ലൊട്ടുലൊടുക്ക്

Sunday, March 04, 2007

ബ്ലോഗ് മോഷണം, എന്റെ പ്രതിഷേധം


വലിയ ബഹളങ്ങളൊന്നുമില്ലാതെയായിരുന്നു യാഹൂ, മലയാളം പോര്‍ട്ടല്‍ തുടങ്ങിയത്. ഗൂഗിളും എം.എസ്.എന്നും ഇന്ത്യന്‍ ഭാഷകളില്‍ താത്പര്യം കാണിച്ച് തുടങ്ങിയതിന്റെ ബാക്കിപത്രമായിരുന്നു യാഹുവിന്റെ ഈ ഉദ്യമം.

എന്നാല്‍ തിടുക്കത്തില്‍ ഈ പോര്‍ട്ടല്‍ ഒരുക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി പല പിഴവുകളും ഈ പോര്‍ട്ടലിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പറ്റുകയുണ്ടായി. അക്ഷരത്തെറ്റുകളും തെറ്റായ ലിങ്കുകളും ഇല്ലാത്ത രീതിയില്‍ പോര്‍ട്ടല്‍ ഒരുക്കേണ്ടത് പ്രൊഫഷണലിസം ഉള്ള ഒരു കമ്പനിയില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നതാണ്. പക്ഷെ അത്തരം അബദ്ധങ്ങള്‍ പോര്‍ട്ടലില്‍ നിറയെ ഉണ്ടായിരുന്നു. അതിനേക്കാള്‍ ഗുരുതരമായ പിഴവും കടന്നുകൂടി പോര്‍ട്ടലില്‍. മലയാളം ബ്ലോഗുകളിലെ പോസ്റ്റുകള്‍ യാഹൂ സ്വന്തം പേജുകളില്‍ നിറയ്ക്കുകയും എല്ലാ പേജുകളിലേതുപോലെ ഇവയിലും കോപ്പിറൈറ്റ് നോട്ടീസ് പതിക്കുകയും ചെയ്തു. അതായത് അവരുടേതല്ലാത്ത ലേഖനങ്ങള്‍ക്കുപോലും അവകാശം അവര്‍ക്കായി. (ഇത് കാലാകാലങ്ങളായി പല അമേരിക്കന്‍ കമ്പനികളും ഇന്ത്യന്‍ ഉത്പന്നങ്ങളില്‍ നടത്തുന്ന കൈയ്യേറ്റത്തിന്റെ ഗണത്തില്‍പ്പെടുത്താം).

സൂര്യഗായത്രി എന്ന ബ്ലോഗറുടെ കറിവേപ്പില എന്ന ബ്ലോഗാണ് മോഷണം പോയവയില്‍ പ്രമുഖം. നളപാചകം എന്ന ബ്ലോഗിലെ കൃതികളും മോഷ്ടിക്കപ്പെട്ടിരുന്നു. ഇതിനെതിരേ സൂ സ്വന്തം ബ്ലോഗില്‍ ഒരു പോസ്റ്റിട്ട് പ്രതികരിച്ചപ്പോള്‍ സൂവിന് സഹായ വാഗ്ദാനങ്ങളുമായും പിന്തുണയുമായും ബ്ലോഗേര്‍സ് കൂടെ അണിനിരന്നു. അതോടെ പ്രതിഷേധം ശക്തമായി.

ഇതാദ്യമായല്ല ബ്ലോഗ് ലോകത്ത് മോഷണം നടക്കുന്നത്. വ്യക്തികള്‍ നടത്തിയ ബ്ലോഗ് മോഷണങ്ങള്‍ (സ്വന്തം ബ്ലോഗില്‍ മറ്റുള്ള ബ്ലോഗില്‍ നിന്ന് എടുത്ത പോസ്റ്റ് ഇടുക) ഫോണ്‍ വിളികളിലൂടെയും കമന്റുകളിലൂടെയും നാം പ്രതിരോധിച്ചു. സൈറ്റുകള്‍ നടത്തിയ മോഷണങ്ങളും (പുഴ.കോം ഒരു ആര്‍ട്ടിക്കിളില്‍ ഇട്ട പോസ്റ്റുകളും ചിന്ത.കോം ലെ അഗ്രഗേറ്റര്‍ പോസ്റ്റ് മുഴുവനായും പോര്‍ട്ടലില്‍ കാണിക്കുന്നതും) കമന്റുകളിലൂടെയും നേരിട്ട് അവരുമായി ബന്ധപ്പെട്ടതും വഴി പരിഹാരം കാണാന്‍ കഴിഞ്ഞു. എന്നാല്‍ ഇത്തവണ പ്രശ്നം സങ്കീര്‍ണ്ണമായിരുന്നു.

യാഹൂ എന്ന ബഹുരാഷ്ട്രക്കുത്തക ആണ് മറുവശത്ത് എന്നതായിരുന്നു അതില്‍ മുഖ്യം. നേരില്‍ അവരുമായി സംവദിക്കുക എളുപ്പമായിരുന്നില്ല. രണ്ടാമത്, ഇതില്‍ ബ്ലോഗേര്‍സും യാഹൂവും അല്ലാതെ മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നതാണ്. വെബ്ദുനിയ എന്ന കണ്ടന്റ് പ്രൊവൈഡേര്‍സായിരുന്നു അത്. യാഹൂവിന്റെ പോര്‍ട്ടലില്‍ വന്ന പോസ്റ്റുകള്‍ മുഴുവന്‍ വെബ്ദുനിയ നല്‍കിയതായിരുന്നു.

മോഷണം ചൂണ്ടിക്കാട്ടി യാഹൂവിന് പരാതി അയച്ചപ്പോള്‍, പോര്‍ട്ടലിന്റെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് വെബ്ദുനിയ ആണെന്നും അവരോട് സംസാരിക്കൂ എന്നുമാണ് പരാതിക്കാര്‍ക്ക് മറുപടി ലഭിച്ചത്. കൂടാതെ തര്‍ക്കവിഷമായ പേജുകള്‍ മുഴുവന്‍ യാഹൂ സ്വന്തം പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. പ്രശ്നത്തെ നിസ്സാരവല്‍ക്കരിച്ചതും ഉത്തരവാധിത്വത്തില്‍ നിന്ന് കൈയ്യൊഴിഞ്ഞതും ബ്ലോഗേര്‍സിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. അതുകൊണ്ട് തന്നെ വെബ്ദുനിയയുമായി യാതൊരു വിധ നീക്കുപോക്കിനും അവര്‍ തയ്യാറായില്ല, വെബ്ദുനിയ പരസ്യമായി മാപ്പ് പറഞ്ഞ് ഉചിതമായ നഷ്ടപരിഹാരം നല്‍കാം എന്ന് പറഞ്ഞിട്ടും.

യാഹൂ പരസ്യമായി മാപ്പ് പറഞ്ഞേ മതിയാകൂ എന്നതാണ് ഇപ്പോള്‍ പ്രതിഷേധക്കാരുടെ നിലപാട്. ഇതില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തരാവില്ലെന്നും, അതു വരെ പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും ഇവര്‍ ആണയിടുന്നു. അതിന്റെ ഭാഗമായി മാര്‍ച്ച് 5-ന് ബ്ലോഗേര്‍സ് മുഴുവന്‍ സ്വന്തം ബ്ലോഗില്‍ യാഹൂവിനെതിരേ പ്രതിഷേധിച്ചുകൊണ്ട് പോസ്റ്റ് ഇടണമെന്നതാണ് ഇവര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഞാനും ഒരു പോസ്റ്റ് ഇവിടെ ഇടുന്നു.

സുഹൃത്തുക്കളുടെ മുന്നില്‍ മാപ്പ് പറയുന്നത് പോലും വലിയ അഭിമാനപ്രശ്നമായി മനുഷ്യര്‍ കാണുന്ന ഇക്കാലത്ത്, യാഹൂ പോലെയുള്ള ഒരു ബഹുരാഷ്ട്ര ഭീമന്‍, കുറച്ച് ബ്ലോഗേര്‍സിന്റെ പ്രതിഷേധത്തിനുമുന്നില്‍ മുട്ട് കുത്തുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം. പകര്‍പ്പവകാശത്തിന് അതീതമായ പാചകക്കുറിപ്പുകളാണ് മോഷ്ടിക്കപ്പെട്ടത് എന്നത് കൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ യാഹൂ തയ്യാറാകുമോ എന്നതും കണ്ടു തന്നെ അറിയണം. നല്ലത് മാത്രം എല്ലാവര്‍ക്കും വരട്ടെ എന്ന് നമുക്കാശിക്കാം.
posted by Sreejith K at 1:35 AM

17 Comments:

-:)
Blogger വിഷ്ണു പ്രസാദ്, at Sun Mar 04, 09:23:00 AM GMT+5:30  
-------------------------------------------------------------
ചാത്തനേറ്: ശ്രീജിത്തെന്ന ബ്ലോഗ് ഭീമനെക്കൊണ്ട് ഇങ്ങനൊരു പ്രതിഷേധക്കുറിപ്പിറപ്പിക്കാന്‍ പറ്റുമെങ്കില്‍ അസാധ്യമായി എന്തുണ്ട്?
Blogger കുട്ടിച്ചാത്തന്‍, at Sun Mar 04, 11:29:00 AM GMT+5:30  
-------------------------------------------------------------
“പകര്‍പ്പവകാശത്തിന് അതീതമായ പാചകക്കുറിപ്പുകളാണ് മോഷ്ടിക്കപ്പെട്ടത് എന്നത് കൊണ്ട് ...”

വിയോജിപ്പുണ്ട്. ഈ അമേരിക്കന്‍ ലിങ്ക്‌ കാണുക: http://www.copyright.gov/fls/fl122.html

ഇന്ത്യന്‍ നിയമം അറിഞ്ഞുകൂടാ.
Blogger സിബു::cibu, at Sun Mar 04, 12:08:00 PM GMT+5:30  
-------------------------------------------------------------
പ്രതിഷേധിക്കണം എന്നാഗ്രഹം ഉണ്ട്.. പക്ഷെ മനസ്സാക്ഷി സമ്മതിക്കുന്നില്ല ശ്രീജിത്ത്. മിക്ക ഗാനങ്ങളും ഞാന്‍ പല കമ്മ്യൂണിറ്റി പോര്‍ട്ടലുകളിലും പോയി mp3 ഫോര്‍മറ്റില്‍ ഡൌണ്‍ലോഡ് ചെയ്തു കേള്‍ക്കാറുണ്ട്.. പിന്നെ ഞാന്‍ ചില ക്രാക്ക് ചെയ്ത സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്നു, ആ ഞാന്‍ പ്രതിഷേധിക്കാന്‍ അര്‍ഹനല്ല.. എല്ലാം ഡിലീറ്റ് ചെയ്ത് , ശുദ്ധീകരണം നടത്താനുള്ള ശ്രമത്തിലാണ്..
Blogger ഫാരിസ്‌, at Sun Mar 04, 12:26:00 PM GMT+5:30  
-------------------------------------------------------------
പകര്‍പ്പവകാശത്തിന് അതീതമായ പാചകക്കുറിപ്പുകളാണ് മോഷ്ടിക്കപ്പെട്ടത് എന്നത് കൊണ്ട് ...

പേജില്‍ നിന്നും ഒരു സിമ്പിള്‍ ഉത്തരം:

According to copyright lawyers, a listing of contents of a recipe cannot be copyrighted, but the explanation of the procedure in one's own language is under protection.

does that make ample sense?
Blogger evuraan, at Sun Mar 04, 12:48:00 PM GMT+5:30  
-------------------------------------------------------------
ഫാരിസ് പറഞ്ഞതിനോടു യോജിക്കുന്നു. ശ്രീജിത്തിനോടും. മറ്റൊരു പോസ്റ്റില്‍ റാല്‍മിനോവ് പറഞ്ഞ പലതിനോടും എനിക്ക് യോജിപ്പാണുള്ളത്. എങ്കിലും എന്റെ പ്രതിഷേധം രേഖപ്പെടുത്തുവാന്‍ ഈ അവസരം ഉപയോഗിക്കുന്നു.അതേ സമയം എന്റെ പ്രതിഷേധം ഈ കമന്റില്‍ ഒതുക്കുകയും ചെയ്യുന്നു.

ബ്ലോഗിലെ കോപ്പിറൈറ്റിനെക്കുറിച്ച് സംശയങ്ങളുണ്ട്. ഒരാളുടെ രചനകള്‍ മറ്റൊരാള്‍ അനുവാദം കൂടാതെ മറ്റൊരിടത്ത് പ്രകാശിപ്പിക്കപ്പെടുന്നതിന്റെ വേദന മനസ്സിലാക്കുന്നു.ഒരിക്കലും ആശയമോഷണങ്ങള്‍ അനുവദിച്ചുകൂടാത്തതാണ്, പ്രതിഷേധിക്കപ്പെടേണ്ടതാണ്.

ഒരു സംശയം ബാക്കിനില്‍ക്കുന്നു. സുവിന്റെ പാചകക്കുറിപ്പുകളുടെ മോഷണമാണല്ലോ നമ്മുടെ പ്രതിഷേധത്തിന് ആധാരം. ആവശ്യമായ സാധങ്ങള്‍ ക്രമം മാറ്റിക്കൊടുക്കുകയും ‘പാചകം ചെയ്യുന്ന വിധത്തില്‍’ ചെറിയ മാറ്റങ്ങളൊക്കെ വരുത്തുകയും ചെയ്തിരുന്നെങ്കില്‍ അത് മോഷണമാണെങ്കിലും മോഷണമാണെന്നു കരുതാന്‍ കഴിയുമായിരുന്നോ?
Blogger njjoju, at Sun Mar 04, 12:56:00 PM GMT+5:30  
-------------------------------------------------------------
ഫാരിസ് ഒരു സംശയം. എം.പി.3 പാട്ടുകള്‍ ഡൌന്‍‍ലോഡ് ചെയ്യാന്‍ പറ്റുന്ന സൈറ്റുകളില്‍ നിന്നല്ലേ ആവശ്യമുള്ളവര്‍ എടുക്കുന്നുള്ളൂ..അത്‌ അവര്‍ സ്വയം കേള്‍ക്കാന്‍ മാത്ര ഉപയോഗിക്കുന്നു. ഇത് പൊതു പരിപാടികളിലോ സഭയിലോ ഇത് സ്വന്തമാണെന്നു പറഞ്ഞ് അവതരിപ്പിക്കുന്നില്ലല്ലോ.
യാഹൂ പക്ഷേ ചെയ്തത് സ്വന്തം എന്നു കരുതുന്ന തരത്തിലല്ലേ..
Blogger കൃഷ്‌ | krish, at Sun Mar 04, 02:33:00 PM GMT+5:30  
-------------------------------------------------------------
കൃഷ്,
ഉടമയുടെ അനുവാദമില്ലാതെ എന്തു് തന്നെ ഉപയോഗിക്കുന്നതും നന്നല്ല. കള്ളന്മാരുണ്ടാവുന്നതു് മോഷണമുതല്‍ വാങ്ങാനാളുള്ളതു് കൊണ്ടാണു്.ukwys
Blogger Ralminov റാല്‍മിനോവ്, at Sun Mar 04, 02:49:00 PM GMT+5:30  
-------------------------------------------------------------
അതല്ല ഞാന്‍ പറഞ്ഞത് കൃഷ് ബായ്.. ഞാന്‍ പുതിയ പാട്ടുകളുടെ (മലയാളം, ഹിന്ദി etc..) mp3 ഒരുപാട് ഡൌണ്‍ലോഡ് ചെയ്യാറുണ്ട്. അത് ഒരുപാട് കാശ് ചിലവാക്കി കാസറ്റ് കമ്പനി ഇറക്കുന്നതല്ലെ? സ്വയം കേള്‍ക്കാനാണെങ്കിലും അത് നിയമലംഘനമാണ്. മോഷണമാണ്.. ഒരു മോഷ്ടാവായ് ഞാന്‍ വേറൊരു മോഷ്ടാവായ യാഹുവിനെതിരെ എങിനെ പ്രതികരിക്കും. എനിക്ക് ഇപ്പോള്‍ കുറ്റബോധം തോന്നുന്നു ഈ MP3 കള്‍ ഡോണ്‍ലോഡ് ചെയ്തതിന്. എന്റെ മനപ്രയാസമാണ് ഞാന്‍ പറഞ്ഞത്..കൃഷ് ചേട്ടാ..
Blogger ഫാരിസ്‌, at Sun Mar 04, 02:51:00 PM GMT+5:30  
-------------------------------------------------------------
പല സൈറ്റുകളിലും ചില ഗെയിംസുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ തുടങ്ങി എം.പി.3 വരെ ദാ.. ഇവിടുന്ന്‌ ഡൌന്‍‍ലോഡ് ചെയ്തോ.. ഇവിടുന്ന്‌ ഫ്രീ ആയി എടുത്തൊ.. എന്നെല്ലാം പറഞ്ഞ് തരുന്നു. നമ്മള്‍ നേരിട്ട് മോഷ്ടിക്കുകയല്ല. ഫ്രീ ആയി കിട്ടുന്നത് എടുക്കുന്നു. നമ്മള്‍ മാത്രം ഉപയോഗിക്കുന്നു, വേറൊരാള്‍ക്ക് കൊടുക്കുന്നില്ല, പ്രദര്‍ശിപ്പിക്കുന്നില്ലാ, ലാഭാമുണ്ടാക്കുന്നില്ലാ. ഇതെല്ലാം ലൈസന്‍സില്ലാതെയാണ് തരുന്നതെങ്കില്‍ ആ തരുന്നവരല്ലെ കുറ്റക്കാര്‍. -- ഞാന്‍ ഇത്രയെ ഉദ്ദേശിച്ചുള്ളൂ.

( കള്ളന്‍ മോഷ്ടിച്ച് ഒരു പങ്ക്‌ പള്ളിയിലേയോ അമ്പലത്തിലേയൊ ഭണ്ടാരപെട്ടിയിലിട്ടാള്‍ ദൈവവും കുറ്റക്കാരനാവുമോ.)
Blogger കൃഷ്‌ | krish, at Sun Mar 04, 03:08:00 PM GMT+5:30  
-------------------------------------------------------------
ഇതൊരുമാതിരി യാഹുവിന്റെ വിശദീകരണം പോലെയായല്ലോ കൃഷ് !
എന്റെ "ഭണ്ഡാര"ത്തില്‍ ദുനിയാവാല മോട്ടിച്ചുകൊണ്ടിട്ടതിനു് ഞാന്‍ കുറ്റക്കാരനാകുമോ എന്നു് യാഹൂ ചോദിക്കുന്നതു് പോലെ.
Blogger Ralminov റാല്‍മിനോവ്, at Sun Mar 04, 04:08:00 PM GMT+5:30  
-------------------------------------------------------------
യാഹൂ അറിയാണ്ട് കൊണ്ട് അവരുടെ സൈറ്റില്‍ വെബ്‍ദുനിയാ ഇട്ടതല്ലല്ലോ.. യാഹൂ കാശ് കൊടുത്ത് നിയമിച്ച ആള്‍ ഇത് ഞങളുടേത് മാത്രമാണെന്ന് പറഞ്ഞ് സമര്‍പ്പിച്ചതല്ലേ.. അതിന് കാശും വാങിയില്ലേ. അതിനുശേഷമല്ലെ യാഹൂ ഇത് ഞങ്ങളുടെയാണ്, ഇവിടെനിന്നും എടുത്താല്‍ കോപ്പിറൈറ്റ് ബാധകം എന്നു പറയുന്നത്.
Blogger കൃഷ്‌ | krish, at Sun Mar 04, 04:16:00 PM GMT+5:30  
-------------------------------------------------------------
പ്രതിഷേധത്തില്‍ ഞാനും പങ്കാളിയാകുന്നു ശ്രീജിത്ത്‌.... വിദേശ കുത്തകകളുടെ അധിനിവേശം ബ്ലോഗിങ്ങിലും തുടങ്ങിയിരിയ്ക്കുന്നു എന്നറിഞ്ഞ്‌ അല്‍ഭുതവും വല്ലാത്ത ദേഷ്യവും തോന്നുന്നു.... പ്രതികരിയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇനിയും ആലോചിക്കേണ്ടിയിരിയ്കുന്നു.
Blogger സൂര്യോദയം, at Sun Mar 04, 04:22:00 PM GMT+5:30  
-------------------------------------------------------------
അതായതു് ഉദയനാണു് താരം എന്ന സിനിമയിലെപ്പോലെ. ഇവിടെ "ഉദയന്‍" പരാതിപ്പെട്ടപ്പോള്‍ "സിനിമ" ഉപേക്ഷിച്ചില്ലേ ?

[ഞാന്‍ യാഹൂവിനേയോ ദുനിയാവിനേയോ ന്യായീകരിക്കുകയല്ല. മറിച്ചു് യെംപീത്രീ ഡവുണ്‍ലോഡ് ചെയ്തു് കേള്‍ക്കുന്നതും കുറ്റകരമാണെന്നഭിപ്രായപ്പെടുകയാണു് ]
Blogger Ralminov റാല്‍മിനോവ്, at Sun Mar 04, 04:29:00 PM GMT+5:30  
-------------------------------------------------------------
സിബു, ഏവൂരാന്‍. പാചകക്കുറിപ്പുകള്‍ക്ക് എത്രത്തോളം പകര്‍പ്പവകാശനിയമം ബാധകമാണെന്ന് ഒരു വക്കീലിനോട് ചോദിച്ചാല്‍ എളുപ്പം മനസ്സിലാക്കാവുന്നതല്ലേയുള്ളൂ? ഞാന്‍ അത് ഈ പോസ്റ്റ് ഇടുന്നതിനുമുന്‍പ് ചോദിച്ച് ഉറപ്പ് വരുത്തിയിരുന്നു.

വിശദമായി അതിനെക്കുറിച്ച് സംസാരിച്ച്, വിഷയം മാറ്റണോ ഇപ്പോള്‍? മാര്‍ച്ച് അഞ്ചാം തിയതി എങ്കിലും കഴിയട്ടെ.
Blogger ശ്രീജിത്ത്‌ കെ, at Sun Mar 04, 06:11:00 PM GMT+5:30  
-------------------------------------------------------------
ബ്ലോഗ്‌ മോഷണത്തെപറ്റിയുള്ള പ്രതിഷേധം ഊതിപ്പെരുപ്പിക്കപ്പെട്ടു എന്ന അഭിപ്രായം ഒരുപാട്‌ മലയാളം ബ്ലോഗുകളില്‍ തന്നെ കണ്ടു. ശ്രീജിത്തിന്റെ പ്രതിഷേധത്തിലെ സൗമ്യതയോടും സമചിത്തതയോടും നൂറുശതമാനം യോജിക്കുന്നു. പിന്നെ പകര്‍പ്പവകാശത്തെക്കുറിച്ചു പരാതിപറയാന്‍ യോഗ്യത ഉള്ള ബ്ലോഗ്ഗേഴ്സ്‌ വളരെകുറച്ചേ ഉണ്ടാകൂ. വിന്‍ഡോസ്‌ ഉപയോഗിക്കുന്നവര്‍ 90%വും അനധികൃത സോഫ്റ്റ്‌ വെയര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാണ്‌; സാങ്കേതികമായല്ല, പ്രായോഗികമായി. പിന്നെ മള്‍ട്ടിമീഡീയ പകര്‍പ്പവകാശം. നമ്മുടെ ബ്ലോഗ്ഗേഴ്സ്‌ പലരും പാട്ടുകള്‍ പാടി പോസ്റ്റ്‌ ചെയ്യുന്നുണ്ട്‌. അതുപോലും നിയമപരമായി ശരിയാവണമെന്നില്ല. (യേശുദാസും തരംഗിണിയും ഉള്‍പെട്ട സമീപകാല കോലാഹലം മറന്നിട്ടുണ്ടാവില്ലല്ലോ; ഗാനമേളകളില്‍ പാടുന്ന പാട്ടുകള്‍ക്ക്‌ അവകാശം വാങ്ങിയിരിക്കണം എന്ന് വിജയ്‌ യേശുദാസ്‌ ആവശ്യപ്പെട്ടതൊക്കെ...). പിന്നെ അവകാശമില്ലാതെ ഡൗണ്‍ലോഡ്‌/ അപ്‌ ലോഡ്‌ ചെയ്യുന്ന പാട്ടുകളുടെ കാര്യം പറയാനുമില്ല. അതുകൊണ്ട്‌ ഒരുപാട്‌ കോലാഹലങ്ങള്‍ ഉണ്ടാകാതിരിക്കുന്നതാണ്‌ നല്ലത്‌.

ശ്രീജിത്ത്‌, ഞാന്‍ വൈകിവന്ന ആളാണെന്നറിയാമല്ലോ. ഈ ബ്ലോഗ്‌, ഇതിലെ വാര്‍ത്താവിശകലനങ്ങള്‍ പ്രത്യേകിച്ചും, വളരെ ഇഷ്ടപ്പെട്ടു. ഞാന്‍ ഇവിടെയൊക്കെ കാണും കേട്ടാ...
Blogger Manu, at Mon Apr 02, 12:58:00 AM GMT+5:30  
-------------------------------------------------------------
I too had a simialr experience... but then,, the reposting was in Malay-blog ( language of indonesia - malaysia).. so could not get much information..As long as there is html... there is going to be plagarisim
Blogger Deepa, at Wed May 23, 06:13:00 PM GMT+5:30  
-------------------------------------------------------------

Add a comment