Thursday, May 24, 2007
ചില്ലി ഇഡ്ഡലി
മുംബൈയില്‍ ബാന്റപ്പിലുള്ള ആര്യാസ് ഹോട്ടലിലെ മെനുവില്‍ വച്ചാണ് ഇവനെ ഞാന്‍ കാണുന്നത്. മെനുവിലെ ചിത്രം വായില്‍ വെള്ളം നിറയ്ക്കാന്‍ പാകത്തിലുള്ളതായിരുന്നു. കണ്ടിട്ട് ഗോപി മഞ്ചൂരിയാന്റെ ഒരു ച്ഛായ. ചുവന്ന്, മൊരിഞ്ഞ്, നന്നായി വിളമ്പിവച്ചിരിക്കുന്ന ഇവന്റെ ചിത്രം കണ്ടിട്ട് കൊതിയായിപ്പോയി. ഉടന്‍ തന്നെ വെയിറ്ററെ വിളിച്ച് ഇവന്റെ കുടുമ്പത്തെക്കുറിച്ചും ജനനത്തെക്കുറിച്ചും ഒക്കെ അരാഞ്ഞു.
ഇതൊരു ചൈനീസ് വിഭവം ആണത്രേ. മെനുവിലും ചൈനീസ് വിഭവങ്ങളുടെ കൂടെത്തന്നെ ഇതിന്റെ സ്ഥാനം. ചൈനക്കാരന് ഇഡ്ഡലിയോ? ഞാനൊന്ന് ഞെട്ടി. എന്തോ പൊരുത്തക്കേടുണ്ടല്ലോ. എന്റെ സംശയം കേട്ട് വെയിറ്റര്‍ അതുണ്ടാക്കുന്ന രീതിയും പറഞ്ഞുതന്നു. നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന അരിഇഡ്ഡലിയെ നാലായി മുറിച്ച്, അതിനെ എണ്ണയില്‍ വറുത്തെടുത്ത് മസാല ചേര്‍ത്ത് മൊരിച്ചെടുക്കുകയാണത്രേ ചെയ്യുന്നത്. എന്തായാലും ഒന്ന് ശ്രമിച്ച് നോക്കാം എന്ന് കരുതി ഞാന്‍ ഓര്‍ഡര്‍ കൊടുത്തു.
സംഭവം അതു തന്നെ. ഇഡ്ഡലി അകത്ത്, മസാല പുറത്ത്. ഉഗ്രന്‍ രുചിയും. എങ്കിലും കഴിച്ച് കഴിഞ്ഞും എന്റെ സംശയം നില നിന്നു. ഇതെങ്ങിനെ ചൈനീസ് വിഭവമായി? ഇഡ്ഡലി അങ്ങോട്ട് പോയതാണോ മസാല ഇങ്ങോട്ട് വന്ന് ഇഡ്ഡലിയെ കീഴടക്കിയതാണോ? ഇഡ്ഡലിയുടെ ഇങ്ങനെയുള്ള ഉപയോഗം കണ്ടു പിടിച്ചത് വല്ല ചൈനക്കാരനായിരിക്കുമോ? ഇനി അതും അല്ല, ഉള്ളില്‍ എന്തായാലും പുറത്തുള്ള മസാല എങ്ങിനെ എന്നു നോക്കിയാണോ വിഭവം ഏത് ഗണത്തില്‍ പെടണം നിശ്ചയിക്കുന്നത്? ചിലപ്പൊ ആയിരിക്കും. ഇറ്റലിയില്‍ നിന്ന് വന്ന പീറ്റ്സയെ തണ്ടൂരി ചിക്കണും ചിക്കണ്‍ ടിക്ക മസാലയും ഒക്കെ മുകളില്‍ ഇട്ട് ഭാരതീയന് ആക്കിയവരല്ലേ നമ്മള്. ഇതും അതുപോലെയുള്ള ഒരു സങ്കരയിനം തന്നെയാവണം. ഇങ്ങനെ പോയാല്‍ ഇനി ദോശ പീറ്റ്സയും പുട്ട് പാസ്തയും കപ്പ ബര്‍ഗ്ഗറും ഒക്കെ വിപണിയില്‍ ലഭ്യമാകുന്ന കാലം വിദൂരമല്ല.
Wednesday, May 16, 2007
കള്ളമണല്‍

എറണാകുളം സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയില്‍ നിന്നെടുത്ത ചിത്രം. ചിത്രത്തില്‍ കാണുന്നത് അനധികൃതമായി കടത്തിക്കൊണ്ട് പോകുകയായിരുന്ന മണല്‍, പിടിച്ചെടുത്ത് കൂട്ടിയിട്ടിരിക്കുന്നത്.
ഒരു ലോഡ് മണലിന് 4000 മുതല്‍ 8000 രൂപ വില വരെ മണല്‍ മാഫിയകള്‍ ഈടാക്കുന്നുണ്ട് ഇപ്പോള്‍. നൂറുകണക്കിന് ലോറികളില്‍ നിന്ന് ചൊരിഞ്ഞ ഈ മണല്‍ക്കൂനകളുടെ മതിപ്പ് എത്രയെന്ന് അപ്പോള്‍ ഊഹിക്കാം. എറണാകുളത്തും പരിസരപ്രദേശത്തും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മണല്‍ക്ഷാമം ഉണ്ടാകുമ്പോഴും ഈ മണല്‍ ഇങ്ങനെ കാറ്റും മഴയുമേറ്റ് കിടന്ന് ആര്‍ക്കും ഉപകാരമില്ലാതെ നശിക്കുന്നു.
ഭാരതപ്പുഴയില്‍പ്പോലും കാണില്ല ഇത്രയും മണല്‍ ഇന്ന്. സിവില്‍ സ്റ്റേഷന് പരിസരം മണല്‍ കൊണ്ട് നിറഞ്ഞ് ഒരു പുഴയോരം പോലെ തോന്നിക്കാന്‍ അധിക താമസം ഉണ്ടാകില്ലെന്ന് കരുതാം. പാവം പുഴ.
Labels: ചിത്രങ്ങള്‍