ലൊട്ടുലൊടുക്ക്

Monday, October 16, 2006

ഷോക്കടിക്കുന്നതെപ്പോള്‍


ഏഷ്യാനെറ്റില്‍ സോന ഖസാന എന്നൊരു പരിപാടി ഉണ്ട് ആഴ്ചാവസാനങ്ങളില്‍. സൂര്യ ടി.വിയിലെ സ്വര്‍ണ്ണമഴ എന്ന പരിപാടിയെ തോല്‍പ്പിക്കാന്‍ ഏഷ്യാനെറ്റ് കൊണ്ട് വന്ന ഒരു പ്രോഗ്രാം ആണിത്. അവതാരക: മീര കൃഷ്ണ.

ഇക്കഴിഞ്ഞ ആഴ്ചാവസാനത്തില്‍ പല പല ചാനലുകളില്‍ക്കുടി ഒഴുകി നടക്കുന്നതിനിടയില്‍ ഈ പ്രോഗ്രാമിലും ചെന്നെത്തി. രമ്യ അവതരിപ്പിക്കുന്ന ‘മ്യൂസിക്ക് മൊമെന്റ്സ്’ എന്ന പ്രോഗ്രാമിലെത്തിയാല്‍ റിമോട്ടിന്റെ പ്രോഗ്രാം-മുന്‍-പിന്‍ ബട്ടണുകള്‍ നിശ്ചലമാകുന്നതുപോലെ മീരയിലും റിമോട്ട് ഉടക്കി.

അപ്പോള്‍ നടന്നുകൊണ്ടിരുന്ന ഭാഗം ഇങ്ങനെയാണ്. പരിപാടിയില്‍ പങ്കെടുക്കുന്നവരോട് അഞ്ച് ചോദ്യങ്ങള്‍ മീര ചോദിക്കും. വേരെ നൂറ് പേരോടും ഇതേ ചോദ്യങ്ങള്‍ ചോദിച്ച് അതിന്റെ ഉത്തരങ്ങള്‍ ഇവര്‍ നേരത്തേ എടുത്ത് വച്ചിട്ടുണ്ടാകും. മത്സരാര്‍ത്ഥികള്‍ പറയുന്ന ഉത്തരം നാട്ടുകാരില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞ ഉത്തരം തന്നെയെങ്കില്‍ അതിനനുസരിച്ച് പോയിന്റുകള്‍ കിട്ടും.

ഞാന്‍ കണ്ടപ്പോള്‍ ഉണ്ടായ ചോദ്യം. “ഷോക്കടിക്കുന്നതെപ്പോള്‍?”

മത്സരാര്‍ത്ഥി പെട്ടെന്ന് ഒന്ന് ഞെട്ടി. നല്ല ചോദ്യമാണല്ലോ. എങ്ങിനെയൊക്കെ ഷോക്കടിക്കാം‍ എന്ന് അദ്ദേഹം ആലോചിക്കാന്‍ തുടങ്ങി. അവനവന്റെ യുക്തിക്ക് നിരക്കുന്ന ഒരുത്തരം മാത്രം പറഞ്ഞാല്‍ പോരല്ലോ, അത് നാട്ടുകാരും പറയാന്‍ സാധ്യത ഉള്ള ഒന്നായിരിക്കണം. ഈ ചോദ്യത്തിന് ഈ വ്യക്തി ഒരുപാട് സമയം എടുത്തു ഉത്തരം പറയാന്‍. അതിനുശേഷം പറഞ്ഞു “ഇന്‍സുലേക്ഷനില്ലാത്ത വയറില്‍ തൊടുമ്പോള്‍”.

കൊള്ളാം, ഉത്തരം എനിക്കിഷ്ടപ്പെട്ടു. ഞാന്‍ ആലോചിച്ചെടുത്ത ഉത്തരം ഇത്രയും കൃത്യമായിരുന്നില്ല. വൈദ്യുതി ഉള്ള വയറില്‍ തൊടുമ്പോള്‍ എന്നേയുണ്ടായിരുന്നുള്ളൂ. ഫലത്തില്‍ രണ്ടും ഒന്നായി എടുക്കാമോ എന്നറിയില്ല, എടുക്കുമോ എന്ന് നോക്കിക്കളയാം എന്ന് ഞാനും കരുതി.

ഒരിടവേളയ്ക്ക് ശേഷം ഇദ്ദേഹത്തിന്റെ ഉത്തരം എത്ര പേര്‍ പറഞ്ഞു എന്ന് നോക്കപ്പെട്ടു. ഞാന്‍ അത് കണ്ട് തകര്‍ന്നു. ഈ ബുദ്ധിപൂര്‍വ്വമായ ഉത്തരം ആരും പറഞ്ഞില്ല എന്നുമാത്രമല്ല, എറ്റവും കൂടുതല്‍ പേര്‍ പറഞ്ഞ ഉത്തരം “കറണ്ടടിക്കുമ്പോള്‍” എന്നാണെന്ന് കേട്ടിട്ട്.

അവരേയും കുറ്റം പറയാന്‍ പറ്റില്ല. ഉത്തരം ശരിയല്ലേ? കറണ്ടടിക്കുമ്പോള്‍ ആണല്ലോ നമുക്ക് ഷോക്കടിക്കുന്നത്. ഇത് തിരിച്ചായാലും ശരി തന്നെ. ഷോക്കടിക്കുമ്പോഴാണല്ലോ നമുക്ക് കറണ്ടടിക്കുന്നതും. കലക്കന്‍ ചോദ്യവും കലക്കന്‍ ഉത്തരവും, അതിനേക്കാളും കലക്കനായ നൂറ് നാട്ടുകാരും.

വേഗം തന്നെ ഒരു പേന എടുത്ത് ചുമരില്‍ ഈ പരിപാടി സം‌പ്രേക്ഷണം ചെയ്യുന്ന സമയം എഴുതിയിട്ടു. അതിനു മുകളില്‍ വലുതായി ഇങ്ങനേയും എഴുതി. “കണ്ടില്ലെങ്കില്‍ തല്ലിക്കൊല്ലുമെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തിയാലും ശരി, ഈ സമയത്ത് ആരും ഏഷ്യാനെറ്റ് കണ്ട് പോകരുത്.”

ഒട്ടും അമാന്തിച്ചില്ല, ഉടക്കിയ കണ്ണുകള്‍ ഞാന്‍ തിരിച്ചെടുത്ത് ഉടക്കാന്‍ പറ്റിയ മറ്റ് ചാനലുകളിലേക്ക് ഊളിയിട്ടു.
posted by Sreejith K. at 2:59 PM

12 Comments:

ഈ പരിപാടിയൊരു തല്ലിപ്പൊളിയാണെങ്കിലും പലരും ഈ പരിപാടിയില്‍ ഉടക്കി നില്‍ക്കുന്നത്‌ ശ്രീജിയെപ്പോലെത്തന്നെ മീരയുടെമുന്നില്‍ റിമോട്ട്‌ നിശ്ചലമാകുന്നതുകൊണ്ടാണ്‌.... കച്ചറ പരിപാടി, നല്ല മീര...!!!
Blogger വാളൂരാന്‍, at Mon Oct 16, 03:44:00 PM GMT+5:30  
-------------------------------------------------------------
ഒന്നാം നമ്പര്‍ കൊമഡി പ്രോഗ്രാം ആസ്വദിക്കാന്‍ പൊലും നിനക്കവുന്നിലെങ്കില്‍..
എന്നാ പറയാനാ മൊനെ, നിന്റെ കാര്യം പോക്കാ..!
കാരണം നീ ആ വിവാഹിതരൊട്‌ ചൊദിച്ച്‌ നൊക്ക്‌ ഇതിലും വലിയ ഐറ്റംസ്‌ ഒക്കെ ആണ്‌ അവര്‌ ദിവസോം സഹിക്കുന്നത്‌..
മൊനെ, യു ആര്‍ നൊട്ട്‌ ക്വളിഫെയിട്‌ ഫൊര്‍, ഗെറ്റ്‌ മാരീഡ്‌..
നീ ഗണപതിയെ പൊലെ കാലം തീര്‍ക്കും...
ഈശ്വരോ രക്ഷ..
Blogger മിടുക്കന്‍, at Mon Oct 16, 03:51:00 PM GMT+5:30  
-------------------------------------------------------------
കൊള്ളാം ജിത്തേ..ഈ പരിപാടി കാണുമ്പോള്‍ മനസ്സില്‍ തോന്നാറുള്ള പല വികാരങ്ങള്‍ക്കും ഇങ്ങനെ രസകരമായ ഒരു സന്ദര്‍ഭവിവരണത്തോടെ എഴുതാന്‍ കഴിഞ്ഞല്ലോ..

വന്നും പോയും ഒരു കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്കുണ്ട് അല്പം വ്യത്യസ്ഥമായ പരിപാടികളുമായി ബാക്കിയൊക്കെ “ഇമ്മിണീ വല്യ ഒന്ന്” മോഡല്‍.

-പാര്‍വതി.
Blogger ലിഡിയ, at Mon Oct 16, 03:59:00 PM GMT+5:30  
-------------------------------------------------------------
ശ്രീജീ,
ആരാ ഈ മീര? രമ്യയെ അറിയാം. പ്രോഗ്രാമിന്റെ സമയം പറയഡേയ്...

ഓടോ: രമ്യയുടെ കത്തി സഹിക്കാന്‍ വയ്യാത്തതിനാല്‍ പ്രോഗ്രാം മ്യൂട്ടിലിട്ടാണ് കാണാറ് ;-)
Blogger Unknown, at Mon Oct 16, 04:01:00 PM GMT+5:30  
-------------------------------------------------------------
കറക്റ്റ് ശ്രീജിത്തെ..കറക്റ്റ്. ശരിക്കും ഒരു ക്ണാപ് പരിപാടി തന്നെ അത്.
അതിനെ കളിയാക്കി കഴിഞ്ഞ ശനിയാഴ്ച ഫൈവ് സ്റ്റാര്‍ തട്ടുകടയില്‍ ഒരു പ്രോഗ്രാം ഉണ്ടാരുന്നു.കണ്ടാരുന്നോ....?

പക്ഷേ പറഞ്ഞ പോലെ മീര കൊള്ളാം.അവളുടെ നൂറ്റമ്പതു ഉറുപ്യേടെ സാരിയും ആഭരണങ്ങളും കൊള്ളാം.
Blogger അളിയന്‍സ്, at Mon Oct 16, 04:29:00 PM GMT+5:30  
-------------------------------------------------------------
മീരേനെ പിന്നെ നേരെ ചൊവ്വേ വീട്ടുകാരു കാണണമെങ്കില്‍ ഏതെങ്കിലും പെട്രോള്‍ പമ്പിലേ കാര്‍ വാഷിലു കൊണ്ട്‌ പോയിട്ട്‌ വേണം. നല്ല കുട്ടിയാണു കാണാന്‍,, ഏതോ ശത്രുവാണു മേക്കപ്പെന്ന് തോന്നുന്നു. സെന്റ്രല്‍ ജയിലെന്റെ അഴി പോലത്തെ ബ്ലൗസും...
Blogger അതുല്യ, at Mon Oct 16, 04:37:00 PM GMT+5:30  
-------------------------------------------------------------
സ്വര്‍ണ്ണമഴ എന്ന പരിപാടി ഒരിക്കലെ കാണേണ്ടിവന്നുള്ളൂ... മന്ദബുദ്ധികള്‍ക്കുള്ള പരിപാടിയാണോ എന്ന് അല്‍പ സമയത്തിനകം എനിക്ക്‌ സംശയമായി... ഉടനെ ചാനല്‍ മാറ്റി.
Blogger സൂര്യോദയം, at Mon Oct 16, 05:22:00 PM GMT+5:30  
-------------------------------------------------------------
ഇടിമിന്നലേല്‍ക്കുമ്പോഴും ഷോക്കടിക്കുന്നുണ്ടല്ലൊ. അപ്പോള്‍ അങ്ങോട്ട് ചെന്നു തൊട്ടിട്ട് വേണമെന്നില്ല.അതാവും.ഏതായാലും ഈ പരിപാടി കാണാനുള്ള ഭാഗ്യവും ഇല്ല.:)
Blogger ബിന്ദു, at Mon Oct 16, 06:47:00 PM GMT+5:30  
-------------------------------------------------------------
മച്ചൂ.. അത് സ്വര്‍ണ്ണ മഴയെ തോല്‍പ്പിക്കാന്‍ വന്നവനാണെങ്കിലും, ജയാ റ്റി വി യില്‍ ഖുഷ്ബു അവതരിപ്പിക്കുന്ന ഒരു പരിപാടിയുടെ കോപ്പിയാണ്. തെറ്റ് പറയരുതല്ലൊ... തമിഴ് പ്രോഗ്രാമും ഏകദേശം ഇതേ നിലവാരം തന്നെ. മണ്ടന്‍ ചോദ്യങ്ങളും, തിരുമണ്ടന്‍ ഉത്തരങ്ങളും.
Blogger Unknown, at Mon Oct 16, 07:00:00 PM GMT+5:30  
-------------------------------------------------------------
സോന ഖസാന എന്ന പരിപാടി ജയാ TV യില്‍ വളരെ കാലങ്ങളായി കാണിക്കുന്ന ജാക്ക്‌പോട്ട്‌ എന്ന TV show യുടെ തനിപകര്‍പ്പ്‌ ആണെന്ന്‌ വേണം പറയാന്‍. ജാക്ക്‌പോട്ട്‌ ഇതിലും മെച്ചമാണ്‌. പലരും ആ പരിപാടി കാണുന്നത്‌ ഖുശ്ബുവിന്റെ ഫാഷന്‍ ഡിസൈനര്‍ ഔട്‌ഫിറ്റ്‌ കാണാനാണ്‌.

...പിന്നെ ബൂലോഗ ടിവി ഷോ-യില്‍ "ഷോക്കടിക്കുന്നതെപ്പോള്‍" എന്ന ചോദ്യം ചോദിച്ചാല്‍ .. ടോപ്പ്‌ ഉത്തരം...?
"..ശ്രീജിത്ത്‌ പെണ്ണ്‌ കെട്ടി, ബാച്ചിലര്‍ ക്ലബില്‍ നിന്നും രാജി വെച്ചു.." " അയ്യോാാ.."
"കറക്ട്‌.. യു വണ്‍ 100 ഗോള്‍ഡ്‌ കോയിന്‍സ്‌."
Anonymous Anonymous, at Mon Oct 16, 10:42:00 PM GMT+5:30  
-------------------------------------------------------------
ഡെയ് ദില്‍ബാ മ്യൂട്ട് ചെയ്തത് റെക്കോഡ് ചെയ്ത് അയച്ചു താഡേയ്.. ;)
ശ്രീജിയേ, ആ നാട്ടുകാര് സൂപ്പര്‍!!
Blogger sreeni sreedharan, at Mon Oct 16, 11:37:00 PM GMT+5:30  
-------------------------------------------------------------
ഇതൊരു കോമഡി പ്രോഗ്രാം ആയി കണ്ടു കൂടെ ശ്രീ. അപ്പോള്‍ മീരെം കാണാം, കോമഡീം കാണാം.
Blogger സുല്‍ |Sul, at Tue Oct 17, 11:38:00 AM GMT+5:30  
-------------------------------------------------------------

Add a comment