ലൊട്ടുലൊടുക്ക്

Wednesday, October 18, 2006

വാഹനാപകടവും കിവദന്തിയും


ബാംഗ്ലൂര്‍: നിയന്ത്രണം വിട്ട ബി.എം.ടി.സി(ബാംഗ്ലൂര്‍ മെട്രോപ്പോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) വക ബസ്സ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി ആളുകള്‍ മരിച്ചതായി വാര്‍ത്ത.
മാതൃഭൂമി വാര്‍ത്ത

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ടത് പുതുതായി നിരത്തിലിറക്കിയ വോള്‍വോ ബസ്സാണെന്നത് സംഭവത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിച്ചു. വാര്‍ത്ത കാട്ടുതീ പോലെ ബാംഗ്ലൂര്‍ നഗരത്തില്‍ പരന്നു. സംഭവം നടന്നത് തിരക്കേറിയ എയര്‍പ്പോര്‍ട്ട് റോഡില്‍ ആണെന്നതും വാര്‍ത്ത പെട്ടെന്ന് പടരാന്‍ കാരണമായി. എയര്‍പ്പോര്‍ട്ട് റോഡില്‍ ഗതാഗതം തടസ്സപ്പെടുമാറ് ജനക്കൂട്ടം ഉണ്ടായി, സ്വാഭാവികമായും അവര്‍ അക്രമാസക്തരാകുകയും അപകടത്തില്‍പ്പെട്ട ബസ്സ് കത്തിക്കുകയും ചെയ്തു. എയര്‍പ്പോര്‍ട്ട് റോഡിലൂടെ ബസ്സുകളും മറ്റു വണ്ടികളും ഓടാതെയായി. അതോടെ ഈ അപകടം നഗരത്തില്‍ ഒരു ചര്‍ച്ചാവിഷയമായി.

വൈകുന്നേരം എട്ട് മണിയോടെയാണ് ഞാന്‍ ഈ വാര്‍ത്ത അറിയുന്നത്. തുടക്കത്തില്‍ ഒന്നോ രണ്ടോ പേര്‍ മരിച്ചു എന്ന രീതിയില്‍ പടര്‍ന്ന് ഈ വാര്‍ത്ത പല പല നാവില്‍ക്കൂടി കയറി ഇറങ്ങി എന്റെ അടുത്ത് വന്നപ്പോള്‍ മരണസംഖ്യ അന്‍പത് ആയിരുന്നു. ഒരു ബസ്സ് ജനങ്ങളുടെ ഇടയിലേക്ക് കയറിയാല്‍ ഇത്രയും പേര്‍ മരിക്കുമോ എന്ന് അദ്ഭുതം ഞാന്‍ കൂറിയപ്പോള്‍, ഈ വാര്‍ത്ത പറയാന്‍ ഉത്സാഹം കാണിച്ച വ്യക്തി എന്നോട് പറഞ്ഞത് ആ ബസ്സ് കത്തിച്ചപ്പോള്‍ അതില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ മുഴുവനും അഗ്നിക്കിരയായി എന്നാണ് പറഞ്ഞത്. വോള്‍വോ ബസ്സിന്റെ ചില്ല് തുറക്കാന്‍ പറ്റില്ലെന്നും അതാണ് മരണം കൂടാന്‍ കാരണമെന്നും ഇദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന്, ജനല്‍ച്ചില്ലില്‍ എവിടെയെങ്കിലും ഇടിച്ചാല്‍ അത് പൊട്ടില്ലെന്നും പകരം കൃത്യം നടുക്ക് തന്നെ ഇടിക്കണമെന്നും അദ്ദേഹം നടത്തിയ കണ്ടുപിടുത്തം അഭിമാനപുരസരം എന്നെ അറിയിക്കുകയുമുണ്ടായി.

ഈ സംഭവം എന്നെ ആദ്യം ഒന്ന് ഞെട്ടിച്ചു. കുറച്ച് കഴിഞ്ഞപ്പോഴാണ് ഇത് നാലാളോട് പറയുന്നതിന്റെ സുഖത്തെക്കുറിച്ച് ഞാന്‍ ബോധവാനായത്. ഉടന്‍ തന്നെ ഫോണ്‍ കറക്കി ഞാന്‍ എന്റെ സഹമുറിയനെ വിളിച്ച് ഇങ്ങനെ ഒരു അപകടം നടന്നുവെന്നും നൂറ് പേര്‍ കൊല്ലപ്പെട്ടുവെന്നും (അവന്റെ അന്‍പതും എന്റെ അന്‍പതും) അറിയിച്ചു. ചിലപ്പോള്‍ ടി.വി-യില്‍ ലൈവ് കണ്ടേക്കാമെന്നും പറ്റിയാല്‍ റെക്കോര്‍ഡ് ചെയ്യണമെന്നും പറഞ്ഞു. ഒട്ടും വൈകാതെ ഞാനും വീട്ടിലെത്തി. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മാച്ചില്‍‍ ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോഴും ഞങ്ങള്‍ തപ്പിയത് ഈ വാര്‍ത്ത ഏത് ചാനലിലാണ് ഫ്ലാഷ് ന്യൂസ് ആയി കൊടുക്കുന്നതെന്നും, പറ്റിയാല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൂടി കാണാന്‍ സാധിക്കുമോ എന്നും ആണ്. രാത്രി മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും ഒരു ടി.വി. ചാനലും ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ചമ്മി നാശമായ ഞങ്ങള്‍ ക്രിക്കറ്റിന്റെ ഹൈലൈറ്റ് കണ്ട് സംതൃപ്തിപ്പെട്ട് കിടന്നുറങ്ങി.

ഇന്ന് രാവിലെ പത്രം വായിച്ചപ്പോഴാണ് മരണസംഖ്യ ‘രണ്ട്’ മാത്രമാണെന്ന് അറിയുന്നത്. മരിച്ചവരില്‍ ഡ്രൈവറും കണ്ടക്റ്ററും ഇല്ല. അവര്‍ നേരത്തേ ഓടിക്കാണും. അല്ലെങ്കില്‍ നാട്ടുകാര്‍ അവര്‍ തല്ലിക്കൊന്നേനേ. യഥാര്‍ത്ഥത്തില്‍ അവരെയല്ല കൊല്ലേണ്ടിയിരുന്നത്. ഈ അപകടത്തെ അപഹാസ്യമാക്കാനും, മരിച്ചവരുടെ എണ്ണം പറഞ്ഞ ആസ്വദിക്കാനും, തന്മൂലം മരണപ്പെട്ടവരേയും പരിക്കേറ്റവരേയും പരിഹാസകഥാപാത്രങ്ങളാക്കാനും ശ്രമിച്ച എന്നെപ്പോലെയുള്ള വികട മനസ്ഥിതിക്കാരെയാണ്. ബാംഗ്ലൂരും ഒരു ഭ്രാന്താലയമാണോ വിവേകാനന്ദാ?

***
കുറിപ്പ്: ഈ തമാശയുടെ രസം നഷ്ടപ്പെട്ടത്, അപകടത്തില്‍ മരിച്ച ഒരാള്‍ എന്റെ അയല്‍ക്കാരനാണെന്നറിഞ്ഞപ്പോഴാണ്. ഇന്നലെ രാത്രി ആ അമ്മയുടെ അലമുറലായിരുന്നു ഊണ് കഴിഞ്ഞ് വരുന്ന വഴി കേട്ടത്. അകാരണമായി മരണപ്പെടുന്ന ഒരു മകന്റെ വിയോഗം ഒരമ്മയ്ക്ക് താങ്ങാനാകുന്നതിലും അപ്പുറം തന്നെ. രാവിലെ അതേ വീട്ടില്‍ നിന്ന് പാട്ടും കൊട്ടലും ഒക്കെ കേട്ടിട്ടാണ് ഇന്ന് ഞാന്‍ ഉണര്‍ന്നത്. ഒരമ്മയുടേയും ബന്ധുമിത്രാദികളുടേയും കരച്ചിലിനിടയിലും കൊട്ടും കുഴല്‍‌വിളിയുമായി അതാഘോഷമാക്കുന്ന തമിഴന്മാരെ സമ്മതിക്കണം.
posted by Sreejith K at 11:58 AM

8 Comments:


ഈ അപകടത്തെ അപഹാസ്യമാക്കാനും, മരിച്ചവരുടെ എണ്ണം പറഞ്ഞ ആസ്വദിക്കാനും, തന്മൂലം മരണപ്പെട്ടവരേയും പരിക്കേറ്റവരേയും പരിഹാസകഥാപാത്രങ്ങളാക്കാനും


വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അത് എത്ര മാത്രം വസ്തു നിഷ്ടമെന്ന് ചിലപ്പോള്‍ ആരും ചിന്തിക്കാറില്ല.

കുറിപ്പൂ വായിച്ചു. വിഷമം തോന്നി.
Blogger മുല്ലപ്പൂ || Mullappoo, at Wed Oct 18, 02:09:00 PM GMT+5:30  
-------------------------------------------------------------
എന്തും ഏതും ആഘോഷമാണ്‌, ചിലര്‍ക്ക്‌. അങ്ങ്‌ കേറി നിരങ്ങും.
Blogger പടിപ്പുര, at Wed Oct 18, 02:18:00 PM GMT+5:30  
-------------------------------------------------------------
'പൊലിപ്പിച്ചു പറയുക', 'പൊടിപ്പും തൊങ്ങലും ചാര്‍ത്തുക', 'ആടിനെ ആനയാക്കുക', 'എലിയെ പുലിയാക്കുക'....! ഈ പരിപാടിയില്‍ അഗ്രഗണ്യന്മാരാണ്‌ നമ്മള്‍... ഇന്ത്യക്കാര്‍. ഏത്‌ പുല്ലിനെയും മഹാഗണിയാക്കാന്‍ നാല്‌ മലയാളികള്‍ വിചാരിച്ചാല്‍ മതി. ഏത്‌ രസഗുളയേയും ടൈംബോംബാക്കാന്‍ കുറെ ഉത്തരേന്ത്യക്കാര്‍ തീരുമാനിച്ചാല്‍ മതി.

കോലാഹലങ്ങള്‍ എല്ലാം കഴിയുമ്പോള്‍... ആഹാ എന്തൊരു സുഖമാണെന്നൊ അവര്‍ക്കൊക്കെ കിട്ടുന്നത്‌?!
Blogger മൈനാഗന്‍, at Wed Oct 18, 06:04:00 PM GMT+5:30  
-------------------------------------------------------------
മനുഷ്യന്റെ മാ‍ത്രം പ്രത്യേകതയാണ് കേള്‍ക്കുന്ന കാര്യങ്ങളില്‍ വിശദമാവാത്ത ഇടങ്ങള്‍ സ്വയം നിര്‍വചിക്കുക എന്നത്..

ഇത് ചില സമയത്ത് നല്ലതും ചിലപ്പോള്‍ ദുരിതമായും ഭവിക്കാറുണ്ട്..

നമ്മളും എത്ര വലിയ ബ്ലാങ്ക് ഫില്ലേര്‍സ് ആണെന്ന് അത്തരം ചില കളികളിലൂടെ മനസ്സിലാക്കാനാവൂ.

ഇനീപ്പോ അറിയില്ല,അത്തരത്തില്‍ പറഞ്ഞ് അതില്‍ സന്തോഷം കണ്ടെത്തുന്ന സാഡിസവും ഉണ്ടോ എന്ന്.

-പാര്‍വതി.
Blogger പാര്‍വതി, at Wed Oct 18, 06:39:00 PM GMT+5:30  
-------------------------------------------------------------
ശ്രീജീ,
റിച്ച്മണ്ട് സര്‍ക്കിള്‍ ഫ്ലൈ ഓവര്‍ പൊളിഞ്ഞ് വീണു എന്ന കിംവദന്തി കേട്ടിട്ടുണ്ട് ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍. അത് കാരണം കിണ്ണങ്കാച്ചി ഒരു സദ്യയാണ് മിസ്സായത് അന്ന്. :-(
Blogger ദില്‍ബാസുരന്‍, at Wed Oct 18, 07:33:00 PM GMT+5:30  
-------------------------------------------------------------
എന്റെ അമ്മാനപ്പന്‍ തമിഴനാണ്(പിറന്ത ഊരു ശിവകാശി,അളവറ്റ മുതലിനവകാശി).അതുകൊണ്ടുതന്നെതമിഴരെ കുറ്റം പറഞ്ഞാല്‍ എനിക്കുസഹിക്കൂല്ല.കൊട്ടുംകുരവയുമില്ലാതെ മാത്രമേ ശവമടക്കുനടത്താവൂ?ഇതു തിരു ശ്രീജിത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണൊ?ആ‍ തമിഴ് ശവത്തിന്റെഅഭിപ്രായം താങ്കളാരാഞ്ഞോ?ആരാഞ്ഞോന്ന്.അല്ലേലും മലയാളികളുടെ മുതലക്കണ്ണീരിനെക്കാള്‍ തമിഴന്റെ ആഘോഷമല്ലേ കാമ്യം?കടമ്മറ്റിറ്റയുടെ ചാക്കാല എന്നകവിത സത്യം മാത്രം.
Blogger പുലികേശി രണ്ട്, at Wed Oct 18, 08:50:00 PM GMT+5:30  
-------------------------------------------------------------
ദീപാവലി അമാവാസി നാളിലെ നടക്കുതെന്റ്രു ചൊല്ലറാങ്കെ, ഉങ്കളുക്കും അതേ പ്രച്ചന താനാ പുലികേശീ,ഇല്ല തെരിയാമ താന്‍ കേക്കറേന്‍,ഏ ഇന്ത മാതിരി ഇരുക്കീങ്ങ്ങ്ക?നല്ലാ ഒരു വാര്‍ത്ത പേസക്കൂടാതാ,നാലാളുങ്ക നടക്കറ മാതിരി നടക്ക കൂടാതാ,പുല്ലിലേയും പാലിലേയും പുഴുവവെ തേടുറീങ്കളെ..

കാലയിലേന്തു ഉങ്ക കമന്റാ പാത്തിട്ടേയിരുക്കെന്‍..

ഉന്നൈ ചൊല്ലി കുട്രമില്ലൈ..

:-)

-പാര്‍വതി.
Blogger പാര്‍വതി, at Wed Oct 18, 09:06:00 PM GMT+5:30  
-------------------------------------------------------------
അല്ല ശ്രീജിത്തേ ഇതെന്തോന്നൊക്കെയെടേ പറയണത്...തമിഴാ...തള്ളേ..കലിപ്പ് തന്നെ..

പിന്നീ പൊക്കിപ്പറയുന്ന സ്വഭാവം ഭാരതീയര്‍ക്കു മാത്രമല്ല..എല്ലായിടത്തുമുണ്ട്....പ്രത്യേകിച്ചും പത്രം വായിക്കാത്ത സായിപ്പന്‍മാരുടെ നാട്ടില്‍..

ഒരു ഓ ടോ:
പാര്‍വതി പറഞ്ഞല്ലോ
“മനുഷ്യന്റെ മാ‍ത്രം പ്രത്യേകതയാണ് കേള്‍ക്കുന്ന കാര്യങ്ങളില്‍ വിശദമാവാത്ത ഇടങ്ങള്‍ സ്വയം നിര്‍വചിക്കുക എന്നത്..“
അല്ല.. കേള്‍ക്കുന്ന കാര്യങ്ങളില്‍ വിശദമായ ഇടങ്ങളുള്ള
അതായത് സംസാരം കേട്ടാല്‍ മുഴുവന്‍ മനസ്സിലാകുന്ന മറ്റേതെങ്കിലും ജീവിയൊണ്ടോ മനുഷ്യനല്ലാതെ...
സംസാരം=സംഭാഷണം+++......
(പാര്‍വതി മുമ്പ് പറാഞ്ഞ ഭാഷയിലുള്ളാ സംസാരമല്ല)
Blogger Ambi, at Wed Oct 18, 10:59:00 PM GMT+5:30  
-------------------------------------------------------------

Add a comment