ലൊട്ടുലൊടുക്ക്

Saturday, January 20, 2007

സദ്ദാമിനെ തൂക്കിലേറ്റി


ഫ്ലാഷ് ന്യൂസ്: സദ്ദാമിനെ തൂക്കിലേറ്റി.

ങ്‌ഹേ! എന്താ? നിങ്ങള്‍ നേരത്തേ അറിഞ്ഞുവെന്നോ. സംഭവം നടന്നിട്ട് രണ്ടാഴ്ചയായെന്നോ. അയ്യോ സോറി കേട്ടോ, ഈ ബാംഗ്ലൂരില്‍ ഈ വാര്‍ത്ത ഇന്നലെയാണ് റിലീസ് ആയത്.

ഉടനേ തന്നെ ഇവിടെ പ്രക്ഷോപപരിപാടികള്‍ തുടങ്ങി. അല്ലാതെ പിന്നെ, മലയാളികള്‍ക്ക് മാത്രം മതിയോ (അന്താ)രാഷ്ട്രീയ പ്രബുദ്ധത, കന്നഡിഗകളും മോശമൊന്നുമല്ല.

ശിവാജി നഗറിലായിരുന്നു പ്രകടനത്തിന്റെ തുടക്കം. പീപ്പിള്‍സ് ഫ്രന്റ് എന്ന സംഘടനയായിരുന്നു ഇതിന് ആഹ്വാനം നല്‍കിയത്. ഈ സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ചില മുസ്ലീം പ്രവര്‍ത്തകര്‍, പോകുന്ന വഴിക്ക് ചില ഹിന്ദു സംഘടനകള്‍ നാളെ നടത്താനിരുന്ന ഹിന്ദു സമവേശ എന്ന പരിപാടിയുടെ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചുവത്രേ. മതം മാറ്റങ്ങളെ എതിര്‍ക്കു‍ക എന്നതാണ് ഈ സമവേശ എന്ന പരിപാടി കൊണ്ട് ഉദ്ദേശിച്ചിരുന്നത് എന്ന് പോസ്റ്ററുകളില്‍ പ്രത്യേകം പറഞ്ഞിരുന്നതായിരുന്നു കാരണം.

സ്വന്തം സമുദാ‍യ സംഘടനയുടെ പോസ്റ്ററുകള്‍ മറ്റൊരു സമുദായക്കാര്‍ തകര്‍ക്കുന്നതു കണ്ടപ്പോള്‍ ഹിന്ദുക്കളും ഇളകി. രണ്ടും പേരും പരസ്പരം അടിയായി. പരസ്പരമുള്ള അടിയില്‍ ഒരു രസമില്ലെന്ന് തോന്നിയിട്ടാണോ അതോ ഇതു കുറേക്കാലം ചെയ്തതല്ലേ ഒരു മാറ്റമൊക്കെ വേണ്ടാതല്ലേ എന്ന് തോന്നിയിട്ടാണോ എന്നറിയില്ല, പരാക്രമം പിന്നെ നാട്ടുകാരോടായി. വെറുതേ ഇരിക്കുന്ന കടകളുടെ ചില്ലുകള്‍ തല്ലിപ്പൊട്ടിക്കുക, പോലീസുകാരെ കല്ലെറിഞ്ഞ് കളിക്കുക, വാഹനങ്ങള്‍ കത്തിക്കുക എന്നിങ്ങനെ അവരവരെക്കൊണ്ട് ആവുന്ന തരത്തില്‍ അവര്‍ സദ്ദാം വധത്തിനെതിരേ പ്രതിഷേധിച്ചു. കമ്മേര്‍ഷ്യല്‍ സ്റ്റ്‌റീറ്റ് എന്ന തിരക്കേറിയ വ്യാപാ‍രവീഥിയും ശിവാജി നഗര്‍, കാമരാജ് റോഡ്, ഭാരതി നഗര്‍ എന്നീ തിരക്കേറിയ സ്ഥലങ്ങളും നിമിഷ നേരം കൊണ്ട് വിജനമാകുകയും അവിടങ്ങളില്‍ പിന്നീട് പോലീസ് നിറയുകയും ചെയ്തു. നഗരത്തില്‍ നിന്ന് അങ്ങോട്ടേയ്ക്കുള്ള വീഥികളും നിശ്ചലമായി. വര്‍ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ട വിവരമറിഞ്ഞ് മറ്റ് പ്രദേശങ്ങളിലുള്ളവരും ജാഗരൂകരായി.

ആകെമൊത്തം ടോട്ടല്‍ പതിനഞ്ച് ഇരുചക്രവാഹനങ്ങളും നാലു കാറുകളും ഒരു വീടും അഗ്നിക്കിരയായി. പല വീടുകളിലും അക്രമികള്‍ തല്ലിത്തകര്‍ത്തു. വീട്ടില്‍ അതിക്രമിച്ച് കയറി കൊള്ള നടത്തുക എന്ന കുറ്റകൃത്യവും ഇതിന്റെ ഇടയില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. എല്ലാം കഴിഞ്ഞപ്പോള്‍ പോലീസുകാരടക്കം അന്‍പതോളം പേര്‍ പരുക്കേറ്റ് ആശുപത്രിയിലുമായി.

എന്തിരുന്നാലും സദ്ദാമിനെതിരേയുള്ള അനീതിയില്‍ മനസ്സ് നിറഞ്ഞ് പ്രതിഷേധിക്കാനായതില്‍ ബാംഗ്ലൂ‍ര്‍ നിവാസികള്‍ പൊതുവേ സന്തുഷ്ടരായതായാണ് റിപ്പോര്‍ട്ട്. ഇനി മേലില്‍ അമേരിക്ക ആരേയും തൂക്കിക്കൊല്ലില്ല എന്നവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പക്ഷെ ബാംഗ്ലുരിന്റെ ശക്തമായ ഈ പ്രതിഷേധത്തിനെക്കുറിച്ച് പ്രതികരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഇതു വരെ തയ്യാറായിട്ടില്ല. അതിനവര്‍ തയ്യാറായില്ലെങ്കില്‍ ഇനിയും ബാംഗ്ലൂര്‍ നഗരത്തിലെ വാഹനങ്ങള്‍ കത്തിക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്ത് തുടര്‍ന്നും പ്രതിഷേധിക്കും എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം. അതിനാല്‍ നാളെ നടക്കാനിരിക്കുന്ന ഹിന്ദു സമവേശ എന്ന പരിപാടിക്ക് വരുന്നവര്‍, അവനവന്റെ ആവശ്യത്തിന് കത്തിക്കുവാന്‍ വാഹനങ്ങള്‍ കൊണ്ട് വരേണ്ടതാണെന്നും അവിടെയുള്ളവ എടുത്ത് കത്തിക്കാന്‍ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. അറിയിപ്പ് പാലിക്കാത്തവരെ, ആകാശത്തേയ്ക്ക് വെടി വച്ച് പേടിപ്പിക്കും. സൂക്ഷിച്ചാല്‍ അക്രമികള്‍ക്ക് കൊള്ളാം. നാട്ടുകാരു സൂക്ഷിച്ചിട്ടും കാര്യമില്ല, നിങ്ങളുടെ കാര്യം പോക്കാ.
posted by Sreejith K. at 2:56 PM

25 Comments:

ഹെന്റെ ജിത്തേ... ഇത്‌ തകര്‍പ്പന്‍. പ്രത്യേകിച്ചും ആ അവസാനത്തെ വരി. (ശ്രീജിത്തിന്റെ സാന്നിധ്യമാണോ അന്നാട്ടുകാര്‍ക്ക്‌ ഇങ്ങനെ മണ്ടത്തരങ്ങള്‍ തോന്നാന്‍ കാരണമെന്ന്‌ ഒരു ചിന്ന ഡൌട്ട്‌).
Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍, at Sat Jan 20, 07:50:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്,
പ്രശ്നങ്ങളൊക്കെ ഒതുങ്ങി എന്നു കരുതിയിരുന്നപ്പോഴാണ് ബാങ്ളൂരുനിന്നും പുതിയ പ്രശ്നം!. കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ അറിഞ്ഞില്ലെ ആവൊ? അറിഞ്ഞിട്ടുണ്ടാവില്ല അല്ലെങ്കില്‍ അവര്‍ ഒരു ലൈവ് തന്നെ സാംഘടിപ്പിച്ചേനെ?.
Anonymous Anonymous, at Sat Jan 20, 10:01:00 PM GMT+5:30  
-------------------------------------------------------------
പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഇന്നലെ ബാംഗ്ലൂര്‍ നഗരം വീണ്ടും വര്‍ഗ്ഗീയ ലഹളയ്ക്ക് ഇരയായി.

ആര്‍.എസ്.എസ് താത്വികാചാര്യന്‍ ഗുരുജി ഗോള്‍വര്‍ക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അള്‍സൂരില്‍ വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച വിരാട് ഹിന്ദു സമാജോത്സവത്തിന്റെ സമാപനം കുറിക്കുന്ന ശോഭയാത്ര മര്‍ഫി ടൌണില്‍ സമാപിച്ചയുടെനേ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണമാണ് ഏറ്റുമുട്ടലിനു തുടക്കമിട്ടതെന്നു പോലീസ് പറഞ്ഞു.

ഇരുവിഭാഗങ്ങളുടെ ഏറ്റുമുട്ടലിനിടെ പോലീസ് നടത്തിനെ വെടിവയ്പ്പില്‍ 12 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കുണ്ട്. മുന്നൂറിലേറെ പേര്‍ക്ക് കസ്റ്റഡിയിലെടുത്തു. മൂന്നു ബസ്സുകളും 20 ഓട്ടോറിക്ഷകളും രണ്ടു വാനും തീവച്ചു നശിപ്പിക്കുകയും നാല്പതോളം മറ്റു വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. നിരവധി കടകള്‍ കുത്തിത്തുറന്ന് കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. ശിവാജി നഗര്‍, ഭാരതി നഗര്‍, മര്‍ഫി ടൌണ്‍ എന്നിവടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിന്റെ മറ്റിടങ്ങളിലൊന്നും അക്രമം ഉണ്ടാ‍യതായി റിപ്പോര്‍ട്ടില്ല.

എന്ത് കാര്യമുണ്ടായിട്ടാണാവോ ഇത്രയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. ഒരു പിഞ്ചു പൈതലിന്റെ ജീവനും കുരുതി കൊടുത്തു. കഷ്ടം !
Blogger Sreejith K., at Mon Jan 22, 08:41:00 AM GMT+5:30  
-------------------------------------------------------------
നന്നായിട്ടുണ്ട്‌ (സംഭവമല്ല), വിലയിരുത്തല്‍.
വെള്ളിയാഴ്ച ഞാനും പോലീസ്പട്ടാളത്തിനിടയിലൂടെ നൂണ്ടുവരുമ്പോള്‍ ഇങ്ങനെയൊന്ന് എഴുതണമെന്നു കരുതിയിരുന്നു.
Blogger ജ്യോതിര്‍മയി /ज्योतिर्मयी, at Mon Jan 22, 09:33:00 AM GMT+5:30  
-------------------------------------------------------------
പ്രിയപ്പെട്ട ബംഗളൂര്‍ ബ്ലോഗേര്‍സ്‌, നിങ്ങളെല്ലാം സുരക്ഷിതരാണെന്ന് കരുതട്ടെ....ഈ വിവര ദോഷികളുടെ കാര്യത്തില്‍ എന്താണ്‌ ചെയ്യാന്‍ കഴിയുക?
Anonymous Anonymous, at Mon Jan 22, 09:40:00 AM GMT+5:30  
-------------------------------------------------------------
ജിത്തേ, കാര്യമായ വര്‍ഗീയ സ്പര്‍ദ്ധയുടെ ചരിത്രമൊന്നുമില്ലാത്ത ബാംഗളൂരില്‍, ഇപ്പോള്‍ പൊട്ടിപ്പുറപ്പെടുന്ന അസ്വസ്ഥതകളുടെ പിന്നില്‍ എന്തായിരിക്കുമെന്ന് കുറേയേറെ വ്യക്തമാണ്‌. ബാംഗളൂര്‍ ഇന്ത്യയിലെ വിടേശ നിക്ഷേപങ്ങളുടെ കേന്ദ്രബിന്ദു ആണെന്നതു തന്നെ കാരണം.

സദ്ദാം ഹുസ്സൈനെ പിന്തുണച്ചു കൊണ്ടുള്ള പ്രകടനം ഹിന്ദുക്കള്‍ക്കെതിരെയുള്ള രോഷ പ്രകടനമാവുന്നതിനും, ശോഭയാത്ര അവസാനിക്കുന്ന ബിന്ദുവില്‍ യാതൊരു പ്രകോപനവുമില്ലാതെ അക്രമം പൊട്ടിപ്പുറപെടുന്നതിനും ഒന്നും വേറൊരു കാരണവുമില്ല. അക്രമം തുടങ്ങണം എന്നു തീരുമാനിച്ചുറച്ച കുറേ ചട്ടുകങ്ങള്‍ ഇതിനിടക്ക്‌ നുഴഞ്ഞു കയറിയിട്ടുള്ളതല്ലാതെ.
Blogger കണ്ണൂസ്‌, at Mon Jan 22, 09:41:00 AM GMT+5:30  
-------------------------------------------------------------
:(
Blogger reshma, at Mon Jan 22, 09:48:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ.. ഈ പേരും പറഞ്ഞ് ഓഫീസില്‍ പോകാതെ ഇരിപ്പാണല്ലെ.. ജി.ടാക്കിലും കാണാന്‍ ഇല്ല.
എന്റെ ഓഫീസില്‍ ഹാജര്‍ നില വളരെ മോശം. ആകെപ്പാടെ 6 പേരെ എത്തിയിട്ടൊള്ളു. ഞങ്ങളുടെ warehouse ഇല്‍ നിന്നും മൂന്നാമത്തെ ബില്‍ഡിങ് തീയിട്ടു. പോലീസ് സറ്റേഷനു നേരെ എതിരായ കെട്ടിടമാണ് അഗ്നിയ്ക്കിരയായത്. എന്റെ വീട്ടിനും ഓഫീസിനും അടുത്ത് പ്രശ്നങള്‍ ഒന്നും ഇത്ര നേരം ഇല്ല.
വളരെ ആസൂത്രിതമായ ഒരു കലാപമാണ് ഇത്. ഇങ്ങനെ ഒരു കലാപം ഉണ്ടാകും എന്ന് പോലീസിനും ഇന്റലിജെന്‍സിനും ഒക്കെ ഒരാഴ്ച്ക മുന്‍പേ അറിവു ലഭിച്ചിരുന്നു. ആവശ്യത്തിന്‍ പോലീസുകാരും ഉണ്ടായിരുന്നു റാലിയോടൊപ്പം. ജനക്കൂട്ടം അപ്രതീക്ഷിതമായി അക്രമാസക്തരായപ്പോള്‍ പോലീസ് അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോയി. ആ നടുക്കത്തില്‍ നിന്നും മോചിതരാകുമ്പോഴേക്കും നടക്കേണ്ടതൊക്കെ നടന്നു കഴിഞ്ഞിരുന്നു.
ഡോ:രാജ് കുമാര്‍ മരിച്ചപ്പോള്‍ അക്രമം അഴിച്ചു വിട്ടവര്‍ക്കും ഇപ്പോഴത്തെ അക്രമം നടത്തിയവര്‍ക്കും തമ്മില്‍ വല്ലാത്ത മുഖ സാദൃശ്യം എന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കാത്ത ഒരു പോലീസ് ഓഫീസര്‍ പറയുന്നു
Blogger Promod P P, at Mon Jan 22, 10:11:00 AM GMT+5:30  
-------------------------------------------------------------
കഷ്ടം തന്നെ. അല്ലാതെ എന്തു പറയാന്‍. :(

qw_er_ty
Blogger RR, at Mon Jan 22, 10:37:00 AM GMT+5:30  
-------------------------------------------------------------
തന്നെ...??

നൊക്കിക്കൊ, നാളെ നിന്റെ ഈ പൊസ്റ്റിന്റെ പേരില്‍ ഞങ്ങള്‍ ബ്ലോഗ് ബന്ത് നടത്തും... ട്ടാ....
Blogger മിടുക്കന്‍, at Mon Jan 22, 11:03:00 AM GMT+5:30  
-------------------------------------------------------------
ജിത്തേ, രാവിലെ തന്നെ ചിരിച്ചു, ഒപ്പം ചിന്തിച്ചുകൊണ്ടേയിരിക്കുന്നു........എടുത്ത് വെയ് നിന്റെ തലപ്പാവ്.......തലപ്പാവിനര്‍ഹന്‍ തന്നെ :)

നോയിഡ സംഭവത്തിന്റെ പേരില്‍ അടുത്ത വര്‍ഷമെങ്കിലും, ബാംഗ്ലൂരില്‍ എന്തെങ്കിലും ബന്ദ്/ഹര്‍ത്താല്‍ സ്കോപ്പ്?
Blogger കുറുമാന്‍, at Mon Jan 22, 11:08:00 AM GMT+5:30  
-------------------------------------------------------------
ഹാവൂ.. ഇപ്പോഴെങ്കിലും ബാംഗ്ലൂരുകാര്‍ ഒന്ന് പ്രതികരിച്ചല്ലോ. കേരളത്തില്‍ മാത്രമേ ഹര്‍ത്താല്‍ പാടുള്ളൂവെന്ന ധാരണയെങ്കിലും മാറട്ടെ.
Blogger asdfasdf asfdasdf, at Mon Jan 22, 11:18:00 AM GMT+5:30  
-------------------------------------------------------------
ഇത്തരം ജാഥകളില്‍ പങ്കെടുക്കുന്നവര്‍ പകുതിയിലധികവും ചെറുപ്പകാരാണെന്നതാണ് വിഷമിപ്പിക്കുന്ന വസ്തുത. ബാംഗ്ലൂരിലെ ഐ ടി കമ്പനികളില്‍ ജോലി ചെയ്യുന്നവരും, ഇവിടുത്തെ സാധാരണക്കാരും തമ്മിലുള്ള സാംബത്തികമായ അകലം വല്ലാത്ത ഒരു തരം unrest സൃഷ്ടിച്ചിരിക്കുകയാണ് ചെറുപ്പകാരില്‍. അതു പലപ്പോഴും പുറത്തു വരിക ഇത്തരം നശീകരണ പ്രവര്‍ത്തികളിലൂടെയുമാണ്.

ഇന്നലെ ഉച്ചക്ക് അള്‍‍സൂര്‍ ലേക്കിനടുത്തുകൂടെ പോയപ്പോള്‍ ജാഥക്കുള്ള വട്ടം കൂട്ടുകള്‍ കണ്ടിരുന്നു. കടന്നു പോക്കുന്ന വാഹനങളെ റോഡിനു നടുക്കു കയറിനിന്നു രണ്ടു കൈയും വിടര്‍ത്തി തടയുമ്പോള്‍ ഇന്നു ഞാനും ശ്രദ്ധിക്കപ്പേടുന്നു എന്ന തിരിച്ചറിവായിരിക്കും അവരെ സന്തോഷിപ്പിച്ചിരിക്കുക.

അള്‍‍സൂരിലെ എണ്ണം പറഞ്ഞ അപ്പാര്‍‍ട്ട്‍മെന്‍റുകളില്‍ കയറിച്ചെന്ന് ഉടമസ്ഥര്‍ നോക്കി നില്‍ക്കെ കാറുകളുടെ വിന്‍റ്‍ഷീല്‍ഡ് തകര്‍ക്കുക, കടകള്‍ക്കു തീയിടുക തുടങിയവ നേരത്തെ സൂജിപ്പിച്ച കലുഷിതവലയം ഉണ്ടാക്കിയ ദൂഷ്യഫലങളാണ്. ഒരു പക്ഷെ കണ്ണൂസ് സൂജിപ്പിച്ച ചട്ടുകങ്ങള്‍ ആയിരിക്കും മുത്യാലമ്മ അമ്പലത്തില്‍ കല്ല്ലേറുണ്ടായെന്ന വാര്‍ത്ത പ്രചരിപ്പിച്ചതും കലാപത്തിനു തൂടക്കമിട്ടതും.

ഏതായാലും ഇപ്പോള്‍ നഗരം ശാന്തമാണ്, പ്രശ്നമേഖലയില്‍ പോലിസ് റോന്തുചുറ്റുന്നു, സ്കൂളുകള്‍ക്ക് അവധിയുണ്ട്.
Blogger bodhappayi, at Mon Jan 22, 11:23:00 AM GMT+5:30  
-------------------------------------------------------------
കുട്ടന്‍‌മേനോന്‍.. ഇവിടെ ബന്ദും ഹര്‍ത്താലും ഒന്നുമില്ല. ഉള്ളത് കര്‍ഫ്യു ആണ്. 23 അര്‍ദ്ധരാത്രി വരെ 144.

കുറുമാന്‍‌ജി : ആ തലപ്പവും ഇട്ട് വീടിന്റെ മുന്‍പില്‍ നിന്നതു കൊണ്ടല്ലെ ശ്രീജിത്ത് രക്ഷപ്പെട്ടത്. ഒരു വിഭാഗം നോക്കിയപ്പോള്‍ ഷാജഹാനായി തോന്നി,മറു വിഭാഗം നോക്കിയപ്പോള്‍ കെം‌പ ഗൌഡയായും.. രണ്ടു കൂട്ടരും ശ്രീജിത്തിനെ അക്രമിയ്ക്കാന്‍ പോയില്ല
Blogger Promod P P, at Mon Jan 22, 11:27:00 AM GMT+5:30  
-------------------------------------------------------------
കുട്ടപ്പായി പറഞ്ഞതില്‍ ഒരുപാട് കാര്യമുണ്ട്.
വസന്ത് നഗറില്‍ ഒരോ ഗലികള്‍ അവസാനിയ്ക്കുന്ന ജങ്ഷനുകളില്‍ ഏതു നേരത്തും സിഗരറ്റ് വലിച്ചും തായം കളിച്ചും സമയം കൊല്ലുന്ന കുറേ ചെറുപ്പക്കാരെ കാണാം. ഇവര്‍ക്ക് അധികം വിദ്യാഭ്യാസമൊന്നും ഇല്ല. ദുരഭിമാനം കാരണം ചെറുകിട ജോലികള്‍ക്കൊന്നും പോകുകയും ഇല്ല. ഇന്നലെ ഞാന്‍ അതു വഴി നടന്നു വന്നപ്പോള്‍ 4-5 ജങ്ഷനുകളില്‍ ഉള്ള ഈ പയ്യന്മാരെ ഒന്നിനേയും കാണാന്‍ ഇല്ല.
Blogger Promod P P, at Mon Jan 22, 11:35:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ ഈ പോസ്റ്റ് നന്നായിട്ടുണ്ട്. രാവിലെ നന്നായി ചിരിച്ചു.

കണ്ണൂസ് പറഞ്ഞതാവാം കാരണം.

ന്യൂസ് അറിഞ്ഞപ്പോള്‍ ആദ്യം നിങ്ങള്‍ ബാംഗ്ലൂര്‍ ബ്ലോഗ്ഗേഴ്സിനെ ഓര്‍ത്തു.
Blogger ശാലിനി, at Mon Jan 22, 11:35:00 AM GMT+5:30  
-------------------------------------------------------------
Sreeji, Did you see this? --> Ayodhya of South
Blogger Jo, at Mon Jan 22, 02:09:00 PM GMT+5:30  
-------------------------------------------------------------
ശ്രീജീ,
മോനേ തകര്‍ത്തു... ചിരിച്ച് അടപ്പിളകി.

ഒന്ന് സൂക്ഷിച്ചാല്‍ നിനക്ക് നല്ലതാ. 1999ലോ മറ്റോ നടന്ന ഒരു പ്രതിഷേധത്തില്‍ എന്റെ ഒരു കസിനെ മത്തി മസാല പിടിയ്ക്കാന്‍ വരയുന്നത് പോലെ കുത്തിവരഞ്ഞ് വിട്ടു. ഹരം പോരാഞ്ഞ് ഷോറൂമില്‍ നിന്ന് ഇറക്കി ഒരാഴ്ച തികയാത്ത ബൈക്ക് കത്തിച്ച് ആ കവലയിലെ ഇരുട്ട് നീക്കി ജനത്തിന് സഞ്ചരിക്കാന്‍ സ്ട്രീറ്റ് ലൈറ്റ് നല്‍കി. :)
Blogger Unknown, at Mon Jan 22, 02:59:00 PM GMT+5:30  
-------------------------------------------------------------
ഹാവൂ...ഇതൊക്കെ കേട്ടിട്ട്‌ കൊതിയായിട്ട്‌ പാടില്ലാ.
നമ്മള്‍ മലയാളികള്‍ ഇക്കാര്യത്തില്‍ അത്ര പോരാ.
ഇടക്ക്‌ സെക്രട്ടറിയേറ്റിനു മുന്‍പില്‍ 'നാടകുത്ത്‌' നാദാപുരത്ത്‌ കുറച്ച്‌ 'പന്നിപടക്കമേര്‍' തുടങ്ങിയ നാടന്‍ രീതികളെ നമുക്ക്‌ വശമുള്ളൂ.
ബാംഗ്ലൂര്‍,മുംബായ്‌.ഗുജറാത്ത്‌ തുടങ്ങിയ നിലവാരത്തിലേക്ക്‌ എന്ന ഇനി നമ്മള്‍ എത്താ ആവോ....
Blogger sandoz, at Mon Jan 22, 03:32:00 PM GMT+5:30  
-------------------------------------------------------------
ശ്രീജി,
ഒന്നന്തരം ആക്ഷേപഹാസ്യം.
Blogger മുല്ലപ്പൂ, at Mon Jan 22, 03:39:00 PM GMT+5:30  
-------------------------------------------------------------
ഡേയ് ശ്രീ നെന്റെ
മണ്ടത്തഴത്തെപ്പറ്റിയൊന്നുമല്ല...
നെന്റെയുള്ളില്‍ നല്ലൊരു ജേഴ്‍ണലിസ്റ്റ് തടവില്‍ കെഴക്കുന്നൊണ്ട്...
ഡേയ്...ഇങ്ങോട്ട്...ഡേ..
ഇങ്ങോട്ടെന്ന്...കൊള്ളാഡേ...
ചക്കറെ..ഉമ്മ
Blogger Ziya, at Mon Jan 22, 03:41:00 PM GMT+5:30  
-------------------------------------------------------------
1999ലോ മറ്റോ നടന്ന ഒരു പ്രതിഷേധത്തില്‍ എന്റെ ഒരു കസിനെ

ങെ!!! അങ്ങനെ ഒരു സംഭവം ഉണ്ടായൊ 1999 ഇല്‍
Blogger Promod P P, at Mon Jan 22, 04:24:00 PM GMT+5:30  
-------------------------------------------------------------
ആക്ഷേപഹാസ്യമാണെങ്കിലും അതിലെ യാഥാര്‍ത്ഥ്യങ്ങള്‍ വേദനിപ്പിക്കുന്നു.
Blogger മുസ്തഫ|musthapha, at Mon Jan 22, 04:31:00 PM GMT+5:30  
-------------------------------------------------------------
eda! sreejit. Sorry, cant read malayalam here. but good to see u here.
Anonymous Anonymous, at Mon Jan 22, 05:49:00 PM GMT+5:30  
-------------------------------------------------------------
sreejithy?? mookambikele thrimadhuram avidathe poojarimaar malayalikal kazhikkaathirikkaan pottakkinatilozhikkan kondu pokunnathinide kattu thinnalle?? ambada!! thakarppan post!!!!!!!!!!! u r blessed!:)
Blogger Durga, at Tue Jan 23, 11:18:00 AM GMT+5:30  
-------------------------------------------------------------

Add a comment