ലൊട്ടുലൊടുക്ക്

Thursday, May 24, 2007

ചില്ലി ഇഡ്ഡലി


മുംബൈയില്‍ ബാന്റപ്പിലുള്ള ആര്യാസ് ഹോട്ടലിലെ മെനുവില്‍ വച്ചാണ് ഇവനെ ഞാന്‍ കാണുന്നത്. മെനുവിലെ ചിത്രം വായില്‍ വെള്ളം നിറയ്ക്കാന്‍ പാകത്തിലുള്ളതായിരുന്നു. കണ്ടിട്ട് ഗോപി മഞ്ചൂരിയാന്റെ ഒരു ച്ഛായ. ചുവന്ന്, മൊരിഞ്ഞ്, നന്നായി വിളമ്പിവച്ചിരിക്കുന്ന ഇവന്റെ ചിത്രം കണ്ടിട്ട് കൊതിയായിപ്പോയി. ഉടന്‍ തന്നെ വെയിറ്ററെ വിളിച്ച് ഇവന്റെ കുടുമ്പത്തെക്കുറിച്ചും ജനനത്തെക്കുറിച്ചും ഒക്കെ അരാഞ്ഞു.

ഇതൊരു ചൈനീസ് വിഭവം ആണത്രേ. മെനുവിലും ചൈനീസ് വിഭവങ്ങളുടെ കൂടെത്തന്നെ ഇതിന്റെ സ്ഥാനം. ചൈനക്കാരന്‍ ഇഡ്ഡലിയോ? ഞാനൊന്ന് ഞെട്ടി. എന്തോ പൊരുത്തക്കേടുണ്ടല്ലോ. എന്റെ സംശയം കേട്ട് വെയിറ്റര്‍ അതുണ്ടാക്കുന്ന രീതിയും പറഞ്ഞുതന്നു. നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന അരിഇഡ്ഡലിയെ നാലായി മുറിച്ച്, അതിനെ എണ്ണയില്‍ വറുത്തെടുത്ത് മസാല ചേര്‍ത്ത് മൊരിച്ചെടുക്കുകയാണത്രേ ചെയ്യുന്നത്. എന്തായാലും ഒന്ന് ശ്രമിച്ച് നോക്കാം എന്ന് കരുതി ഞാന്‍ ഓര്‍ഡര്‍ കൊടുത്തു.

സംഭവം അതു തന്നെ. ഇഡ്ഡലി അകത്ത്, മസാല പുറത്ത്. ഉഗ്രന്‍ രുചിയും. എങ്കിലും കഴിച്ച് കഴിഞ്ഞും എന്റെ സംശയം നില നിന്നു. ഇതെങ്ങിനെ ചൈനീസ് വിഭവമായി? ഇഡ്ഡലി അങ്ങോട്ട് പോയതാണോ മസാല ഇങ്ങോട്ട് വന്ന് ഇഡ്ഡലിയെ കീഴടക്കിയതാണോ? ഇഡ്ഡലിയുടെ ഇങ്ങനെയുള്ള ഉപയോഗം കണ്ടു പിടിച്ചത് വല്ല ചൈനക്കാരനായിരിക്കുമോ? ഇനി അതും അല്ല, ഉള്ളില്‍ എന്തായാലും പുറത്തുള്ള മസാല എങ്ങിനെ എന്നു നോക്കിയാണോ വിഭവം ഏത് ഗണത്തില്‍ പെടണം നിശ്ചയിക്കുന്നത്? ചിലപ്പൊ ആയിരിക്കും. ഇറ്റലിയില്‍ നിന്ന് വന്ന പീറ്റ്സയെ തണ്ടൂരി ചിക്കണും ചിക്കണ്‍ ടിക്ക മസാലയും ഒക്കെ മുകളില്‍ ഇട്ട് ഭാരതീയന്‍ ആക്കിയവരല്ലേ നമ്മള്‍. ഇതും അതുപോലെയുള്ള ഒരു സങ്കരയിനം തന്നെയാവണം. ഇങ്ങനെ പോയാല്‍ ഇനി ദോശ പീറ്റ്സയും പുട്ട് പാസ്തയും കപ്പ ബര്‍ഗ്ഗറും ഒക്കെ വിപണിയില്‍ ലഭ്യമാകുന്ന കാലം വിദൂരമല്ല.
posted by Sreejith K at 11:47 AM

11 Comments:

അങ്ങനേയും ഒരു വിഭവമോ ശ്രീജിത്തേ.. ഇതുവരെ കഴിച്ചില്ലെങ്കിലും അതു വായിച്ചപ്പോഴേ വായില്‍ വെള്ളമൂറീ.. ഇഡ്‌ലി പൊതുവേ എന്റെ ഒരു വീക്നെസ്സായതു കൂടെ കൊണ്ടാവാം:)
Blogger SAJAN | സാജന്‍, at Thu May 24, 02:20:00 PM GMT+5:30  
-------------------------------------------------------------
സംഗതി കൊള്ളാമല്ലോ!!. ഓര്‍ത്തിട്ട്‌ വായില്‍നിന്ന് മുല്ലപ്പെരിയാറിന്റെ മാതിരി ഒരു ചോര്‍ച്ച..

......ഇങ്ങനെ പോയാല്‍ ഇനി ദോശ പീറ്റ്സയും പുട്ട് പാസ്തയും കപ്പ ബര്‍ഗ്ഗറും ഒക്കെ വിപണിയില്‍ ലഭ്യമാകുന്ന കാലം വിദൂരമല്ല. ആ...! അങ്ങനേയും ഒരു കാലം വരും.
Blogger മറ്റൊരാള്‍, at Thu May 24, 02:37:00 PM GMT+5:30  
-------------------------------------------------------------
ഇഡലിയുടെ ഒരു പോട്ടം ഉടനെ നമ്മുടെ ബീരാന്‍ വിലാസം ഹോട്ടലില്‍ ഉണ്ടായിരിക്കുന്നതാണ്‌.

മൂന്ന് പ്രവശ്യം വെര്‍ഡ്‌ അടിച്ചു, ഇനിയും വന്നില്ലെങ്കില്‍ എന്നെ കുറ്റം പറയല്ലെ. ഞാന്‍ രാജിവെച്ചിരിക്കുന്നു.
Blogger ബീരാന്‍ കുട്ടി, at Thu May 24, 03:00:00 PM GMT+5:30  
-------------------------------------------------------------
ചാത്തനേറ്:
ഓടേടാ മുംബൈയില്‍ വേറേ ബ്ലോഗേര്‍സ് ഇല്ലാ‍ന്നു വച്ച് ഓരോന്ന് തട്ടിവിടുന്നോ?

ഓടോ:
ഡായ് നീ വിമാനത്തിലല്ലേ തിരിച്ചു വരുന്നേ? രണ്ടണ്ണം ചാത്തനു പാര്‍സല്‍ പ്ലീസ്....
Blogger കുട്ടിച്ചാത്തന്‍, at Thu May 24, 03:08:00 PM GMT+5:30  
-------------------------------------------------------------
ഇങ്ങനെ ഒരു തീറ്റ പണ്ടാരത്തെപറ്റി സോറി തീറ്റ സാധനത്തെക്കുറിച്ച് ആദ്യമായറിയുന്നു.
എന്തായാലും സങ്കരയിനമല്ലേ ഗുണം കൂടും. :)

ബീരാങ്കാ ഇഡ്ഡലിന്റെ പടം
ഇതു മതിയോ
?

-സുല്‍
Blogger Sul | സുല്‍, at Thu May 24, 03:11:00 PM GMT+5:30  
-------------------------------------------------------------
ചില്ലി ഇഡ്ഡലി കഴിക്കാന്‍ മുംബൈ വരെ പോകണമോ..
ഇതിവിടെ ചെന്നൈയിലെ ഒട്ടുമിക്ക സൈവ ഉനവകത്തിലും (വെജി. ഹോട്ടല്‍) ലഭിക്കും. കേരളത്തിലും പലയിടത്തും കണ്ടിട്ടുണ്ട്
മുബൈയിലെവിടെയാ ബാന്റപ്പ്. ബാന്തുപ്പ്(bhandhup) എന്നു കേട്ടിട്ടുണ്ട്
Blogger Siju | സിജു, at Thu May 24, 06:07:00 PM GMT+5:30  
-------------------------------------------------------------
കൊള്ളാം... വായിക്കുമ്പോള്‍‌ തന്നെ കൊതിയാകുന്നു.
Blogger ശ്രീ, at Thu May 24, 08:52:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ, എന്തായാലും ഇത്രയും വിശദമായി ചോദിച്ചറിഞ്ഞ സ്ഥിതിക്ക് ആ റെസിപ്പിയും ഉണ്ടാക്കിയതിന്റെ ഒരു ഫോട്ടോയും ഇടൂന്നേ.
ഞങ്ങളും കണ്ടും ഉണ്ടാക്കിയും തിന്നും രസിക്കട്ടെ.
Blogger ആഷ | Asha, at Thu May 24, 09:30:00 PM GMT+5:30  
-------------------------------------------------------------
അല്ല ഒരു സംശയം ഈയിടയായി മണ്ടത്തരങ്ങള്‍ ഒന്നുമേ സംഭവിക്കുന്നില്ലേ?
Blogger ആഷ | Asha, at Thu May 24, 09:31:00 PM GMT+5:30  
-------------------------------------------------------------
ചില്ലി ഇഡലി...ഹൊ വായില്‍ വെള്ളം വരുന്നു. ആഷ ചോദിച്ചപോലെ ഇപ്പോള്‍ മണ്ടത്തരങ്ങള്‍ ഒന്നു ചെയ്യാറില്ലേ
Blogger തരികിട, at Thu May 24, 11:09:00 PM GMT+5:30  
-------------------------------------------------------------
ദോശയുടെ മുകളില്‍ സാമ്പാറൊഴിച്ച്‌ ഓവനില്‍ വച്ചു ബേക്കു ചെയ്യുന്നതല്ലെ പിസ്സ? :)
ഞാന്‍ ഇന്‍വിസിബിള്‍ മാന്‍ എന്ന കഥ വായിക്കുകയാണു, തിരയ്ണ്ടാട്ടോ.
qw_er_ty
Blogger ബിന്ദു, at Tue May 29, 07:10:00 AM GMT+5:30  
-------------------------------------------------------------

Add a comment