Saturday, September 23, 2006
ഗാനമേള
ഇന്നലെ വൈകുന്നേരം പതിവ് പോലെ എന്റെ ബൈക്കില്‍ വിവേക് നഗറിലെ മെസ്സിലേക്ക് പോകുകയായിരുന്നു ഞാനും എന്റെ സുഹൃത്തും. ദൂരെനിന്നേ പുതിയ ചിത്രങ്ങളിലെ പാട്ട് ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ശബ്ദത്തിന്റെ ഗുണനിലവാരത്തില്‍ നിന്ന് അതൊരു ഗാനമേള ആണെന്ന് മനസ്സിലായി. അത്താഴം കഴിഞ്ഞ് സമയം ഉണ്ടെങ്കില്‍ ഈ ഗാനമേള കേള്‍ക്കാന്‍ പോകാം എന്ന സുഹൃത്തിന്റെ അഭിപ്രായം എനിക്കും സമ്മതമായിരുന്നു.
മെസ്സിന് ഒരു അഞ്ഞൂറ് മീറ്റര്‍ ഇപ്പുറത്തെത്തിയപ്പോള്‍ എന്റെ ബൈക്ക് നിന്നു. കാരണം? ആ ഗാനമേള നടക്കുന്നുണ്ടായിരുന്നത് റോഡിന്റെ ഒത്ത നടുക്കായിരുന്നു. ഇത് ആദ്യ അനുഭവമല്ല. ബാംഗ്ലൂരില്‍ പൊതുസ്ഥലങ്ങളും ഓഡിറ്റോറിയങ്ങളും വളരെ കുറവായതിനാല്‍ ആളുകള്‍ റോഡില്‍ പന്തലിടുന്നതും സ്റ്റേജ് കെട്ടുന്നതും സര്‍വ്വ സാധാരണം. ഒരിക്കല്‍ എന്റെ അയല്‍ക്കാരന്‍ സ്വന്തം വീട് പാല്‍കാച്ചലിന് സ്വന്തക്കാരെ വിളിച്ച് ഒരു സദ്യ കൊടുത്തപ്പോള്‍, അവര്‍ പന്തല്‍ എന്റെ വീടിന്റെ വാതിലടക്കം വളച്ച് കെട്ടിയത് കാരണം എനിക്ക്‍ ഒരു ദിവസം വീട്ട് തടങ്കലില്‍ ഇരിക്കേണ്ടി വന്നു. ബൈക്കിനോട് പന്തലിന്റെ ഒരു കാല്‍ ചേര്‍ത്ത് കെട്ടിയിരുന്നു എന്ന് തോന്നുന്നു. സദ്യ നടക്കുന്നതിന്റെ ഇടയില്‍ പോയി അവരോട് പരാതി പറഞ്ഞുവെങ്കിലും പന്തല്‍ സദ്യ കഴിഞ്ഞ് വൈകുന്നേരമാകുമ്പോഴേ അഴിക്കാന്‍ പറ്റൂ എന്നാണ് അവര്‍ അറിയിച്ചത്. അന്നുച്ചയ്ക്ക് ഞാന്‍ പട്ടിണിയായിപ്പോയി. അത് മനസ്സിലാക്കിയാലും ഇല്ലെങ്കിലും ദുഷ്ടന്മാര്‍ ഞങ്ങളെ സദ്യയ്ക്ക് ക്ഷണിക്കുക പോലും ചെയ്തില്ല. അത് പഴയ കഥ, ഇന്നലത്തെ കഥ തുടരാം.
ബൈക്ക് അവിടെ റോഡില്‍ തന്നെ പാര്‍ക്ക് ചെയ്തു. സ്റ്റേജിന്റെ അരികത്തുകൂടി അപ്പുറത്ത് വന്ന്, പരിപാടി കാണാന്‍ വന്നവരുടെ ഇടയിലൂടെ നടന്ന് മറുവശത്ത് എത്തി. പരിപാടി എന്തിനാണെന്ന് അവിടെയുണ്ടായിരുന്ന ഒരാളോട് അന്വേഷിച്ചു. മറുപടി കേട്ടിട്ട് ആശ്ചര്യമാണോ തോന്നിയത് പുച്ഛമാണോ എന്നറിയില്ല. കാരണം അയാള്‍ പറഞ്ഞ മറുപടി “ഗണേശചതുര്‍ത്ഥി” എന്നായിരുന്നു. ചതുര്‍ത്ഥി കഴിഞ്ഞിട്ട് മാസം ഒന്നായല്ലോ എന്നന്വേഷിക്കരുത്. ഇവിടെ ഇങ്ങനെയാണ്; തോന്നുമ്പോള്‍ (കാശ് പിരിഞ്ഞ് കിട്ടുമ്പോള്‍/നാട്ടുകാരുടെ കാശ് കൊണ്ട് പുട്ടടിക്കണമെന്ന് തോന്നുമ്പോള്‍) ആണ് ഇവിടെ ഉത്സവങ്ങള്‍ക്കുവരെ ആഘോഷം. “അതിന് നിങ്ങള്‍ക്കെന്താ ചേതം, നിങ്ങള്‍ ഓണാഘോഷം നടത്തുന്നത് തിരുവോണത്തിന്റെ അന്നല്ലല്ലോ” എന്നവര്‍ക്കും തിരിച്ച് ചോദിക്കാമല്ലോ. അതിനാല്‍ കളിയാക്കാനും പറ്റില്ല.
അത്താഴം വൈകണ്ട എന്ന് കരുതി അതാദ്യം പോയി കഴിച്ച് തിരിച്ച് വന്ന്, ഗാനമേള കാണാം എന്ന് കരുതി ആള്‍ക്കൂട്ടത്തില്‍ നിന്നു. പിറകില്‍ മദ്യപിച്ച് നൃത്തം ചെയ്യുന്നവര്‍ ഒരുപാട് ബഹളവും ശല്യവും ഉണ്ടാക്കുന്നുണ്ടായിരുന്നതിനാല്‍ അടി എപ്പോഴും വീഴാം എന്ന നിലയിലായിരുന്നു. അതിനാല്‍ കുറേ മുന്നില്‍, സ്റ്റേജിന്റെ അടുത്ത് തന്നെയാണ് നിന്നത്.
ഗായകരുടെ ശബ്ദത്തിനുള്ള കുഴപ്പമൊന്നും ഓര്‍ക്കസ്റ്റ്രയ്ക്കില്ല. നല്ല തെളിമയും ഒറിജിനലിന്റെ വെല്ലുന്ന പുനരവതരണവും. സ്വന്തവേ എനിക്ക് അറിയാനുള്ള ത്വര കുറച്ച് കൂടുതലായതിനാല്‍ പിറകിലെ കലാകാരന്മാരെ ഒന്ന് ശ്രദ്ധിച്ച് നോക്കി. പിറകില്‍ ബോങ്ങ്ഗോ ഡ്രംസ് കൊട്ടിക്കൊണ്ടിരുന്ന ആളുടെ കൊട്ടലിന് എന്തോ ഒരു വശപ്പിശക്. അയാള്‍ കാര്യമായി തന്നെ കൊട്ടുന്നുണ്ടായിരുന്നുവെങ്കിലും കൊട്ടുന്നത് പാട്ടിന്റെ താളത്തിനൊത്തൊന്നുമല്ലായിരുന്നു. നോക്കിക്കൊണ്ടിരുന്ന സമയത്ത് തന്നെ അയാളുടെ മൊബൈല്‍ ശബ്ദിച്ചു. ഒരു കൈ ഡ്രംസില്‍ നിന്നെടുത്ത് അയാള്‍ മൊബൈല്‍ എടുത്ത് സംസാരം തുടങ്ങി. പാട്ടിന് ഒരു ഭംഗവും സംഭവിച്ചില്ല.
കീബോര്‍ഡിന്റെ സ്ഥിതിയും വെത്യസ്ഥമല്ല. കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ ആരോടോ ചാറ്റ് ചെയ്യുന്നപോലെയായിരുന്നു അയാളുടെ കീബോര്‍ഡ് വായന, ചിലപ്പോള്‍ നല്ല വായനയും ഇടയ്ക്ക് കുറച്ച് വിശ്രമവും. അയാളും പാട്ടിനൊത്തല്ല കീബോര്‍ഡ് വായിക്കുന്നതെന്ന് വ്യക്തം. സ്റ്റേജില്‍ ഗിത്താര്‍, വയലിന്‍, തബല എന്ന മറ്റുപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നെയാകെ ഉണ്ടായിരുന്നത് തെരുവോരങ്ങളില്‍ ആളുകള്‍ കൊണ്ട് നടന്ന് വില്‍ക്കുന്ന നൂറ് രൂപയുടെ മദ്ദളംപോലെയുള്ള ഒരു ഉപകരണമായിരുന്നു. ദോഷം പറയരുതല്ലോ; അത് കൊട്ടുന്നയാള്‍ ആസ്വദിച്ച്കൊണ്ട് തന്നെ, മനോഹരമായി, കൈകള്‍ ആ ഉപകരണത്തില്‍ ചലിപ്പിച്ച് തന്റെ കടമ നിര്‍വ്വഹിക്കുന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ കൊട്ടിക്കൊണ്ടിരുന്നത് ദപ്പാംകുത്തും സ്റ്റേജില്‍ അന്നേരം പാടിക്കൊണ്ടിരുന്നത് ഹാരിസ് ജയരാജിന്റെ ഒരു പുതിയ ഫാസ്റ്റ് ഗാനവുമായിരുന്നു എന്ന് മാത്രം.
അപ്പോള്‍ സംഗതി കരോക്കേ ഗാനമേളയാണ്. പിറകിലുള്ളവര്‍ വെറുതേ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. സ്റ്റേജില്‍ ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ ഈ സംഗതി മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. എന്നിട്ടും ആരും ഒന്നും പറയുന്നില്ല. മുന്നില്‍ നിന്ന് പരിപാടി കാണുന്നവര്‍ പാട്ട് നന്നായി അസ്വദിക്കുന്നു. പിറകില്‍ നിന്ന് ചിലര്‍ നൃത്തമാടുന്നു. സ്റ്റേജില്‍ വാദ്യോപകരണങ്ങളുടെ പിന്നില്‍ നിന്ന് ചിലര്‍ അസ്സലായി അഭിനയിക്കുന്നു. ഇതൊക്കെ ഒരു ഭഗവാന്റെ പേരിലും. നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ ഇവരൊക്കെ അടികൊണ്ട് നട്ടം തിരിഞ്ഞേനേ എന്ന് മനസ്സില്‍ വിചാരിച്ച് കൊണ്ട് നില്‍ക്കുമ്പോള്‍ ...
സദസ്സിന്റെ ഇടയില്‍ നിന്ന് ഒരാള്‍ ഒരു നോട്ടുമാലയുമായി സ്റ്റേജിലേക്ക്. അത് ഗായകന്റെ കഴുത്തിലണിയിച്ച് അയാള്‍ സ്റ്റേജിനു വെളിയിലേക്കിറങ്ങി. ആദ്യം കരുതി ഇത് ആ ഗായകന്റെ പരിചയക്കാരനോ, ആ ഗാനമേളക്കാര്‍ തന്നെ പരിപാടിയുടെ അഭിപ്രായം കിട്ടാന്‍ വേണ്ടി ആരെയോകൊണ്ട് ചെയ്യിപ്പിച്ചതാണെന്നോ ഒക്കെയാണ്. ഈ ധാരണ തെറ്റാന്‍ അധികം വേണ്ടി വന്നില്ല. ഒരാള്‍ കൂടി സ്റ്റേജിലേക്ക് വന്ന് മുന്നേ വന്നവന്‍ ചെയ്തത് തന്നെ ആവര്‍ത്തിച്ചു. പിന്നെ വേറൊരാള്‍. ഇങ്ങനെ ഒരുപാടുപേര്‍. ചിലര്‍ മാല അണിയിക്കുന്നതിന് പകരം കാശ് കയ്യില്‍ ഏല്‍പ്പിക്കുന്നുമുണ്ടായിരുന്നു. കണ്ട് അദ്ഭുതപ്പെട്ടുകൊണ്ട് ഞാന്‍ നിന്നു.
അയ്യോ! ഇത്തവണ ഞാന്‍ ശരിക്കും നിലവിളിച്ചു. എങ്ങിനെ നിലവിളിക്കാതിരിക്കും, ഒരു പ്രായമായ വ്യക്തി വന്ന് ആ ഗായകന്റെ കാലില്‍ തൊട്ട് അനുഗ്രഹം മേടിക്കുന്നത് കാണുമ്പോള്‍! ആ ഗായകന്റെ നിലവാരം വച്ച് ആയാള്‍ അനുഗ്രഹിക്കാന്‍ ഒരു തരത്തിലും അര്‍ഹനല്ല. എന്റെ നിലവിളി കേട്ട കൂടെ നിന്ന മറ്റു കൂട്ടുകാര്‍ പറഞ്ഞു ഇത് ബാംഗ്ലൂരില്‍ സാധാരണയാണെന്ന്. പാട്ട് പാടുന്ന ഗായകര്‍ക്ക് ചിലപ്പോഴെങ്കിലും ദൈവീക പരിവേഷമുണ്ടെന്ന്. എന്റെ സകലനാഡീഞരമ്പുകളിലും തളര്‍ച്ച ബാധിച്ച് തുടങ്ങി.
കുറച്ച് കഴിഞ്ഞപ്പോള്‍ ഈ തിരക്കൊന്ന് അടങ്ങി. ഈ മാലയര്‍പ്പിക്കല്‍ ചടങ്ങില്‍ അധികം പേരും നോട്ടുമാലയാണ് അര്‍പ്പിച്ചതെങ്കിലും ഒരാള്‍ പൂമാല ആണ് അണിയിച്ചിരുന്നത്. അത് ആ ഗായകന്‍ ഊരി അടുത്തുണ്ടായിരുന്ന കസേരയില്‍ വയ്ക്കുകയും ചെയ്തിരുന്നു. തിരക്കില്ലാതിരുന്ന നേരത്ത് ഒരാള്‍ സ്റ്റേജില്‍ കയറി ആ മാല കൈക്കലാക്കി പതിയേ പുറത്തിറങ്ങി. കുറച്ച് കഴിഞ്ഞ് അയാള്‍ സ്റ്റേജില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു.
സ്റ്റേജില്‍ വച്ച് ആദ്യം വന്നയാള്‍ കൂടെവന്നയാളുടെ കഴുത്തില്‍ ഈ മാലയര്‍പ്പിച്ചു. ഇവര്‍ ആരാണെന്നോ ഈ മാലയര്‍പ്പിക്കല്‍ എന്തിനെന്നോ ഒരു നിശ്ചയവും ഇല്ല. ഒരു അനൌണ്‍സ്‌മെന്റും ഇതിനുണ്ടായില്ല. മാല കഴുത്തില്‍ വീണ ചെറുപ്പക്കാരന്‍ തനിക്ക് മാലയിട്ട ആളിനോടുള്ള നന്ദിയും, ആ സ്നേഹവും പ്രകടിപ്പിക്കാന്‍ ആ മാല സ്വന്തം കഴുത്തില്‍ നിന്ന് തിരിച്ച് മറ്റേയാളുടെ കഴുത്തിലേക്കും ഇട്ടു. രണ്ടാമത് വന്നയാള്‍ സ്റ്റേജ് കാലിയാക്കി അപ്പോല്‍ തന്നെ.
ഒരു വശത്ത് പാട്ട് നടന്ന് കൊണ്ടിരിക്കുമ്പോഴാണ് മറുവശത്ത് ഈ കലാപരിപാടി നടക്കുന്നുണ്ടായിരുന്നത്. മാല തിരിച്ച് സ്വന്തം കഴുത്തില്‍ വീണ ചെറുപ്പക്കാരന്‍ അപ്പോഴും അവിടെ തന്നെ നില്‍ക്കുന്നു. അയാള്‍ക്ക് ആ തിരിച്ച് കിട്ടിയ മാല എന്ത് ചെയ്യണമെന്ന് തിട്ടം പോര. വെറുതേ കിട്ടിയ മാലയാണെങ്കിലും അത് ഇനിയും ഉപയോഗിക്കാവുന്നവണ്ണം നല്ല നിലയില്‍ തന്നെയായിരുന്നല്ലോ. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അയാള്‍ നിന്ന് തിരിഞ്ഞു. സദസ്യരെനോക്കി, ഗായകരെ നോക്കി, രണ്ട് പേരെയും മാറി മാറി നോക്കി. പിന്നെ തന്റെ മുന്നേ ഗമിച്ച വ്യക്തികള്‍ ചെയ്തത് പോലെ ആ മാല ഗായകരുടെ കഴുത്തില്‍ ചാര്‍ത്താന്‍ തീരുമാനിച്ചു.
അന്നേരം പാടിക്കൊണ്ടിരുന്നത് ഒരു ചെറുപ്പക്കാരിയും ചെറുപ്പക്കാരനുമായിരുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പിലോ എന്തോ, ഈ അതിഥി മാല ചാര്‍ത്താന്‍ തുനിഞ്ഞത് ആ ഗായികയുടെ കഴുത്തിനാലാണ്. ഗായിക തന്റെ നേരെ മാലയുമായി നടന്നടുക്കുന്ന അപരിചിതനെക്കണ്ട് ഒന്ന് മാറി നിന്നു. പക്ഷെ അയാള്‍ അടുത്തെത്തി മാലയിടാന്‍ ശ്രമിക്കുക തന്നെ ചെയ്തു. ഗായിക അത് തന്റെ ഒരു കൈ കൊണ്ട് തടുത്തു, മറ്റേ കൈയ്യില്‍ മൈക്ക് ഉണ്ടായിരുന്നല്ലോ, ആ പാട്ട് നിര്‍ത്താനും പറ്റില്ലല്ലോ. രണ്ട് ശ്രമം നടത്തിയിട്ടും ചെറുപ്പക്കാരന് വിജയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇനി ഗായകന്റെ കഴുത്തിലിടാം എന്ന് കരുതി അങ്ങോട്ട് നീണ്ടു ആ കൈകള്‍. ഗായകനും ചെറുത്തു ഈ നീക്കം. സംഗതികളുടെ പോക്ക് ശരിയല്ലെന്ന് കണ്ട് ഗാനമേളയില്‍ ഉണ്ടായിരുന്ന ആളുകള്‍ ഇടപെട്ടു. കൂട്ടത്തില്‍ പിറകില്‍ നിന്ന് വാദ്യോപകരണങ്ങള്‍ വായിച്ചുകൊണ്ടിരുന്ന(അങ്ങിനെ അഭിനയിച്ചുകൊണ്ടിരുന്ന) ആളുകളും മുന്നോട്ട് വന്നു. വാദ്യോപകരണങ്ങള്‍ ഓട്ടോ-പ്ലേയില്‍ ആണെന്ന് കാണികളും കരുതിക്കാണും. പ്രശ്നക്കാരനെ സ്റ്റേജില്‍ നിന്ന് ബലം പിടിച്ച് എല്ലാവരുംകൂടി പുറത്താക്കി.
ആ പാട്ട് ഒരു വിഘ്നവുംകൂടാതെ തുടര്‍ന്നുകൊണ്ടിരുന്നു. തിരിച്ചെത്തിയ ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ വീണ്ടും വാദ്യോപകരണങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. കാണികള്‍ നൃത്തവും ചെയ്ത് കൊണ്ടിരുന്നു. പക്ഷെ ഞാന്‍ തിരിച്ച് പോന്നു. ഇനിയൊന്നും കാണാനുള്ള മനക്കരുത്ത് അന്നേരം ഉണ്ടായിരുന്നില്ല. അതിപ്പോഴും ഇല്ല...
posted by Sreejith K. at 11:55 PM
8 Comments:
ശ്രീജിത്ത് ഇതു വായിച്ചപ്പോള്‍ ഈയിടെ നടന്ന ഒരു ഗാനമേളയെക്കുറിച്ചുള്ള വിവാദം ഓര്‍മ്മ വന്നു.
കര്‍ട്ടനു പിറകില്‍ ടേപ്പ് റെക്കാര്‍ഡര്‍ വെച്ചു നന്നായി അഭിനയിച്ച ഗാനമേളാ സംഘം.അവസാനം കള്ളിവെളിച്ചത്തായി.ഓടി തടി കാത്തു.
-------------------------------------------------------------
കര്‍ട്ടനു പിറകില്‍ ടേപ്പ് റെക്കാര്‍ഡര്‍ വെച്ചു നന്നായി അഭിനയിച്ച ഗാനമേളാ സംഘം.അവസാനം കള്ളിവെളിച്ചത്തായി.ഓടി തടി കാത്തു.
ഇപ്പൊ എല്ലാം കരോക്കെയിലാണു മോനെ. നാടകം മുതല്‍ ഗാനമേളവരെ എല്ലാം. അഞ്ചാറുമാസം മുന്‍പ് എറണാകുളം മറൈന്‍ഡ്രൈവില്‍ സിനിമാല ടീമിന്റെ പരിപാടിക്കിടയില്‍ സിഡി പ്ലേയര്‍ പണിമുടക്കിയപ്പോള്‍ ഇപ്പൊ ശരിയാവും എന്ന മട്ടില്‍ അഭിനേതാക്കളൊക്കെ കുറേനേരം സ്റ്റേജില്‍ സ്റ്റില്ലായി നിന്നു. സിഡി ശരിയാകാതെവന്നപ്പോള്‍ കര്‍ട്ടനിട്ടു. യാതൊരു സങ്കോചവുമില്ലാതെ അനൌണ്‍സ്മെന്റും പുറകെ വന്നു:‘സിഡി സ്കിപ്പായതിനാല്‍ പരിപാടി ഇടയ്ക്കുവച്ച് നിര്‍ത്തേണ്ടിവന്നതില്‍ ഖേദിക്കുന്നു!‘
കാണികള്‍ ‘ഓ, ഞങ്ങളിതെത്ര കണ്ടതാ’ എന്ന ഭാവത്തില്‍ പിരിഞ്ഞുപോയി. ഇപ്പൊ തല്ലും കരോക്കെ ആയോന്നാ എന്റെ സംശയം.
-------------------------------------------------------------
കാണികള്‍ ‘ഓ, ഞങ്ങളിതെത്ര കണ്ടതാ’ എന്ന ഭാവത്തില്‍ പിരിഞ്ഞുപോയി. ഇപ്പൊ തല്ലും കരോക്കെ ആയോന്നാ എന്റെ സംശയം.
ശ്രീജിത്തെ ഞാന്‍ ബാംഗ്ലൂര്‍ക്ക് വരട്ടെ?
-------------------------------------------------------------
മോനേ ശ്രീജീ,
ഇത് വിവേക് നഗറല്ലേ. അതാണ് ഇത്ര നീറ്റ് പരിപാടിയായത്.
ചില ഏരിയയിലൊക്കെ ആ വഴി പോകുന്നവരില്‍ നിന്നും പണപ്പിരിവുമുണ്ട്. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉള്ളവരായതിനാല്‍ ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കുമൊക്കെ കാണും കയ്യില്‍. ഞാന്‍ ഒരു പണക്കാരനായതിനാല്‍ വേഗം പണം കൊടുക്കാറാ പതിവ്. വെറുതേ പത്രത്തില്‍ പടം വരുത്തണ്ടല്ലോ.
-------------------------------------------------------------
ഇത് വിവേക് നഗറല്ലേ. അതാണ് ഇത്ര നീറ്റ് പരിപാടിയായത്.
ചില ഏരിയയിലൊക്കെ ആ വഴി പോകുന്നവരില്‍ നിന്നും പണപ്പിരിവുമുണ്ട്. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉള്ളവരായതിനാല്‍ ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കുമൊക്കെ കാണും കയ്യില്‍. ഞാന്‍ ഒരു പണക്കാരനായതിനാല്‍ വേഗം പണം കൊടുക്കാറാ പതിവ്. വെറുതേ പത്രത്തില്‍ പടം വരുത്തണ്ടല്ലോ.
എന്റെ ശ്രീ. ഇത് ഈ ഗള്‍ഫിലും ഇടക്കിടെ നടക്കുന്ന കാര്യം തന്നെ.
ചെറുപ്പകാലത്ത് കീ ബോര്‍ഡ് പഠിക്കാത്തേന്റെ പേരിലുള്ള എന്റെ ചങ്കിലെ കഴപ്പ് മാറാന്‍ ഒരു നാല് മാസം ഷാര്‍ജ്ജയില്‍ ഒരു മ്യൂസിക് സെന്ററില്‍ പോയി കാശും കൊടുത്ത് ചുമ്മാ അവിടത്തെ മാസ്റ്ററോട് വര്‍ത്താനം പറഞ്ഞ് ടൈം കളഞ്ഞിരുന്നു.
അന്നേരം ആള്‍ പറഞ്ഞത്, ഇപ്പോള്‍ ഒട്ടുമിക്ക ഗാനമേളകളിലും ഫുള്‍ ഓര്‍ക്കസ്ട്രയുടെ സിഡി ഇടുകയാണെന്നാണ്. വിദ്യാസാഗര്‍ സ്പെഷല്‍ ഗാനമേളക്ക് ഒരു പത്തുമുപ്പത് പേര്‍ അവരവരുടെ കിണ്ടിയും കുടതാപ്പുമായി വന്ന് ചന്തയില്‍ ഓറഞ്ച് വില്‍ക്കാനിരിക്കുന്നവരെപ്പോലെ താഴെ നിരന്നിരുന്നെങ്കിലും പെര്‍ഫെക്ഷന്‍ പോകുമെന്ന് പറഞ്ഞ്, അവിടെ നിന്ന് കൊണ്ടുവന്ന ഒറിജിനല്‍ ഓര്‍ക്കസ്ട്രാ ട്രാക്ക് സി.ഡി. തന്നെ ഇടുകയായിരുന്നത്രേ..
കഴിഞ്ഞ കൊല്ലം, നമ്മുടെ ഒരു പുലിക്കുട്ടന്‍ ‘സമയമിതപൂര്‍വ്വ സായാഹനം‘ പാടിയപ്പോള്‍ ‘കാസറ്റ് കേറി പിടിച്ചത്‘ കേട്ട് ചുള്ളന് സൂപ്പര്‍ കൂവല്‍ കിട്ടിയിരുന്നു.
എന്ന്
വിശാല മനസ്കന്‍(ഡ്യൂപ്പ്)
-------------------------------------------------------------
ചെറുപ്പകാലത്ത് കീ ബോര്‍ഡ് പഠിക്കാത്തേന്റെ പേരിലുള്ള എന്റെ ചങ്കിലെ കഴപ്പ് മാറാന്‍ ഒരു നാല് മാസം ഷാര്‍ജ്ജയില്‍ ഒരു മ്യൂസിക് സെന്ററില്‍ പോയി കാശും കൊടുത്ത് ചുമ്മാ അവിടത്തെ മാസ്റ്ററോട് വര്‍ത്താനം പറഞ്ഞ് ടൈം കളഞ്ഞിരുന്നു.
അന്നേരം ആള്‍ പറഞ്ഞത്, ഇപ്പോള്‍ ഒട്ടുമിക്ക ഗാനമേളകളിലും ഫുള്‍ ഓര്‍ക്കസ്ട്രയുടെ സിഡി ഇടുകയാണെന്നാണ്. വിദ്യാസാഗര്‍ സ്പെഷല്‍ ഗാനമേളക്ക് ഒരു പത്തുമുപ്പത് പേര്‍ അവരവരുടെ കിണ്ടിയും കുടതാപ്പുമായി വന്ന് ചന്തയില്‍ ഓറഞ്ച് വില്‍ക്കാനിരിക്കുന്നവരെപ്പോലെ താഴെ നിരന്നിരുന്നെങ്കിലും പെര്‍ഫെക്ഷന്‍ പോകുമെന്ന് പറഞ്ഞ്, അവിടെ നിന്ന് കൊണ്ടുവന്ന ഒറിജിനല്‍ ഓര്‍ക്കസ്ട്രാ ട്രാക്ക് സി.ഡി. തന്നെ ഇടുകയായിരുന്നത്രേ..
കഴിഞ്ഞ കൊല്ലം, നമ്മുടെ ഒരു പുലിക്കുട്ടന്‍ ‘സമയമിതപൂര്‍വ്വ സായാഹനം‘ പാടിയപ്പോള്‍ ‘കാസറ്റ് കേറി പിടിച്ചത്‘ കേട്ട് ചുള്ളന് സൂപ്പര്‍ കൂവല്‍ കിട്ടിയിരുന്നു.
എന്ന്
വിശാല മനസ്കന്‍(ഡ്യൂപ്പ്)
രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖനായ വ്യക്തി പങ്കെടുത്ത ചടങ്ങില്‍ ഒരു ഫ്യൂഷന്‍ മ്യൂസിക് പരിപാടിയും സംഘടിപ്പിച്ചിരുന്നു. നാട്ടിലെ വളരെ പ്രശസ്തനായ ഒരാളാണ് അവതരണം. 100ല്‍ധികം ആര്‍ട്ടിസ്റ്റുകള്‍, അവതരിപ്പിക്കുന്ന യാളുടെ ചേഷ്‌ടകള്‍ ഒക്കെ മനോഹരമായിരുന്നു, അതിഥി ആസ്വദിക്കുകയും അനുമോദിക്കുകയും ചെയ്തു. അതു വെറും റിക്കോര്‍ടിംഗ് തരികിടയാണെന്നു ആര്‍ക്കും മനസ്സിലായില്ല. മൈക്ക് ഓപ്പറേറ്റര്‍ക്കൊഴികെ. അവതരണത്തിനുള്ള ചിലവ് ഒന്നരലക്ഷം കൊടുത്ത സംഘാടകര്‍ പോലും പിന്നീടാണറിഞ്ഞത്.
-------------------------------------------------------------
(ഗാനമേളയുടെ/ഒര്‍ക്കസ്റ്റ്രേഷന്റെ കാര്യമൊഴിച്ച്) ഈ കലാപരിപാടി ഡെല്‍ഹിയിലും ഒത്തിരി കണ്ടിട്ടുണ്ട്.
(ഓര്‍ക്കസ്ട്രേഷന്റെ കാര്യം ശ്രദ്ധിച്ചിട്ടില്ലാ)
:)
-------------------------------------------------------------
(ഓര്‍ക്കസ്ട്രേഷന്റെ കാര്യം ശ്രദ്ധിച്ചിട്ടില്ലാ)
:)
ശ്രീജിത്ത് ഇത് ദുബൈയില്‍ സ്ഥിരം കാണുന്ന കാഴ്ച. ഞാനും കണ്ടിട്ടുണ്ട്. ഒരിക്കല്‍ മലയാളിയായ ഒരു പ്രസിദ്ധ പിന്നണിഗായകന്‍ പാടികൊണ്ടിരിക്കേ ശരിക്കും ആ ജോലി ചെയ്തിരുന്ന സീഡി പണിമുടക്കി. സദസ്സ് കൂവിയാര്‍ത്തു. അവസാനം പുള്ളി സദസ്സിനോട് മാപ്പ് പറഞ്ഞു.
-------------------------------------------------------------