ലൊട്ടുലൊടുക്ക്

Saturday, January 20, 2007

സദ്ദാമിനെ തൂക്കിലേറ്റി


ഫ്ലാഷ് ന്യൂസ്: സദ്ദാമിനെ തൂക്കിലേറ്റി.

ങ്‌ഹേ! എന്താ? നിങ്ങള്‍ നേരത്തേ അറിഞ്ഞുവെന്നോ. സംഭവം നടന്നിട്ട് രണ്ടാഴ്ചയായെന്നോ. അയ്യോ സോറി കേട്ടോ, ഈ ബാംഗ്ലൂരില്‍ ഈ വാര്‍ത്ത ഇന്നലെയാണ് റിലീസ് ആയത്.

ഉടനേ തന്നെ ഇവിടെ പ്രക്ഷോപപരിപാടികള്‍ തുടങ്ങി. അല്ലാതെ പിന്നെ, മലയാളികള്‍ക്ക് മാത്രം മതിയോ (അന്താ)രാഷ്ട്രീയ പ്രബുദ്ധത, കന്നഡിഗകളും മോശമൊന്നുമല്ല.

ശിവാജി നഗറിലായിരുന്നു പ്രകടനത്തിന്റെ തുടക്കം. പീപ്പിള്‍സ് ഫ്രന്റ് എന്ന സംഘടനയായിരുന്നു ഇതിന് ആഹ്വാനം നല്‍കിയത്. ഈ സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ചില മുസ്ലീം പ്രവര്‍ത്തകര്‍, പോകുന്ന വഴിക്ക് ചില ഹിന്ദു സംഘടനകള്‍ നാളെ നടത്താനിരുന്ന ഹിന്ദു സമവേശ എന്ന പരിപാടിയുടെ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചുവത്രേ. മതം മാറ്റങ്ങളെ എതിര്‍ക്കു‍ക എന്നതാണ് ഈ സമവേശ എന്ന പരിപാടി കൊണ്ട് ഉദ്ദേശിച്ചിരുന്നത് എന്ന് പോസ്റ്ററുകളില്‍ പ്രത്യേകം പറഞ്ഞിരുന്നതായിരുന്നു കാരണം.

സ്വന്തം സമുദാ‍യ സംഘടനയുടെ പോസ്റ്ററുകള്‍ മറ്റൊരു സമുദായക്കാര്‍ തകര്‍ക്കുന്നതു കണ്ടപ്പോള്‍ ഹിന്ദുക്കളും ഇളകി. രണ്ടും പേരും പരസ്പരം അടിയായി. പരസ്പരമുള്ള അടിയില്‍ ഒരു രസമില്ലെന്ന് തോന്നിയിട്ടാണോ അതോ ഇതു കുറേക്കാലം ചെയ്തതല്ലേ ഒരു മാറ്റമൊക്കെ വേണ്ടാതല്ലേ എന്ന് തോന്നിയിട്ടാണോ എന്നറിയില്ല, പരാക്രമം പിന്നെ നാട്ടുകാരോടായി. വെറുതേ ഇരിക്കുന്ന കടകളുടെ ചില്ലുകള്‍ തല്ലിപ്പൊട്ടിക്കുക, പോലീസുകാരെ കല്ലെറിഞ്ഞ് കളിക്കുക, വാഹനങ്ങള്‍ കത്തിക്കുക എന്നിങ്ങനെ അവരവരെക്കൊണ്ട് ആവുന്ന തരത്തില്‍ അവര്‍ സദ്ദാം വധത്തിനെതിരേ പ്രതിഷേധിച്ചു. കമ്മേര്‍ഷ്യല്‍ സ്റ്റ്‌റീറ്റ് എന്ന തിരക്കേറിയ വ്യാപാ‍രവീഥിയും ശിവാജി നഗര്‍, കാമരാജ് റോഡ്, ഭാരതി നഗര്‍ എന്നീ തിരക്കേറിയ സ്ഥലങ്ങളും നിമിഷ നേരം കൊണ്ട് വിജനമാകുകയും അവിടങ്ങളില്‍ പിന്നീട് പോലീസ് നിറയുകയും ചെയ്തു. നഗരത്തില്‍ നിന്ന് അങ്ങോട്ടേയ്ക്കുള്ള വീഥികളും നിശ്ചലമായി. വര്‍ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ട വിവരമറിഞ്ഞ് മറ്റ് പ്രദേശങ്ങളിലുള്ളവരും ജാഗരൂകരായി.

ആകെമൊത്തം ടോട്ടല്‍ പതിനഞ്ച് ഇരുചക്രവാഹനങ്ങളും നാലു കാറുകളും ഒരു വീടും അഗ്നിക്കിരയായി. പല വീടുകളിലും അക്രമികള്‍ തല്ലിത്തകര്‍ത്തു. വീട്ടില്‍ അതിക്രമിച്ച് കയറി കൊള്ള നടത്തുക എന്ന കുറ്റകൃത്യവും ഇതിന്റെ ഇടയില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. എല്ലാം കഴിഞ്ഞപ്പോള്‍ പോലീസുകാരടക്കം അന്‍പതോളം പേര്‍ പരുക്കേറ്റ് ആശുപത്രിയിലുമായി.

എന്തിരുന്നാലും സദ്ദാമിനെതിരേയുള്ള അനീതിയില്‍ മനസ്സ് നിറഞ്ഞ് പ്രതിഷേധിക്കാനായതില്‍ ബാംഗ്ലൂ‍ര്‍ നിവാസികള്‍ പൊതുവേ സന്തുഷ്ടരായതായാണ് റിപ്പോര്‍ട്ട്. ഇനി മേലില്‍ അമേരിക്ക ആരേയും തൂക്കിക്കൊല്ലില്ല എന്നവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പക്ഷെ ബാംഗ്ലുരിന്റെ ശക്തമായ ഈ പ്രതിഷേധത്തിനെക്കുറിച്ച് പ്രതികരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഇതു വരെ തയ്യാറായിട്ടില്ല. അതിനവര്‍ തയ്യാറായില്ലെങ്കില്‍ ഇനിയും ബാംഗ്ലൂര്‍ നഗരത്തിലെ വാഹനങ്ങള്‍ കത്തിക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്ത് തുടര്‍ന്നും പ്രതിഷേധിക്കും എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം. അതിനാല്‍ നാളെ നടക്കാനിരിക്കുന്ന ഹിന്ദു സമവേശ എന്ന പരിപാടിക്ക് വരുന്നവര്‍, അവനവന്റെ ആവശ്യത്തിന് കത്തിക്കുവാന്‍ വാഹനങ്ങള്‍ കൊണ്ട് വരേണ്ടതാണെന്നും അവിടെയുള്ളവ എടുത്ത് കത്തിക്കാന്‍ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. അറിയിപ്പ് പാലിക്കാത്തവരെ, ആകാശത്തേയ്ക്ക് വെടി വച്ച് പേടിപ്പിക്കും. സൂക്ഷിച്ചാല്‍ അക്രമികള്‍ക്ക് കൊള്ളാം. നാട്ടുകാരു സൂക്ഷിച്ചിട്ടും കാര്യമില്ല, നിങ്ങളുടെ കാര്യം പോക്കാ.
posted by Sreejith K at 2:56 PM | link | 25 comments

Wednesday, January 17, 2007

ഹര്‍ത്താല്‍ അപകടം: ...


ഒരു വാര്‍ത്ത. കോപ്പി പേസ്റ്റ് ചെയ്തത് മനോരമയില്‍ നിന്ന്. ലിങ്ക് ഇതാ

***
ഹര്‍ത്താല്‍ അപകടം: അബോധാവസ്ഥയില്‍ കഴിഞ്ഞ നൗഷാദ്‌ മരിച്ചു

പുന്നയൂര്‍ക്കുളം (തൃശൂര്‍): ഹര്‍ത്താല്‍ അനുകൂലികളുടെ ധാര്‍ഷ്ട്യത്തിന്‌ നൗഷാദ്‌ രക്‌തസാക്ഷിയായി. ഡിസംബര്‍ 14ന്‌ ഇടതുസംഘടനകളുടെ പണിമുടക്ക്‌ തുടങ്ങുന്നതിനു നാലു മണിക്കൂര്‍ മുന്‍പേറോഡ്‌ തടസപ്പെടുത്തിയതു മൂലമുണ്ടായ അപകടത്തില്‍ പരുക്കേറ്റ്‌ ഒരു മാസം അബോധാവസ്ഥയിലായിരുന്ന അണ്ടത്തോട്‌ ചിറ്റയില്‍ നൗഷാദാ(30)ണ്‌ മരിച്ചത്‌. തീവ്രപരിചരണവിഭാഗത്തില്‍ ഒരുമാസം നീണ്ട ചികില്‍സയ്ക്കു ശേഷമാണ്‌ നൗഷാദിന്റെ മരണം.

...
...

പെരുമ്പടപ്പ്‌ പൊലീസ്‌ നരഹത്യയ്ക്കു കേസെടുത്തു. പൊന്നാനി സിഐ പി. വിക്രമനാണ്‌ അന്വേഷണച്ചുമതല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കബറടക്കി. ഭാര്യ റംല. മകള്‍ നസ്‌റിന്‍(മൂന്ന്‌). നൗഷാദിന്റെ മരണത്തില്‍ അ‌നുശോചിച്ച്‌ അണ്ടത്തോട്‌ മേഖലയില്‍ ഉച്ചയ്ക്കു ശേഷം ഹര്‍ത്താല്‍ ആചരിച്ചു. നാട്ടുകാര്‍ ഒരുമണിക്കൂര്‍ റോഡ്‌ ഉപരോധിച്ചു.

****

കൂടുതല്‍ ഒന്നും പറയാനില്ല. തല്‍ക്കാലം ഇന്നത്തെ വാര്‍‍ത്തകള്‍ സമാപിച്ചു. വീണ്ടും കാണും വരെ നന്ദി, നമസ്കാരം.
posted by Sreejith K at 12:32 AM | link | 13 comments

Sunday, January 14, 2007

പൊന്നു അഫ്സ്ലലേ, പ്ലീസ് ...


പണ്ട് പണ്ട് നമ്മുടെ നാട്ടില്‍ അഫ്സല്‍ ഗുരു എന്നൊരാളുണ്ടായിരുന്നു. ഒരുകാലത്ത് നമ്മുടെ പത്രങ്ങളായ പത്രങ്ങളും ടി.വി.ചാനലുകളും മുഴുവന്‍ നിറഞ്ഞു നിന്ന ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം. പക്ഷെ പിന്നീട് ഇദ്ദേഹത്തിലുള്ള താത്പര്യം എല്ലാവര്‍ക്കും നഷ്ടപ്പെട്ടു.

ഇദ്ദേഹത്തിനെ അറിയാത്തവര്‍ക്ക് വേണ്ടി :- അഫ്സല്‍ ഗുരു വിശ്വവിഖ്യാതമായ പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതിയാണ്, അഥവാ പിടികിട്ടിയ ഒരേയൊരു പ്രതിയാണ്. കാര്യമായ തെളിവുകളൊന്നും കിട്ടിയില്ലെങ്കിലും സാഹചര്യത്തെളിവുകള്‍ മൂലവും കേസിന്റെ ഗൌരവം മൂലവും രാജ്യത്തെ പരമോന്നത നീതിപീഠം ഇദ്ദേഹത്തിന് വിധിച്ചത് രാജ്യത്ത് കിട്ടാവുന്നതില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ മരണം വരെ തൂക്കിലിടുക എന്നതാണ്. വിചാരണ നീതിപൂര്‍വ്വമല്ലായിരുന്നുവെന്നും അദ്ദേഹത്തിനിഷ്ടപ്പെട്ട വക്കീലന്മാര്‍ ആയിരുന്നില്ല കേസ് വാദിച്ചതെന്നും ഇദ്ദേഹത്തെ തൂക്കിക്കൊന്നാല്‍ രാജ്യത്ത് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്നും പറഞ്ഞ് മനുഷ്യസ്നേഹികളും മറ്റു പ്രമുഖരും ഒക്കെ വളരെയധികം പ്രതിഷേധിച്ചിരുന്നു അന്ന്. പിന്നീട് അവരും നിര്‍ത്തി, ബോറഡിച്ചുകാണും.

കോടതി വിധി പ്രകാ‍രം അഫ്സലിന്റെ ശിക്ഷ നടപ്പാക്കേണ്ടിയിരുന്നു ഒക്റ്റോബര്‍ അവസാന വാരത്തിലായിരുന്നു. അപ്പോഴേക്കും രാഷ്ട്രപതിക്ക് അദ്ദേഹം കൊടുത്ത ദയാഹര്‍ജിക്ക് തീരുമാനമാകേണ്ടതുമായിരുന്നു. പക്ഷെ രാഷ്ട്രപതിക്ക് ഒറ്റയ്ക്ക് ഈ കേസില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലാത്തതിനാല്‍, ഫയല്‍ കീഴ്വഴക്കപ്രകാരം കേന്ദ്രമന്ത്രാലയത്തിനു കൈമാറി. അവര്‍ ഈ ഫയല്‍ ചായ കുടിക്കാന്‍ പോയിടത്ത് വച്ച് മറന്നതാണോ, അതോ ഇത്രയും സങ്കീര്‍ണ്ണമായ കേസില്‍ ഇതു വരെ തീരുമാനമെടുത്ത് ശീലമില്ല എന്നതിനാലാണോ എന്നറിയില്ല, ഇത്ര കാലമായിട്ടും ഒരു തീരുമാനമെടുത്തിട്ടില്ല. തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് ആക്രമണക്കേസില്‍ മരണപ്പെട്ട ജവാന്മാരു‍ടെ വിധവകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് കിട്ടിയ മെഡലുകള്‍ തിരിച്ചേല്‍പ്പിച്ചെങ്കിലും മന്ത്രാലയത്തിന് ഒരു കുലുക്കവും ഉണ്ടായില്ല.

ബാക്കി എല്ലാവരും അഫ്സലിനെ മറന്നുവെങ്കിലും അദ്ദേഹത്തിന്റെ കൂട്ടുകാര്‍ അദ്ദേഹത്തിനെ മറന്നിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന ചില സംഭവവികാസങ്ങള്‍. അഫ്സലിന്റെ മോചനത്തിനു വിലപേശാന്‍ അവര്‍ ഇന്ത്യയിലേ ഏതെങ്കിലും ഒരു വിമാനം റാഞ്ചാന്‍ രഹസ്യമായി പദ്ധതിയിടുന്നത് രാജ്യത്തിന്റെ രഹസ്യാന്വേഷേണവിഭാഗം കണ്ടു പിടിച്ചു. തുടര്‍ന്ന് എല്ലാ വിമാനത്താവളങ്ങളിലേയും സുരക്ഷ കര്‍ശനമാക്കാന്‍ അവര്‍ ഉത്തരവിടുകയും, ഇനി മേല്‍ ഒരു ഭീകരനും കടന്നു ചെല്ലാന്‍ കഴിയാത്തവണ്ണം അവിടങ്ങളില്‍ കനത്ത സുരക്ഷാസന്നാഹം സജ്ജീകരിക്കുകയും ചെയ്തു. ഇനി വരട്ടെ അവന്മാര്‍ ഇങ്ങോട്ട്, റാഞ്ചാന്‍ എന്നും പറഞ്ഞ് പത്രങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തതോടെ താത്കാലികമായി ഈ ഭീഷണി ഒതുങ്ങി എന്ന് വിശ്വസിക്കപ്പെടുന്നു.

ഒന്ന് സംഗ്രഹിച്ചാലോ? ലക്ഷക്കണക്കിന് ആള്‍ക്കാരെ കൊന്നൊടുക്കാന്‍ കെല്‍പ്പുള്ള അണ്വായുധം ഉണ്ടാക്കാന്‍ വരെ ഉത്സാഹം കാണിച്ച രാഷ്ട്രപതി ഒരു ഭീകരന്‍ എന്ന് സുപ്രീം കോടതി വരെ മുദ്ര കുത്തിയ ഒരുവനെ തൂക്കിക്കൊല്ലാന്‍ മടിക്കുന്നു. തൂക്കിക്കൊന്നിട്ട് വേണം ഒന്ന്‍ പ്രതിഷേധിക്കാന്‍ എന്നും പറഞ്ഞ് സാമ്യൂഹ്യപ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുന്നു. ഒരു ആവേശത്തിന് മെഡലുകള്‍ തിരിച്ച് നല്‍കിയ വിധവകള്‍, ഉള്ളത് പോവുകയും ചെയ്തു, ആശിച്ചത് കിട്ടിയുമില്ല എന്ന അവസ്ഥയിലായി. ഇഷ്ടം പോലെ സമയമുണ്ടല്ലോ എന്ന ആശ്വാസത്തില്‍ അഫ്സലിനെ മോചിപ്പിക്കാന്‍ ഇനി അടുത്ത പരിപാടി എന്ത് വേണമെന്ന് ആലോചിച്ച് സഹഭീകരരും സമയം കൊല്ലുന്നു. പത്രങ്ങളും ജനങ്ങളും തത്കാലം ഇതൊക്കെ മറന്ന് ക്രിക്കറ്റിന്റേയും മറ്റും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിരക്കിലേയ്ക്ക് പോയി‍. ഭീകരര്‍ ഉയര്‍ത്തുന്ന ഭീഷണിയും ഒരു സുപ്രീം കോടതി വിധി വരെ നടപ്പിലാക്കാന്‍ കാണിക്കുന്ന അലംഭാവവും രാജ്യത്തെ നാണംകെടുത്തുന്നു.

എന്താണൊരു പ്രതിവിധി?

ഞാന്‍ നോക്കിയിട്ട് ഒന്നേ കാണുന്നുള്ളൂ. “അഫ്സല്‍ ആത്മഹത്യ ചെയ്യണം”

അപ്പോള്‍ രാഷ്ട്രപതിക്ക് വധശിക്ഷയിലെ തന്റെ തീരുമാനം കാരണം പൊല്ലാപ്പ് പിടിക്കേണ്ടി വരില്ല. മെഡല്‍ നല്‍കിയവര്‍ക്ക് അത് തിരിച്ചു കിട്ടും. ഭീകരര്‍ക്ക് തത്കാലം ഇനി ജനങ്ങളെ തോക്കിന്‍‌മുനയില്‍ നിര്‍ത്തി വിലപേശാന്‍ അവശരം ലഭിക്കില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മനുഷ്യസ്നേഹികള്‍ക്കും പരാതി ഇല്ല. എല്ലാവരും ഹാപ്പി. (അഫ്സലിന്റെ കുടുംബാംഗങ്ങള്‍ക്ക് വിഷമമാകുമെന്ന് തോന്നാം ഒറ്റനോട്ടത്തില്‍. പക്ഷെ അഫസല്‍ പണ്ട് ലഷ്കറേ തോയ്ബയില്‍ ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ അവര്‍ ഇങ്ങനെ ഒരു മരണവാര്‍ത്ത കേള്‍ക്കാ‍ന്‍ തയ്യാറായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.)

അതുകൊണ്ട് എന്റെ പൊന്ന് അഫ്സലേ, ഒന്ന് ആത്മഹത്യ ചെയ്യൂ പ്ലീസ്. നൂറ് കോടിയില്‍ പരം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ് താങ്കളുടെ കൂട്ടുകാര്‍ ചോദ്യം ചെയ്യുന്നത്. ഞങ്ങളെ സഹായിക്കാന്‍ താങ്കള്‍ക്കേ കഴിയൂ. താങ്കള്‍ക്ക് കോടി പുണ്യം കിട്ടും. ഞങ്ങളെ രക്ഷിക്കുന്നതിന് പ്രതിഫലമായി താങ്കളെ ഒരു വീരനായകനാക്കുന്ന കാര്യം ഞങ്ങളേറ്റു. ദിവസങ്ങളോളം താങ്കളുടെ ആത്മഹത്യാ വാര്‍ത്തകള്‍ (വീഡിയോ ലഭ്യമാണെങ്കില്‍ അതും) ഞങ്ങള്‍ ടി.വി.യില്‍ സം‌പ്രേക്ഷണം ചെയ്തു കൊള്ളാം. നാടൊട്ടുക്കും ഞങ്ങള്‍ പ്രതിഷേധ മാര്‍ച്ചുകളും കോലം കത്തിക്കലും നടത്താം. പറ്റുമെങ്കില്‍ പേരുകേള്‍ക്കാത്ത നല്ലൊരു ബീച്ച് നോക്കി താങ്കളുടെ പേര് ആ ബീച്ചിനിടാം. പോരാതെ ഞങ്ങള്‍ കേരളത്തില്‍ ഭാരത് ബന്ദും നടത്താം. മൂന്ന് മണിക്കൂര്‍ തൊട്ട് നാലു ദിവസം വരെ വരുന്ന പാക്കേജുകള്‍ ഞങ്ങളുടെ കയ്യില്‍ ലഭ്യമാണ്. അപ്പൊ ചെയ്യുകയല്ലേ?
posted by Sreejith K at 9:06 AM | link | 10 comments