Wednesday, August 15, 2007
സ്വാതന്ത്ര്യദിനാഘോഷചിന്തകള്‍
ഇന്ന് ഭാരതത്തിന്റെ അറുപതാം സ്വാതന്ത്ര്യദിനമായിരുന്നു. എല്ലാ വര്‍ഷങ്ങളിലുമെന്നതുപോലെ ഈ വര്‍ഷവും ഭാരതം ഈ ആഘോഷം കൊണ്ടാടി; ഭാരതീയരും.
എല്ലാ വര്‍ഷങ്ങളിലേതുമെന്നതുപോലെ ഈ വര്‍ഷവും നമ്മള്‍ ഇതാഘോഷിച്ചു. എങ്ങിനെ?
- സ്വന്തമായി ഒരു സ്വാതന്ത്യദിനാഘോഷ ആശംസാസന്ദേശം ഉണ്ടാക്കി അയച്ചിട്ട്.
- എവിടുന്നോ കിട്ടിയ ഒരു ആശംസാസന്ദേശം മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്തിട്ട്.
- ചാറ്റ് ചെയ്യുമ്പോള്‍ ആശംസ അയച്ചിട്ട്.
- ഫോണ്‍ വിളിച്ച് ആശംസ അറിയിച്ചിട്ട്.
- ചാറ്റ് പ്രൊഫൈലിലും ഓര്‍ക്കുട്ട് പ്രൊഫൈലിലും സ്വന്തം ചിത്രം മാറ്റി ഭാരതത്തിന്റെ കൊടി സ്ഥാപിച്ചിട്ട്.
പിന്നെ?
പിന്നെയൊന്നുമില്ല. നമുക്ക് ഇത്രയൊക്കെയേ അറിയൂ. നമ്മുടെ ദേശസ്നേഹം ഇങ്ങനെയേ കാണിച്ച് ശീലമുള്ളൂ. ഇനി ദേശസ്നേഹം നമ്മുടെ ചോരയില്‍ ഓടണമെങ്കില്‍ ഒന്നുകില്‍ കീര്‍ത്തിചക്രയുടെ രണ്ടാം ഭാഗം ഇറങ്ങണം, അല്ലെങ്കില്‍ ഇനി അടുത്ത ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ജയിക്കണം. രണ്ടും സംഭവിച്ചാലും ഇല്ലെങ്കിലും ഇന്നേയ്ക്ക് കൃത്യം ഒരു വര്‍ഷം തികയുന്ന അന്ന് വീണ്ടും നമ്മുടെ ചോരയില്‍ മേല്‍പ്പറഞ്ഞ സാധനം വീണ്ടും ഓടും. എന്താ, എന്തിനാ എന്നൊന്നും അറിയില്ല, അത് കൊല്ലാകൊല്ലം തനിയേ അങ്ങ് സംഭവിക്കും. എന്ത് ഗുണമുണ്ടായിട്ടാണോ എന്നൊന്നും ചിന്തിക്കില്ല ആരും, പക്ഷെ എല്ലാവരും ചെയ്യുമ്പോള്‍ കൂട്ടത്തില്‍ നിന്നങ്ങ് ചെയ്യും. രാഷ്ട്രീയവും മതവും കഴിഞ്ഞല്‍ നമുക്ക് അത്യാവശ്യമായി ഒരു അടിയുണ്ടാക്കാനോ, വെറുതേ തര്‍ക്കിക്കാനോ ഈ ഒരു വിഷയം മാത്രമല്ലേ ഉള്ളൂ.
ആഘോഷം എന്ന് പറഞ്ഞാലെന്താണ്? നല്ലതെന്തെങ്കിലും സംഭവിക്കുമ്പോള്‍ നമുക്ക് മനസ്സിന് സന്തോഷമുളവാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ് ആഘോഷം. ഇവിടെ എന്താണ് നല്ലത് പുതുതായി സംഭവിക്കുന്നത്? നല്ലത് അറുപത് വര്‍ഷം മുന്‍പ് കഴിഞ്ഞില്ലേ? അപ്പോള്‍ ഇത് ഈ സ്വാതന്ത്രദിനാഘോഷം വെറും ഒരു ഓര്‍മ്മപുതുക്കലല്ലേ? അത് എന്തുകൊണ്ട് ഒരു ആഘോഷം തന്നെ നമുക്ക് ആക്കിയെടുത്തുകൂട? അതിനു എന്തു സന്തോഷം വരുന്നുവെന്നതാണോ ഇനി പ്രശ്നം? എന്തുകൊണ്ട് നമുക്കോ നാട്ടുകാര്‍ക്കോ നാടിനുതന്നെയോ നല്ലത് വരുന്ന ഒരു തീരുമാനം എടുത്ത് സന്തോഷം നമുക്ക് ഉണ്ടാക്കിക്കൂട? അതിനാണോ വഴിയില്ലാത്തത്?
സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാക്കിയാല്‍ മതി അതിനാദ്യം. എന്ത് തോന്ന്യവാസവും ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം അല്ല നമ്മുടെ മുന്‍തലമുറ നമുക്ക് വാങ്ങിത്തന്നത്, എന്ത് നല്ലകാര്യവും ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യമാണ്. നല്ലതെതും ചെയ്യാനും പറയാനും പ്രവര്‍ത്തിക്കാനും ഉള്ള സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യമാണ് നാം ആഘോഷിക്കേണ്ടത്. ഈ സ്വാതന്ത്യം തരുന്ന സന്തോഷമാണ് ഈ ആഘോഷം നടത്താന്‍ നമ്മളെ പ്രേരിപ്പിക്കേണ്ടത്. സ്വാതന്ത്യദിനം ആഘോഷിക്കാന്‍ എന്റെ വക ചില ആഘോഷപരിപാടികള്‍ ഇതാ.
- ഇനി എന്റെ രാജ്യത്തിനെ ഞാന്‍ തോന്നിയിടത്തൊക്കെ തുപ്പി വൃത്തികേടാക്കില്ല.
- ഇനി എന്റെ രാജ്യത്തിനെ പ്ലാസ്റ്റ്കിക്ക് പോലെ ദ്രവിക്കാത്ത മാലിന്യങ്ങള്‍ നിറച്ച് ശ്വാസം മുട്ടിക്കില്ല.
- ഇനി എന്റെ രാജ്യത്തില്‍ പുകവലിച്ച് അവിടത്തെ അന്തരീക്ഷം മലീമസമാക്കില്ല.
- ഇനി എന്റെ രാജ്യത്തിലെ മറ്റ് ജനങ്ങളെ ഉപദ്രവിക്കില്ല.
- ഇനി എന്റെ രാജ്യത്തിനെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കില്ല.
- ഇനി എന്റെ രാജ്യത്തിലെ എല്ലാ പൊതുതിരഞ്ഞെടുപ്പിലും വോട്ട് ചെയ്യും.
- ഇനി എന്റെ രാജ്യത്തിലെ നികുതികള്‍ ഞാന്‍ കൃത്യമായി അടയ്ക്കുന്നതായിരിക്കും.
- ഇനി എന്റെ രാജ്യത്തിലെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ആവശ്യാനുസരണം പണം സംഭാവന ചെയ്യുന്നതായിരിക്കും.
- ഇനി എന്റെ രാജ്യത്തിലെ രാഷ്ട്രപുനര്‍നിര്‍മ്മാണ ഫണ്ടിലേയ്ക്ക് പണം നിക്ഷേപിക്കുന്നതായിരിക്കും.
- ഇനി എന്റെ രാജ്യത്തിനെ എന്റെ വീടെന്ന പോലെ സ്നേഹിക്കുന്നതായിരിക്കും.
- ...
Thursday, May 24, 2007
ചില്ലി ഇഡ്ഡലി
മുംബൈയില്‍ ബാന്റപ്പിലുള്ള ആര്യാസ് ഹോട്ടലിലെ മെനുവില്‍ വച്ചാണ് ഇവനെ ഞാന്‍ കാണുന്നത്. മെനുവിലെ ചിത്രം വായില്‍ വെള്ളം നിറയ്ക്കാന്‍ പാകത്തിലുള്ളതായിരുന്നു. കണ്ടിട്ട് ഗോപി മഞ്ചൂരിയാന്റെ ഒരു ച്ഛായ. ചുവന്ന്, മൊരിഞ്ഞ്, നന്നായി വിളമ്പിവച്ചിരിക്കുന്ന ഇവന്റെ ചിത്രം കണ്ടിട്ട് കൊതിയായിപ്പോയി. ഉടന്‍ തന്നെ വെയിറ്ററെ വിളിച്ച് ഇവന്റെ കുടുമ്പത്തെക്കുറിച്ചും ജനനത്തെക്കുറിച്ചും ഒക്കെ അരാഞ്ഞു.
ഇതൊരു ചൈനീസ് വിഭവം ആണത്രേ. മെനുവിലും ചൈനീസ് വിഭവങ്ങളുടെ കൂടെത്തന്നെ ഇതിന്റെ സ്ഥാനം. ചൈനക്കാരന്‍ ഇഡ്ഡലിയോ? ഞാനൊന്ന് ഞെട്ടി. എന്തോ പൊരുത്തക്കേടുണ്ടല്ലോ. എന്റെ സംശയം കേട്ട് വെയിറ്റര്‍ അതുണ്ടാക്കുന്ന രീതിയും പറഞ്ഞുതന്നു. നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന അരിഇഡ്ഡലിയെ നാലായി മുറിച്ച്, അതിനെ എണ്ണയില്‍ വറുത്തെടുത്ത് മസാല ചേര്‍ത്ത് മൊരിച്ചെടുക്കുകയാണത്രേ ചെയ്യുന്നത്. എന്തായാലും ഒന്ന് ശ്രമിച്ച് നോക്കാം എന്ന് കരുതി ഞാന്‍ ഓര്‍ഡര്‍ കൊടുത്തു.
സംഭവം അതു തന്നെ. ഇഡ്ഡലി അകത്ത്, മസാല പുറത്ത്. ഉഗ്രന്‍ രുചിയും. എങ്കിലും കഴിച്ച് കഴിഞ്ഞും എന്റെ സംശയം നില നിന്നു. ഇതെങ്ങിനെ ചൈനീസ് വിഭവമായി? ഇഡ്ഡലി അങ്ങോട്ട് പോയതാണോ മസാല ഇങ്ങോട്ട് വന്ന് ഇഡ്ഡലിയെ കീഴടക്കിയതാണോ? ഇഡ്ഡലിയുടെ ഇങ്ങനെയുള്ള ഉപയോഗം കണ്ടു പിടിച്ചത് വല്ല ചൈനക്കാരനായിരിക്കുമോ? ഇനി അതും അല്ല, ഉള്ളില്‍ എന്തായാലും പുറത്തുള്ള മസാല എങ്ങിനെ എന്നു നോക്കിയാണോ വിഭവം ഏത് ഗണത്തില്‍ പെടണം നിശ്ചയിക്കുന്നത്? ചിലപ്പൊ ആയിരിക്കും. ഇറ്റലിയില്‍ നിന്ന് വന്ന പീറ്റ്സയെ തണ്ടൂരി ചിക്കണും ചിക്കണ്‍ ടിക്ക മസാലയും ഒക്കെ മുകളില്‍ ഇട്ട് ഭാരതീയന്‍ ആക്കിയവരല്ലേ നമ്മള്‍. ഇതും അതുപോലെയുള്ള ഒരു സങ്കരയിനം തന്നെയാവണം. ഇങ്ങനെ പോയാല്‍ ഇനി ദോശ പീറ്റ്സയും പുട്ട് പാസ്തയും കപ്പ ബര്‍ഗ്ഗറും ഒക്കെ വിപണിയില്‍ ലഭ്യമാകുന്ന കാലം വിദൂരമല്ല.
Wednesday, May 16, 2007
കള്ളമണല്‍
എറണാകുളം സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയില്‍ നിന്നെടുത്ത ചിത്രം. ചിത്രത്തില്‍ കാണുന്നത് അനധികൃതമായി കടത്തിക്കൊണ്ട് പോകുകയായിരുന്ന മണല്‍, പിടിച്ചെടുത്ത് കൂട്ടിയിട്ടിരിക്കുന്നത്.
ഒരു ലോഡ് മണലിന് 4000 മുതല്‍ 8000 രൂപ വില വരെ മണല്‍ മാഫിയകള്‍ ഈടാക്കുന്നുണ്ട് ഇപ്പോള്‍. നൂറുകണക്കിന് ലോറികളില്‍ നിന്ന് ചൊരിഞ്ഞ ഈ മണല്‍ക്കൂനകളുടെ മതിപ്പ് എത്രയെന്ന് അപ്പോള്‍ ഊഹിക്കാം. എറണാകുളത്തും പരിസരപ്രദേശത്തും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മണല്‍ക്ഷാമം ഉണ്ടാകുമ്പോഴും ഈ മണല്‍ ഇങ്ങനെ കാറ്റും മഴയുമേറ്റ് കിടന്ന് ആര്‍ക്കും ഉപകാരമില്ലാതെ നശിക്കുന്നു.
ഭാരതപ്പുഴയില്‍പ്പോലും കാണില്ല ഇത്രയും മണല്‍ ഇന്ന്. സിവില്‍ സ്റ്റേഷന്‍ പരിസരം മണല്‍ കൊണ്ട് നിറഞ്ഞ് ഒരു പുഴയോരം പോലെ തോന്നിക്കാന്‍ അധിക താമസം ഉണ്ടാകില്ലെന്ന് കരുതാം. പാവം പുഴ.
Labels: ചിത്രങ്ങള്‍
Sunday, April 29, 2007
പോസ്റ്റര്‍: സാന്ത
ഈയ്യടുത്ത് റിലീസായ ഒരു കന്നഡ ചിത്രത്തിന്റെ പോസ്റ്റര്‍. സിനിമയുടെ പേര്‍ സാന്ത. നായകന്‍ ശിവരാജ് കുമാര്‍.
കന്നഡ പടങ്ങള്‍ക്ക്, നായകന്‍ വടിവാള്‍ ഏന്തണമെന്ന് നിബന്ധമാണുപോലും. അത് നായികയുമായുള്ള പ്രേമരംഗമായാലും ശരി.
പണ്ട് മലയാളത്തിലുണ്ടായിരുന്ന ഒരു ഹിറ്റ് ഫോര്‍മുലയായിരുന്നു മമ്മൂട്ടി-കുട്ടി-പെട്ടി. അതായത് മമ്മൂട്ടിയും ബേബി ശാലിനിയും പിന്നെ മമ്മൂട്ടിയുടെ കയ്യില്‍ എപ്പോഴും ഒരു പെട്ടിയും ഉണ്ടെങ്കില്‍ പടം കിറ്റ്. അതുപോലൊന്നാണ് കന്നഡയില്‍ ഇപ്പോള്‍ ഹിറ്റ് കോമ്പിനേഷനായി വിശ്വസിക്കപ്പെടുന്നത്. രാജ്കുമാര്‍ സന്തതികള്‍-വടിവാള്‍ എന്നതാണത്രേ അത്.
Labels: ചിത്രങ്ങള്‍
Sunday, March 04, 2007
ബ്ലോഗ് മോഷണം, എന്റെ പ്രതിഷേധം
വലിയ ബഹളങ്ങളൊന്നുമില്ലാതെയായിരുന്നു യാഹൂ, മലയാളം പോര്‍ട്ടല്‍ തുടങ്ങിയത്. ഗൂഗിളും എം.എസ്.എന്നും ഇന്ത്യന്‍ ഭാഷകളില്‍ താത്പര്യം കാണിച്ച് തുടങ്ങിയതിന്റെ ബാക്കിപത്രമായിരുന്നു യാഹുവിന്റെ ഈ ഉദ്യമം.
എന്നാല്‍ തിടുക്കത്തില്‍ ഈ പോര്‍ട്ടല്‍ ഒരുക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി പല പിഴവുകളും ഈ പോര്‍ട്ടലിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പറ്റുകയുണ്ടായി. അക്ഷരത്തെറ്റുകളും തെറ്റായ ലിങ്കുകളും ഇല്ലാത്ത രീതിയില്‍ പോര്‍ട്ടല്‍ ഒരുക്കേണ്ടത് പ്രൊഫഷണലിസം ഉള്ള ഒരു കമ്പനിയില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നതാണ്. പക്ഷെ അത്തരം അബദ്ധങ്ങള്‍ പോര്‍ട്ടലില്‍ നിറയെ ഉണ്ടായിരുന്നു. അതിനേക്കാള്‍ ഗുരുതരമായ പിഴവും കടന്നുകൂടി പോര്‍ട്ടലില്‍. മലയാളം ബ്ലോഗുകളിലെ പോസ്റ്റുകള്‍ യാഹൂ സ്വന്തം പേജുകളില്‍ നിറയ്ക്കുകയും എല്ലാ പേജുകളിലേതുപോലെ ഇവയിലും കോപ്പിറൈറ്റ് നോട്ടീസ് പതിക്കുകയും ചെയ്തു. അതായത് അവരുടേതല്ലാത്ത ലേഖനങ്ങള്‍ക്കുപോലും അവകാശം അവര്‍ക്കായി. (ഇത് കാലാകാലങ്ങളായി പല അമേരിക്കന്‍ കമ്പനികളും ഇന്ത്യന്‍ ഉത്പന്നങ്ങളില്‍ നടത്തുന്ന കൈയ്യേറ്റത്തിന്റെ ഗണത്തില്‍പ്പെടുത്താം).
സൂര്യഗായത്രി എന്ന ബ്ലോഗറുടെ കറിവേപ്പില എന്ന ബ്ലോഗാണ് മോഷണം പോയവയില്‍ പ്രമുഖം. നളപാചകം എന്ന ബ്ലോഗിലെ കൃതികളും മോഷ്ടിക്കപ്പെട്ടിരുന്നു. ഇതിനെതിരേ സൂ സ്വന്തം ബ്ലോഗില്‍ ഒരു പോസ്റ്റിട്ട് പ്രതികരിച്ചപ്പോള്‍ സൂവിന് സഹായ വാഗ്ദാനങ്ങളുമായും പിന്തുണയുമായും ബ്ലോഗേര്‍സ് കൂടെ അണിനിരന്നു. അതോടെ പ്രതിഷേധം ശക്തമായി.
ഇതാദ്യമായല്ല ബ്ലോഗ് ലോകത്ത് മോഷണം നടക്കുന്നത്. വ്യക്തികള്‍ നടത്തിയ ബ്ലോഗ് മോഷണങ്ങള്‍ (സ്വന്തം ബ്ലോഗില്‍ മറ്റുള്ള ബ്ലോഗില്‍ നിന്ന് എടുത്ത പോസ്റ്റ് ഇടുക) ഫോണ്‍ വിളികളിലൂടെയും കമന്റുകളിലൂടെയും നാം പ്രതിരോധിച്ചു. സൈറ്റുകള്‍ നടത്തിയ മോഷണങ്ങളും (പുഴ.കോം ഒരു ആര്‍ട്ടിക്കിളില്‍ ഇട്ട പോസ്റ്റുകളും ചിന്ത.കോം ലെ അഗ്രഗേറ്റര്‍ പോസ്റ്റ് മുഴുവനായും പോര്‍ട്ടലില്‍ കാണിക്കുന്നതും) കമന്റുകളിലൂടെയും നേരിട്ട് അവരുമായി ബന്ധപ്പെട്ടതും വഴി പരിഹാരം കാണാന്‍ കഴിഞ്ഞു. എന്നാല്‍ ഇത്തവണ പ്രശ്നം സങ്കീര്‍ണ്ണമായിരുന്നു.
യാഹൂ എന്ന ബഹുരാഷ്ട്രക്കുത്തക ആണ് മറുവശത്ത് എന്നതായിരുന്നു അതില്‍ മുഖ്യം. നേരില്‍ അവരുമായി സംവദിക്കുക എളുപ്പമായിരുന്നില്ല. രണ്ടാമത്, ഇതില്‍ ബ്ലോഗേര്‍സും യാഹൂവും അല്ലാതെ മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നതാണ്. വെബ്ദുനിയ എന്ന കണ്ടന്റ് പ്രൊവൈഡേര്‍സായിരുന്നു അത്. യാഹൂവിന്റെ പോര്‍ട്ടലില്‍ വന്ന പോസ്റ്റുകള്‍ മുഴുവന്‍ വെബ്ദുനിയ നല്‍കിയതായിരുന്നു.
മോഷണം ചൂണ്ടിക്കാട്ടി യാഹൂവിന് പരാതി അയച്ചപ്പോള്‍, പോര്‍ട്ടലിന്റെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് വെബ്ദുനിയ ആണെന്നും അവരോട് സംസാരിക്കൂ എന്നുമാണ് പരാതിക്കാര്‍ക്ക് മറുപടി ലഭിച്ചത്. കൂടാതെ തര്‍ക്കവിഷമായ പേജുകള്‍ മുഴുവന്‍ യാഹൂ സ്വന്തം പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. പ്രശ്നത്തെ നിസ്സാരവല്‍ക്കരിച്ചതും ഉത്തരവാധിത്വത്തില്‍ നിന്ന് കൈയ്യൊഴിഞ്ഞതും ബ്ലോഗേര്‍സിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. അതുകൊണ്ട് തന്നെ വെബ്ദുനിയയുമായി യാതൊരു വിധ നീക്കുപോക്കിനും അവര്‍ തയ്യാറായില്ല, വെബ്ദുനിയ പരസ്യമായി മാപ്പ് പറഞ്ഞ് ഉചിതമായ നഷ്ടപരിഹാരം നല്‍കാം എന്ന് പറഞ്ഞിട്ടും.
യാഹൂ പരസ്യമായി മാപ്പ് പറഞ്ഞേ മതിയാകൂ എന്നതാണ് ഇപ്പോള്‍ പ്രതിഷേധക്കാരുടെ നിലപാട്. ഇതില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തരാവില്ലെന്നും, അതു വരെ പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും ഇവര്‍ ആണയിടുന്നു. അതിന്റെ ഭാഗമായി മാര്‍ച്ച് 5-ന് ബ്ലോഗേര്‍സ് മുഴുവന്‍ സ്വന്തം ബ്ലോഗില്‍ യാഹൂവിനെതിരേ പ്രതിഷേധിച്ചുകൊണ്ട് പോസ്റ്റ് ഇടണമെന്നതാണ് ഇവര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഞാനും ഒരു പോസ്റ്റ് ഇവിടെ ഇടുന്നു.
സുഹൃത്തുക്കളുടെ മുന്നില്‍ മാപ്പ് പറയുന്നത് പോലും വലിയ അഭിമാനപ്രശ്നമായി മനുഷ്യര്‍ കാണുന്ന ഇക്കാലത്ത്, യാഹൂ പോലെയുള്ള ഒരു ബഹുരാഷ്ട്ര ഭീമന്‍, കുറച്ച് ബ്ലോഗേര്‍സിന്റെ പ്രതിഷേധത്തിനുമുന്നില്‍ മുട്ട് കുത്തുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം. പകര്‍പ്പവകാശത്തിന് അതീതമായ പാചകക്കുറിപ്പുകളാണ് മോഷ്ടിക്കപ്പെട്ടത് എന്നത് കൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ യാഹൂ തയ്യാറാകുമോ എന്നതും കണ്ടു തന്നെ അറിയണം. നല്ലത് മാത്രം എല്ലാവര്‍ക്കും വരട്ടെ എന്ന് നമുക്കാശിക്കാം.
Thursday, March 01, 2007
നിശ്ശബ്ദത
നന്നേ വെളുപ്പിനായിരുന്നു പോലീസ് സ്റ്റേഷനില്‍ ഈ വിളി വന്നത്. കവലയില്‍ നിന്നു ദൂരെ മാറിയുള്ള വലിയ റബ്ബര്‍ തോട്ടത്തിനുള്ളിലെ ഏറെക്കുറേ വിജനമായ ആ പഴയ വീട്ടില്‍, ഒരു മരണം നടന്നിരിക്കുന്നുവത്രേ.
അരമണിക്കൂറിനകം പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും അവിടെ ജനങ്ങള്‍ കൂടിയിരുന്നു. ആളുകളെ ഒന്നൊതുക്കി പോലീസുകാര്‍ ഇന്‍ക്വസ്റ്റിനായി അകത്ത് കയറി. ഫോറന്‍സിക്ക് വിദഗ്ദരും പോലീസ് ശ്വാനസേനയും അവരുടെ കുടെയുണ്ടായിരുന്നു. അകത്ത് കണ്ട രംഗം ആരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു.
കൊല നടന്ന മുറിയില്‍ ശവം വായ പിളര്‍ന്ന് വയറു വീര്‍ത്ത് കണ്ണു തുറന്നു കിടന്നിരുന്നു. തറയില്‍ നാലുപാടും ഭയന്നോടിയ രക്തം. ഈച്ചകള്‍ മൃതദേഹത്തില്‍ തങ്ങളുടെ അന്തിമ പരിചരണം നടത്തിക്കൊണ്ടിരുന്നു.
എല്ലാവരും ജനാലയ്ക്കല്‍ വന്ന് എത്തിനോക്കി, മൂക്കു പൊത്തി മുറ്റത്തേക്ക് മാറിനിന്ന് സ്വകാര്യം പറഞ്ഞു. പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കുന്ന പോലീസുകാര്‍ ശവത്തിനു ചുറ്റും ഒരു ലക്ഷ്മണരേഖ വരച്ചു. അവര്‍ എല്ലാ മുറികളും തുറന്നു നോക്കി, ആരുമുണ്ടായിരുന്നില്ല; ഒന്നും.
അടുക്കളയില്‍ മൂന്നു ദിവസം മുന്‍പ് ബാക്കിയായ ചോറും കറിയും വായ തുറന്നിരിക്കുന്ന ഒരടുപ്പും ഉണ്ടായിരുന്നു. കിടപ്പുമുറിയില്‍ തൂക്കിയിട്ട ഷര്‍ട്ടുകള്‍, വായിച്ചു വച്ച പുസ്തകം, കുത്തിക്കെടുത്തിയ സിഗരറ്റ് എല്ലാം അതേപടി കിടന്നിരുന്നു.
കൊല ചെയ്യപ്പെട്ടവന്‍ ഉപയോഗിച്ചിരുന്ന അലമാരയിലെ കണ്ണാടി അപ്പോഴും പ്രവര്‍ത്തിച്ചിരുന്നു. അതില്‍ പൊലീസുകാരന്റെ മുഖം തെളിഞ്ഞു.
പത്രം,റേഡിയോ,ടെലിവിഷന്‍ ,കമ്പ്യൂട്ടര്‍ അത്തരത്തിലൊന്നും അവിടെ കണ്ടില്ല. ചുമരില്‍ ഉപേക്ഷിച്ചു പോയ ബന്ധുക്കളുടെയും അയാളുടെയും കറുപ്പിലും വെളുപ്പിലുമുള്ള ഛായാപടങ്ങള്‍ ഒരേ പോസില്‍ നിശ്ചേഷ്ടരായി തൂങ്ങിക്കിടന്നു. ഒഴിഞ്ഞ കസേരകള്‍ ഒഴിഞ്ഞുതന്നെ കിടന്നു.
മുറികള്‍ക്കുള്ളിലും വീടിനുചുറ്റും വെറുതേ പാഞ്ഞു നടന്ന പൊലീസ് നായ നിരാശയോടെ കുരച്ചു.
അന്വേഷണത്തില്‍ നിന്ന് ഒരു കാര്യം മനസ്സിലായി. അയാള്‍ക്ക് ചങ്ങാതിമാരാരും ഉണ്ടായിരുന്നില്ല. അയല്‍പ്പക്കക്കാര്‍ ആ വീട്ടില്‍ വന്നിരുന്നില്ല. ഒരു പിച്ചക്കാരനാണ് ശവം ആദ്യമായിക്കണ്ടത്. അയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശവം അടക്കം ചെയ്ത് എല്ലാവരും തിരിച്ചു പോയി. സാക്ഷികളും തെളിവുകളുമില്ലാത്തതിനാല്‍ അന്വേഷണം എന്നേക്കുമായി അവസാനിപ്പിച്ചു.
.............................
എല്ലാ മുറികളിലും പതിയിരുന്ന ആര്‍ക്കും പിടി കൊടുക്കാതിരുന്ന വിദഗ്ദ്ധനായ കൊലപാതകി, പിന്നീട് ആ വീട്ടില്‍ തനിച്ചായി: നിശ്ശബ്ദത.
IMPROVISATION of പ്രതിഭാഷ : നിശ്ശബ്ദത
Similar thoughts: വെള്ളാറ്റഞ്ഞൂര്‍ : മലയാളകവിതയുടെ ശവമെടുപ്പ്
Labels: കഥ
Tuesday, February 13, 2007
ഒരു ബന്ദ് ബാക്കിപത്രം
കാവേരി ജലത്തിന്മേല്‍ നടന്നു വന്ന തര്‍ക്കത്തിനു തീര്‍പ്പുണ്ടാക്കാനുണ്ടാക്കിയ ട്രൈബ്യൂണലിന്റെ വിധിയില്‍ തൃപ്തരാവാതെ, വിവിധ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണ്ണാടക ബന്ദ് അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം നിശ്ചലമാക്കി. അന്നേ ദിവസം ബാംഗ്ലൂരില്‍ ട്രെയിനില്‍ വന്നിറങ്ങിയ എന്നെക്കാത്ത് ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ലാത്ത ബസ്സ് സ്റ്റാന്റാണ് കാത്തുനിന്നിരുന്നത്. ഭാഗ്യത്തിന് എന്റെ സഹമുറിയന്‍ സ്ഥലത്തുണ്ടായിരുന്നതിനാല്‍ ഞാന്‍ അവനെ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് വരാന്‍ പറയുകയായിരുന്നു. എന്നാല്‍ അങ്ങിനെ ആരും കൂട്ടിക്കൊണ്ട് പോകാനില്ലാതെ, റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയത് ചെറിയ സംഖ്യയിലുള്ള ജനമല്ല. വിദേശികള്‍ വരെ തലയില്‍ കൈ കൊടുത്ത് നില്‍ക്കുന്നത് കാണാനുണ്ടായിരുന്നു. ടാക്സി, ഓട്ടോ, ബസ്സ് തുടങ്ങിയവ ഒന്നും ഓടിയില്ല. ഓടിയ പലതിന്റേയും കാറ്റൂരിവിടുകയും തല്ലിത്തകര്‍ക്കുകയും ചെയ്തു എന്ന് ടി.വി.യില്‍ കണ്ടു. ഈ സമരക്കാരുടെ ഒക്കെ പ്രതിഷേധം ഊഹിക്കാവുന്നതുപോലെ റെയില്‍വേ സ്റ്റേഷനിലും എയര്‍പ്പോര്‍ട്ടിലും മാത്രമായിരുന്നു. അന്നവിടെ മാത്രമല്ലേ ജനങ്ങള്‍ ഉണ്ടാകൂ. സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍ തടയുകയും ചെയ്തു. ഈ ബന്ദ് കൊണ്ട് സംസ്ഥാനത്തിന്റെ നഷ്ടം പല ലക്ഷങ്ങളാണ്. ഈ ബന്ദ് കൊണ്ട് ആര് എന്ത് നേടി എന്നൊരു ചോദ്യത്തിന് ഒരു ഉത്തരം ഒരു പത്രവും ചോദിച്ച് കണ്ടില്ല. എനിക്ക് അതൊന്നറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നു.
സാധാരണഗതിയില്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ രണ്ട് തെരുവുകളായ എം.ജി.റോഡിന്റേയും ബ്രിഗേഡ് റോഡിന്റേയും ചിത്രം ബന്ദ് ദിനത്തില്‍ ഞാന്‍ മൊബൈലില്‍ പകര്‍ത്തിയത്.
കര്‍ണ്ണാടകയും കേരളത്തിന്റെ നിലവാരത്തിലേയ്ക്ക് ഉയരുന്നുണ്ട്. മുന്‍കൂട്ടി ഇനി ഇവിടുന്ന് പുറത്തേയ്ക്കോ അകത്തേയ്ക്കോ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റില്ല എന്ന പരിതാപകരമായ അതേ നില. ഇവിടുത്തെ രാഷ്ട്രീയ പ്രബുദ്ധതയും ഉയരുകയാണെന്ന് സമാധാനിക്കാം, അല്ലേ
Labels: ചിത്രങ്ങള്‍