ലൊട്ടുലൊടുക്ക്

Sunday, January 14, 2007

പൊന്നു അഫ്സ്ലലേ, പ്ലീസ് ...


പണ്ട് പണ്ട് നമ്മുടെ നാട്ടില്‍ അഫ്സല്‍ ഗുരു എന്നൊരാളുണ്ടായിരുന്നു. ഒരുകാലത്ത് നമ്മുടെ പത്രങ്ങളായ പത്രങ്ങളും ടി.വി.ചാനലുകളും മുഴുവന്‍ നിറഞ്ഞു നിന്ന ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം. പക്ഷെ പിന്നീട് ഇദ്ദേഹത്തിലുള്ള താത്പര്യം എല്ലാവര്‍ക്കും നഷ്ടപ്പെട്ടു.

ഇദ്ദേഹത്തിനെ അറിയാത്തവര്‍ക്ക് വേണ്ടി :- അഫ്സല്‍ ഗുരു വിശ്വവിഖ്യാതമായ പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതിയാണ്, അഥവാ പിടികിട്ടിയ ഒരേയൊരു പ്രതിയാണ്. കാര്യമായ തെളിവുകളൊന്നും കിട്ടിയില്ലെങ്കിലും സാഹചര്യത്തെളിവുകള്‍ മൂലവും കേസിന്റെ ഗൌരവം മൂലവും രാജ്യത്തെ പരമോന്നത നീതിപീഠം ഇദ്ദേഹത്തിന് വിധിച്ചത് രാജ്യത്ത് കിട്ടാവുന്നതില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ മരണം വരെ തൂക്കിലിടുക എന്നതാണ്. വിചാരണ നീതിപൂര്‍വ്വമല്ലായിരുന്നുവെന്നും അദ്ദേഹത്തിനിഷ്ടപ്പെട്ട വക്കീലന്മാര്‍ ആയിരുന്നില്ല കേസ് വാദിച്ചതെന്നും ഇദ്ദേഹത്തെ തൂക്കിക്കൊന്നാല്‍ രാജ്യത്ത് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്നും പറഞ്ഞ് മനുഷ്യസ്നേഹികളും മറ്റു പ്രമുഖരും ഒക്കെ വളരെയധികം പ്രതിഷേധിച്ചിരുന്നു അന്ന്. പിന്നീട് അവരും നിര്‍ത്തി, ബോറഡിച്ചുകാണും.

കോടതി വിധി പ്രകാ‍രം അഫ്സലിന്റെ ശിക്ഷ നടപ്പാക്കേണ്ടിയിരുന്നു ഒക്റ്റോബര്‍ അവസാന വാരത്തിലായിരുന്നു. അപ്പോഴേക്കും രാഷ്ട്രപതിക്ക് അദ്ദേഹം കൊടുത്ത ദയാഹര്‍ജിക്ക് തീരുമാനമാകേണ്ടതുമായിരുന്നു. പക്ഷെ രാഷ്ട്രപതിക്ക് ഒറ്റയ്ക്ക് ഈ കേസില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലാത്തതിനാല്‍, ഫയല്‍ കീഴ്വഴക്കപ്രകാരം കേന്ദ്രമന്ത്രാലയത്തിനു കൈമാറി. അവര്‍ ഈ ഫയല്‍ ചായ കുടിക്കാന്‍ പോയിടത്ത് വച്ച് മറന്നതാണോ, അതോ ഇത്രയും സങ്കീര്‍ണ്ണമായ കേസില്‍ ഇതു വരെ തീരുമാനമെടുത്ത് ശീലമില്ല എന്നതിനാലാണോ എന്നറിയില്ല, ഇത്ര കാലമായിട്ടും ഒരു തീരുമാനമെടുത്തിട്ടില്ല. തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് ആക്രമണക്കേസില്‍ മരണപ്പെട്ട ജവാന്മാരു‍ടെ വിധവകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് കിട്ടിയ മെഡലുകള്‍ തിരിച്ചേല്‍പ്പിച്ചെങ്കിലും മന്ത്രാലയത്തിന് ഒരു കുലുക്കവും ഉണ്ടായില്ല.

ബാക്കി എല്ലാവരും അഫ്സലിനെ മറന്നുവെങ്കിലും അദ്ദേഹത്തിന്റെ കൂട്ടുകാര്‍ അദ്ദേഹത്തിനെ മറന്നിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന ചില സംഭവവികാസങ്ങള്‍. അഫ്സലിന്റെ മോചനത്തിനു വിലപേശാന്‍ അവര്‍ ഇന്ത്യയിലേ ഏതെങ്കിലും ഒരു വിമാനം റാഞ്ചാന്‍ രഹസ്യമായി പദ്ധതിയിടുന്നത് രാജ്യത്തിന്റെ രഹസ്യാന്വേഷേണവിഭാഗം കണ്ടു പിടിച്ചു. തുടര്‍ന്ന് എല്ലാ വിമാനത്താവളങ്ങളിലേയും സുരക്ഷ കര്‍ശനമാക്കാന്‍ അവര്‍ ഉത്തരവിടുകയും, ഇനി മേല്‍ ഒരു ഭീകരനും കടന്നു ചെല്ലാന്‍ കഴിയാത്തവണ്ണം അവിടങ്ങളില്‍ കനത്ത സുരക്ഷാസന്നാഹം സജ്ജീകരിക്കുകയും ചെയ്തു. ഇനി വരട്ടെ അവന്മാര്‍ ഇങ്ങോട്ട്, റാഞ്ചാന്‍ എന്നും പറഞ്ഞ് പത്രങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തതോടെ താത്കാലികമായി ഈ ഭീഷണി ഒതുങ്ങി എന്ന് വിശ്വസിക്കപ്പെടുന്നു.

ഒന്ന് സംഗ്രഹിച്ചാലോ? ലക്ഷക്കണക്കിന് ആള്‍ക്കാരെ കൊന്നൊടുക്കാന്‍ കെല്‍പ്പുള്ള അണ്വായുധം ഉണ്ടാക്കാന്‍ വരെ ഉത്സാഹം കാണിച്ച രാഷ്ട്രപതി ഒരു ഭീകരന്‍ എന്ന് സുപ്രീം കോടതി വരെ മുദ്ര കുത്തിയ ഒരുവനെ തൂക്കിക്കൊല്ലാന്‍ മടിക്കുന്നു. തൂക്കിക്കൊന്നിട്ട് വേണം ഒന്ന്‍ പ്രതിഷേധിക്കാന്‍ എന്നും പറഞ്ഞ് സാമ്യൂഹ്യപ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുന്നു. ഒരു ആവേശത്തിന് മെഡലുകള്‍ തിരിച്ച് നല്‍കിയ വിധവകള്‍, ഉള്ളത് പോവുകയും ചെയ്തു, ആശിച്ചത് കിട്ടിയുമില്ല എന്ന അവസ്ഥയിലായി. ഇഷ്ടം പോലെ സമയമുണ്ടല്ലോ എന്ന ആശ്വാസത്തില്‍ അഫ്സലിനെ മോചിപ്പിക്കാന്‍ ഇനി അടുത്ത പരിപാടി എന്ത് വേണമെന്ന് ആലോചിച്ച് സഹഭീകരരും സമയം കൊല്ലുന്നു. പത്രങ്ങളും ജനങ്ങളും തത്കാലം ഇതൊക്കെ മറന്ന് ക്രിക്കറ്റിന്റേയും മറ്റും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിരക്കിലേയ്ക്ക് പോയി‍. ഭീകരര്‍ ഉയര്‍ത്തുന്ന ഭീഷണിയും ഒരു സുപ്രീം കോടതി വിധി വരെ നടപ്പിലാക്കാന്‍ കാണിക്കുന്ന അലംഭാവവും രാജ്യത്തെ നാണംകെടുത്തുന്നു.

എന്താണൊരു പ്രതിവിധി?

ഞാന്‍ നോക്കിയിട്ട് ഒന്നേ കാണുന്നുള്ളൂ. “അഫ്സല്‍ ആത്മഹത്യ ചെയ്യണം”

അപ്പോള്‍ രാഷ്ട്രപതിക്ക് വധശിക്ഷയിലെ തന്റെ തീരുമാനം കാരണം പൊല്ലാപ്പ് പിടിക്കേണ്ടി വരില്ല. മെഡല്‍ നല്‍കിയവര്‍ക്ക് അത് തിരിച്ചു കിട്ടും. ഭീകരര്‍ക്ക് തത്കാലം ഇനി ജനങ്ങളെ തോക്കിന്‍‌മുനയില്‍ നിര്‍ത്തി വിലപേശാന്‍ അവശരം ലഭിക്കില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മനുഷ്യസ്നേഹികള്‍ക്കും പരാതി ഇല്ല. എല്ലാവരും ഹാപ്പി. (അഫ്സലിന്റെ കുടുംബാംഗങ്ങള്‍ക്ക് വിഷമമാകുമെന്ന് തോന്നാം ഒറ്റനോട്ടത്തില്‍. പക്ഷെ അഫസല്‍ പണ്ട് ലഷ്കറേ തോയ്ബയില്‍ ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ അവര്‍ ഇങ്ങനെ ഒരു മരണവാര്‍ത്ത കേള്‍ക്കാ‍ന്‍ തയ്യാറായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.)

അതുകൊണ്ട് എന്റെ പൊന്ന് അഫ്സലേ, ഒന്ന് ആത്മഹത്യ ചെയ്യൂ പ്ലീസ്. നൂറ് കോടിയില്‍ പരം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ് താങ്കളുടെ കൂട്ടുകാര്‍ ചോദ്യം ചെയ്യുന്നത്. ഞങ്ങളെ സഹായിക്കാന്‍ താങ്കള്‍ക്കേ കഴിയൂ. താങ്കള്‍ക്ക് കോടി പുണ്യം കിട്ടും. ഞങ്ങളെ രക്ഷിക്കുന്നതിന് പ്രതിഫലമായി താങ്കളെ ഒരു വീരനായകനാക്കുന്ന കാര്യം ഞങ്ങളേറ്റു. ദിവസങ്ങളോളം താങ്കളുടെ ആത്മഹത്യാ വാര്‍ത്തകള്‍ (വീഡിയോ ലഭ്യമാണെങ്കില്‍ അതും) ഞങ്ങള്‍ ടി.വി.യില്‍ സം‌പ്രേക്ഷണം ചെയ്തു കൊള്ളാം. നാടൊട്ടുക്കും ഞങ്ങള്‍ പ്രതിഷേധ മാര്‍ച്ചുകളും കോലം കത്തിക്കലും നടത്താം. പറ്റുമെങ്കില്‍ പേരുകേള്‍ക്കാത്ത നല്ലൊരു ബീച്ച് നോക്കി താങ്കളുടെ പേര് ആ ബീച്ചിനിടാം. പോരാതെ ഞങ്ങള്‍ കേരളത്തില്‍ ഭാരത് ബന്ദും നടത്താം. മൂന്ന് മണിക്കൂര്‍ തൊട്ട് നാലു ദിവസം വരെ വരുന്ന പാക്കേജുകള്‍ ഞങ്ങളുടെ കയ്യില്‍ ലഭ്യമാണ്. അപ്പൊ ചെയ്യുകയല്ലേ?
posted by Sreejith K at 9:06 AM

10 Comments:

എനിക്ക് ഈ പോസ്റ്റ് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി എഴുതിയിരിക്കുന്നു, ശ്രീജിത്ത്. ഇതിലും നന്നായി ഈ വിഷയം അവതരിപ്പിക്കുവാന്‍ പറ്റില്ല എന്നു തോന്നുന്നു.
Blogger ശാലിനി, at Sun Jan 14, 11:59:00 AM GMT+5:30  
-------------------------------------------------------------
ആത്മഹത്യ ചെയ്യാന്‍ പറഞ്ഞ് ഒരു ഭീമഹര്‍ജി സമര്‍പ്പിച്ചാലോ ശ്രീ.

-സുല്‍
Blogger Sul | സുല്‍, at Sun Jan 14, 12:14:00 PM GMT+5:30  
-------------------------------------------------------------
അഫ്സലിനെ കൊല്ലാന്‍ സുപ്രീം കോര്‍ട്ട് വരെ രണ്ടു പ്രാവശ്യം പറഞ്ഞിട്ടും അതു നടപ്പാക്കാന്‍ എന്ത് കൊണ്ടു വൈകുന്നു എന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു കാര്യം ആണു. എനിക്കു തോന്നുന്നത് അവിടെയും ഒരു ന്യൂന പക്ഷ കളി നടന്നിട്ടുണ്ടെന്നു തോന്നുന്നു. പ്രെസിഡന്റു മുസ്ലിം ആയതു കൊണ്ടാണോ ഈ ശിക്ഷ വൈകുന്നതു എന്നു തോന്നിയാല്‍ കുറ്റം പറയാന്‍ കഴിയില്ല. സ്വന്തം പാര്‍ലിമെന്റ് ആക്രമിച്ച ഒരു പ്രതിയെ സുപ്രീം കോര്‍ട്ട് വധിക്കാന്‍ പറഞ്ഞിട്ടു നടപ്പാക്കാത്തതിനു യാതൊരു ന്യായീകരണവും ഇല്ല.

ശ്രീജിത്തിന്റെ പോസ്റ്റ് ആസ് യൂഷല്‍ ഉഗ്രന്‍ ആയിട്ടൊണ്ട്.
Anonymous Anonymous, at Sun Jan 14, 03:36:00 PM GMT+5:30  
-------------------------------------------------------------
മണ്ടത്തരങ്ങള്‍ മാത്രമല്ല ഒന്നാംതരം സറ്റയറും അതില്‍ത്തന്നെ കാര്യകാരണവിവേചനവും സാധിക്കാനാവുമെന്ന്‌ ശ്രീജിത്തിന്റെ ഈ പോസ്റ്റ്‌ തെളിയിക്കുന്നു.

വഴിയേ പോയ ഒരു നിരപരാധിയാണ്‌ അഫ്‌സലെന്ന്‌ ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്‌ കുടുംബമുണ്ടെന്നുകരുതി ഇത്ര ഗൌരവമുള്ള ഒരു കേസില്‍ ചടങ്ങിനുള്ള ശിക്ഷനല്‍കാനും കഴിയില്ല. സംഘപരിവാറിന്റെ ഇക്കാര്യത്തിലുള്ള വികാരം ഞാന്‍ മനിക്കുന്നില്ല. അത്‌ വികാരപരം മാത്രമാണ്‌. മറിച്ച്‌ ഒരു നാടിന്റെ നീതിനിയമങ്ങളുടെ നിലനില്‍പ്പും പരിപാലനവും ഉറപ്പുവരുത്താനുള്ള ദൃഢനിശ്ചയമാണ്‌ സുപ്രീംകോടതിയുടെ വിധി ലക്ഷ്യമാക്കുന്നത്‌. ഏതൊരു രാജ്യദ്രോഹിക്കും അക്രമിക്കും ഇതൊരു പഠമാകണം. (എല്ലാ കേസുകളിലും ഈ ഉറപ്പ്‌ 'I. S. I.' മാര്‍ക്കായി മാറുമോ എന്ന സംശയം മറച്ചുവെയ്ക്കുന്നില്ല.)
Blogger പി. ശിവപ്രസാദ്, at Sun Jan 14, 03:38:00 PM GMT+5:30  
-------------------------------------------------------------
ഒത്തിരി ചിന്തിപ്പിക്കുന്ന പോസ്റ്റു്.നീതി പീഠത്തിന്‍റേയും, ജനാധിപത്യ വ്യവസ്ഥിതിയുടെയും, നിസ്സഹായതയുടെ മുഖത്തിനു നേരേ വിരല്‍ ചൂണ്ടുന്നു ഈ പോസ്റ്റു്.
Anonymous Anonymous, at Sun Jan 14, 04:32:00 PM GMT+5:30  
-------------------------------------------------------------
കെട്ടിച്ചമച്ച വാദഘോഷങ്ങളുടെയും, ഫാസിസ്റ്റ്‌, മാധ്യമ ഭീകരതയുടെയും ഇരയാണയാള്‍ എന്ന് ഞാന്‍ കരുതുന്നു, സുപ്രീം കോടതിയുടെ വിധിന്യായത്തെ സംബന്ധിച്ച്‌ ഈ അടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അത്‌ ശരിവക്കുകയും ചെയ്യുന്നു...
Anonymous Anonymous, at Sun Jan 14, 08:21:00 PM GMT+5:30  
-------------------------------------------------------------
കെട്ടിച്ചമച്ച വാദഘോഷങ്ങളുടെയും, ഫാസിസ്റ്റ്‌, മാധ്യമ ഭീകരതയുടെയും ഇരയാണയാള്‍ എന്ന് ഞാന്‍ കരുതുന്നു, സുപ്രീം കോടതിയുടെ വിധിന്യായത്തെ സംബന്ധിച്ച്‌ ഈ അടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അത്‌ ശരിവക്കുകയും ചെയ്യുന്നു...
Anonymous Anonymous, at Sun Jan 14, 08:21:00 PM GMT+5:30  
-------------------------------------------------------------
മരണപ്പെട്ട ജവാന്മാരെക്കാളും അവരുടെ വിധവകളേക്കാളും പ്രധാനം അക്രമികള്‍ക്കാണോ? ആക്രമികള്‍ക്ക്‌ ഒരു "ഇര"കളുടെ പരിവേഷം നല്‍കുവാന്‍ ചിലര്‍ ശ്രമിക്കുകയും അതുല്‍ മാധ്യമങ്ങളെ മികച്ചരീതിയില്‍ ഉപയോഗുക്കുവാനും അവര്‍ക്ക്‌ കഴിയുകയും ചെയ്തു. ഗൗരവമുള്ള കേസുകള്‍ക്ക്‌ എന്തു സംഭവിക്കുന്നു എന്നുള്ളത്‌ ദേ കൊച്ചിയിലെ തോക്ക്‌ കേസിനു സംഭവിച്ചത്‌ ഇന്നലെവരെ നാം ടി.വി.യില്‍ കണ്ടതാണ്‌.

മനുഷ്യാവകാശപ്രവര്‍ത്തനം എന്നത്‌ ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തിലും മാധ്യമങ്ങളിലും കാണുന്ന കോപ്രായമോ/ആരെയെങ്കിലും പ്രീണിപ്പിക്കുവാനുള്ള സംഗതിയോ അല്ലെന്ന് ആരും പറയുന്നില്ല.സാധാരണജനങ്ങളെ നിഷ്കരുണം കൊന്നൊടുക്കുന്ന ഭീകരന്മാരോട്‌ എന്തിനു മനുഷ്യാവകാശങ്ങള്‍ കാണിക്കണം?

വിന്‍സ്‌: താങ്കള്‍ പ്രസിഡണ്ടിനെ കുറിച്ച്‌ പരാമര്‍ശിചതിനോട്‌ യോജിക്കുവാന്‍ ആകില്ല. അദ്ദേഹത്തെ വൃത്തികെട്ട രാഷ്ട്രീയക്കാരുടെ ഗണത്തില്‍ പെടുത്തരുത്‌.

ഇബ്നു സുബൈറേ: ഈ പറയുന്ന ഫാസിസ്റ്റ്കളും മധ്യമങ്ങളും മാത്രമാണോ കുറ്റക്കാര്‍. എന്തുകൊണ്ടാണെന്ന് അറിയില്ല ഈയ്യിടെയായി കള്ളനെപിടിച്ചാലും പെണ്‍ വാണിഭക്കാരനെപിടിച്ചലും ചാരന്‍/ഭീകരന്‍ എന്നിവരെ ഒക്കെപിടിച്ചലും ഉടന്‍ മാധ്യമങ്ങളുടെ നെഞ്ചത്തോട്ടാ കയറ്റം. പിടിക്കപ്പെടുന്നവരെ ഇരകളാക്കി രഷപ്പെടുത്തുന്ന തന്ത്രം നാളെ നമുക്ക്‌ തെന്നെയാ ദോഷം.
Anonymous Anonymous, at Mon Jan 15, 03:24:00 PM GMT+5:30  
-------------------------------------------------------------
ഭരണകൂടം ഒരു പഞ്ചപ്പാവമാണെന്നും ഏത് കശ്മീരിയും കൊടും ഭീകരനാണെന്നും കേവലമായി വിശ്വസിക്കുന്ന ആര്‍ക്കും അഫ്സല്‍ ഭീകരനാവാതെ തരമില്ല. ഭരണവര്‍ഗം സമര്‍ഥമായി നിര്‍മിച്ചെടുത്ത 'ഭീകരന്‍' എന്ന അധീശാനുകൂല വാര്‍പ്പുമാതൃകയുടെ എല്ലാ ലക്ഷണങ്ങളും പേറുന്ന അഫ്‌സലിന്‌ (തിങ്ങിയ 'താടി'യുള്ള ഒരു 'കശ്മീരി' 'മുസ്ലിം' ) ജീവിതത്തിന്റെ പവിത്രതയില്‍ ഉറച്ചു വിശ്വസിക്കുന്ന മുഴുവന്‍ മനുഷ്യസ്നേഹികളും എത്രയുച്ചത്തില്‍ ശബ്ദിച്ചാലും നീതി ലഭിക്കാനും പോകുന്നില്ല....

സുപ്രീം കോടതി പോലും പറയുന്നത് അഫ്സലിന്‌ വധശിക്ഷ നല്‍കിയില്ലെങ്കില്‍ സമൂഹ മനഃസാക്ഷിക്ക് തൃപ്തി വരില്ലെന്നാണ്‌, അഫ്സലിനെതിരെ തെളിവുണ്ടെന്നല്ല! അധീശാനുകൂല മാധ്യമങ്ങളും പിന്തിരിപ്പന്‍ ഭരണവര്‍ഗവും ചേര്‍ന്നു രൂപപ്പെടുത്തിയ അധീശത്വ സാമാന്യബോധത്തെയാണ്‌ കോടതി സമൂഹ മനഃസാക്ഷിയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്. ഭ്രാന്തവും രോഗാതുരവുമായ സാമൂഹ്യ മനഃസാക്ഷിക്കു മുന്നില്‍, സമൂഹത്തിന്റെ കാടന്‍ രതിമൂര്‍ച്ഛക്കു മുമ്പില്‍ സ്വന്തം ഭര്‍ത്താവിനെ എറിഞ്ഞു കൊടുക്കേണ്ടി വന്ന തബസ്സും (അഫ്സലിന്റെ 'വിധവ') എന്തു മാത്രം ഭാഗ്യവതിയാണ്‌!
Blogger മൗലികവാദി, at Sat Mar 17, 05:47:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ, അഫ്സലിന്റെ കാര്യം ഇനി പാര്‍ലമെന്റില്‍ ആണു. പാര്‍ലമെന്റാക്രമണം എന്ന ദു:സ്വപ്നത്തോടു പാര്‍ലമെന്റംഗങ്ങള്‍ പ്രതികരിക്കുന്നതും ഇനി വൈകാരികമായിട്ടായിരിക്കാം.

ഒരു ഇന്‍ഫോര്‍മര്‍ ആയിരുന്ന അഫ്സലിനെ പിടികൂടി മുഖ്യപ്രതിയായി പരിഗണിക്കുന്ന നമ്മുടെ പാപ്പരത്വം നിവ്ര്ത്തികേടോ അതോ ആരെയെങ്കിലും രക്ഷപ്പെടുത്താനോ? മൗലികവാദിയും അനോനിയും ഇതു യഥാര്‍ത്ഥ ഐഡിയില്‍ പറഞ്ഞാലും പ്രശ്നമില്ല. ബഹു. രാഷ്ട്രപതിക്കു ഇക്കാര്യങ്ങള്‍ ഞങ്ങള്‍ ചിലര്‍ മെയില്‍ ചെയ്തിരുന്നു.
Blogger കൈയൊപ്പ്‌, at Sat Mar 17, 11:54:00 PM GMT+5:30  
-------------------------------------------------------------

Add a comment