് ഇപ്പോള്‍ സിനിമക്കാര്‍ പറയുന്ന വാക്കാണ് INSPIRED by.

എഴുത്തുകാരുടെ ധാര്‍മ്മിക ഭോധം കണ്ടാണു് സിനിമാക്കാര്‍ പഠിക്കേണ്ടത്. കാരണം സിനിമകളുടെ മൂലാധാരം എഴുത്തില്‍ നിന്നുത്ഭവിക്ക ഒന്നാണു. ആ വ്യവസ്ഥിധി തിരിച്ചിട്ടാല്‍ ശരി ആകുമോ? എല്ലം കൊളമായി പോവുല്ലെ?

തെറ്റു മനസിലാക്കി, അതെല്ലാം തിരുത്ത്, വീണ്ടും സ്വന്തം സൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും എന്നു ആഗ്രഹിച്ചുകോണ്ടു. സ്വന്തം

കൈപ്പള്ളി.
Blogger കൈപ്പള്ളി, at Fri Mar 02, 12:17:00 PM GMT+5:30  
-------------------------------------------------------------
രാജു,
കടമ്മനിട്ടയുടെ “കണ്ണൂര്‍ക്കോട്ട” എനിക്കിഷ്ടപ്പെട്ട കവിതകളിലൊന്നായതിനാലാണ് അതിന്നെക്കുറിച്ചിവിടെ പറഞ്ഞത്; അദ്ദേഹത്തിന്റെ മറ്റു കവിതകളില്‍ നിന്ന് വ്യത്യസ്തമായി വലിയ താളമൊന്നും ആ കവിതയില്‍ ഇല്ലാത്തതുകൊണ്ടും. എനിക്ക് വലിയ പ്രതിപത്തിയില്ലാത്ത അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണത്തില്‍ നിന്നാണ് “കുറത്തി” വരുന്നത്.

ഒരു വാചകത്തില്‍ എഴുതിയ കഥ കാണാന്‍ താല്പര്യമുണ്ട്.

കവിതയെക്കുറിച്ച് എന്റെ അഭിപ്രായം വ്യത്യസ്തമാണെന്ന് ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ചിലപ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു നിര്‍വ്വചനത്തിലൊതുങ്ങാത്ത സങ്കീര്‍ണ്ണതയായിരിക്കും കവിതയുടെ ഒരു ആകര്‍ഷണീയത.
Blogger t.k. formerly known as തൊമ്മന്‍, at Fri Mar 02, 12:25:00 PM GMT+5:30  
-------------------------------------------------------------
വീണ്ടും വീണ്ടും ഈ പോസ്റ്റ് ഒരു മോഷണം എന്ന രീതിയില്‍ ചിത്രീകരിച്ച് കാണുന്നതില്‍ വിഷമമുണ്ട്. അതുകൊണ്ട് INSPIRED by എന്നത് IMPROVISATION of എന്നാക്കി തിരുത്തിയിട്ടുണ്ട്. (ഗുണമുണ്ടാകുമോ എന്തോ).

എങ്കിലും പ്രതീക്ഷിച്ചപോലെ ഇതൊരു ചര്‍ച്ചയായി ഇടയ്ക്കെങ്കിലും വന്നത് സമാധാനം. പലതും മനസ്സിലാക്കാനും പുതിയ കാഴ്ച്ചപ്പാടുകള്‍ ഉണ്ടാകാനും അവ സഹായിച്ചിട്ടുണ്ട്, ചുരുങ്ങിയ പക്ഷം എനിക്കെങ്കിലും. വിഷ്ണുമാഷിന് എന്നോടുള്ള വിരോധം മാറിയോ എന്ന്‍ സംശയം. ബ്ലോഗര്‍മാരുടെ ഇടയില്‍ പത്ത് പേരോട് ഒരു ബ്ലോഗര്‍ കവിയുടെ പേരു പറയാന്‍ പറഞ്ഞാല്‍ അഞ്ചിലധികം പേര് വിഷ്ണുമാഷിന്റെ പേരു പറയുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് താങ്കളുടെ കൃതികള്‍ വിമര്‍ശനവിധേയമാക്കിയത്. താങ്കളില്‍ നിന്ന് ആളുകള്‍ അത്രയധികം പ്രതീക്ഷിക്കുമ്പോള്‍ താങ്കള്‍ അതിനൊത്ത് ഉയരുകയും വേണമല്ലോ.

എല്ലാവര്‍ക്കും നന്ദി.
Blogger ശ്രീജിത്ത്‌ കെ, at Sat Mar 03, 11:27:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ, സംഭവം കൊള്ളാം.
Blogger കലേഷ്‌ കുമാര്‍, at Sat Mar 03, 03:03:00 PM GMT+5:30  
-------------------------------------------------------------
* കവിതകളെ കവിതകളായും കഥകളെ കഥകളായും എഴുതാനുള്ള തിരിച്ചറിവ് എല്ലാ ബ്ലോഗര്‍മാര്‍ക്കുമുണ്ടാകട്ടെ.
* കവിതകളെഴുതാനറിയുന്നവര്‍ തുടര്‍ന്നും നല്ല കവിതകള്‍ എഴുതട്ടെ.
* കഥകളെഴുതാനറിയുന്നവര്‍ തുടര്‍ന്നും നല്ല കഥകള്‍ എഴുതട്ടെ.
* പ്രചോദനമുള്‍ക്കൊണ്ട് എഴുതുന്നവര്‍ ‘മൂല’പോസ്റ്റിന്‍‌റ്റെ സൃഷ്ടികര്‍ത്താവിനോട് അനുവാദം വാങ്ങിയതിനു ശേഷം അത് ചെയ്യട്ടെ.

അടിപിടി അവസാനിച്ചതില്‍ (അവസാനിച്ചല്ലോ,അല്ലേ?) വളരെ സന്തോഷിക്കുന്നു.സസ്നേഹം
ദൃശ്യന്‍
Blogger ദൃശ്യന്‍, at Wed Mar 07, 06:57:00 PM GMT+5:30  
-------------------------------------------------------------

Add a comment