ലൊട്ടുലൊടുക്ക്

Sunday, December 31, 2006

സദ്ദാം ബീച്ചിലെ ജനരോഷം


ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈനെ സാമ്രാജ്യത്വശക്തി അമേരിക്ക തൂക്കിലേറ്റിയതിനെക്കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു. എങ്കിലും മൂന്ന് കോടി ജനങ്ങള്‍ മാത്രമുള്ള നമ്മുടെ കൊച്ച് കേരളത്തിന് അഭിപ്രായം ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. “അക്ഷന്തവ്യമായ തെറ്റു തന്നെ”. നമ്മള്‍ ഹര്‍ത്താലും പത്രപ്രസ്താവനകളും നടത്തി ഇതിനെതിരേ ശക്തമായി പ്രതികരിച്ചു. നാടൊട്ടുക്കും പ്രകടനങ്ങളും കോലം കത്തിക്കലും, ഒന്നും പറയണ്ട. പോരാണ്ട് സദ്ദാം മരിച്ച് ദിവസം നിരത്തിലോടിയ സര്‍ക്കാര്‍ ബസ്സ് കല്ലെറിഞ്ഞ് തകര്‍ക്കലും നാടുകാ‍ണാന്‍ വന്ന വിദേശികളെ വഴിയില്‍ നിന്ന് ഇറക്കി വിടലും. പുതുവത്സരാഘോഷം കേരളത്തില്‍ ഇതു വരെ നടന്നതില്‍ വച്ചേറ്റവും കെങ്കേമമായി കൊണ്ടാടി നാം. നാട്ടിലെ പത്രങ്ങളും ചാനലുകളും കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം ലോകം മുഴുവന്‍ അറിയിച്ചു.

ഇക്കൂട്ടത്തില്‍ മാധ്യമങ്ങള്‍ എല്ലാവരും മത്സരിച്ച് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് പരപ്പനങ്ങാടിയിലെ “സദ്ദാം ബീച്ചിലെ” ജനങ്ങളുടെ പ്രതിഷേധം. ഇന്നാട്ടിലെ ജനങ്ങള്‍ക്ക് സദ്ദാം വീരനായകനാണ്. അദ്ദേഹത്തിനോടുള്ള സ്നേഹം മൂത്തിട്ടാണ് അദ്ദേഹത്തിന്റെ പേര് ഇവര്‍ അവിടത്തെ കടപ്പുറത്തിനിട്ടത്. സദ്ദാമിനൊടുണ്ടായ ഈ ക്രൂരത ഇക്കാര്യം കൊണ്ട് തന്നെ ഈ ജനങ്ങള്‍ക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. അവിടുള്ള സ്തീകള്‍ അലമുറയിട്ട് കരയുകയായിരുന്നു എന്നാണ് പത്രങ്ങള്‍ എഴുതിയത്. ചെറുപ്പക്കാര്‍ രോഷാഗ്നിയില്‍ ഉരുകുകയായിരുന്നു എന്നും. ഒന്ന് വിടാതെ എല്ലാ പത്രങ്ങളും ഈ വാ‍ര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

മനോരമ എഴുതിയത് ഇവിടെ സങ്കടക്കടല്‍ ആയിരുന്നു എന്നാണ്. മാതൃഭൂമി പറഞ്ഞത് അത് പ്രതിഷേധകടല്‍ ആണെന്നും. സചിത്ര ലേഖനമായിരുന്നു രണ്ടും. മാതൃഭൂമി ചിത്രം ചുവടെ.

പക്ഷെ ചിത്രം കണ്ട് കഴിഞ്ഞപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍. ഇതാണോ സദ്ദാം ബീച്ചിലെ ജനരോഷം? ഇതാണോ അവിടത്തെ ജനങ്ങള്‍ ആര്‍ത്തലച്ച് കരയുന്ന ചിത്രം? ഇത് കുറേ സ്കൂള്‍ പിള്ളേര്‍ ഗാന്ധി ജയന്തിക്ക് പരിസരം മുഴുവന്‍ വൃത്തിയാക്കി മാലിന്യം കത്തിക്കുന്നത് പോലെയുണ്ടല്ലോ. ഈ കുരുന്ന് പിള്ളേരാണോ അവിടുത്തെ പൌരപ്രമുഖര്‍? വിഷമവും രോഷവും നിറയേണ്ട ആ മുഖങ്ങളില്‍ ഒരു തെരുവ് സര്‍ക്കസ്സ് കണ്ടിരിക്കുന്ന ഭാവമാണല്ലോ.അവരീ കത്തിക്കുന്ന സാധനമാണോ ബുഷിന്റെ കോലം? ഇത്രയും കോലം കെട്ട ആളാണോ ബുഷ്? ചിത്രം കണ്ടിട്ട് ഫോട്ടോ എടുക്കാനായി മിട്ടായി കൊടുത്ത് കുറച്ച് പിള്ളേരെ കൂട്ടി കയ്യില്‍ കിട്ടിയ എന്തോ എടുത്ത് കത്തിച്ചത് പോലെയുണ്ട്.

അവര്‍ക്കും ഒരു തമാശ, നമുക്കും അതൊരു നേരമ്പോക്ക്. അതൊക്കെത്തന്നെയല്ലേ നമ്മള്‍ പത്രങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതും!
posted by Sreejith K at 1:17 PM | link | 4 comments

Tuesday, December 26, 2006

അനാഥമാകുന്നവര്‍ ...ഇളയച്ചന്‍ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്ന കസേര.
ഈ കസേരയോടൊപ്പം അനാഥമായത് ഒരു കുടുമ്പവും അതുള്‍പ്പെടുന്ന ഒരു തറവാടുമാണ്.
ഇടയ്ക്കിരുന്ന് പത്രം വായിക്കാനും താളം പിടിക്കാനും വീട്ടിലേയ്ക്ക് വരുന്നവരെ ദൂരെ നിന്നേ കണ്ട് സ്വാഗതം പറയാനും ഇനി ഈ കസേരയില്‍ ആരിരിക്കാന്‍ ...
posted by Sreejith K at 8:35 AM | link | 19 comments

Monday, December 18, 2006

ജയകൃഷ്ണന്‍ വധം: പ്രതികളെ വെറുതേ വിട്ടു


ഭാരതീയ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.ടി.ജയകൃഷ്ണനെ ക്ലാസ്സ് മുറിയില്‍ കുട്ടികളുടെ മുന്നില്‍ വച്ചു കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഒന്നാം പ്രതി കണ്ണൂര്‍ ജില്ലയിലെ മൊകേരി അച്ചാരത്ത് പ്രദീപന്റെ വധശിക്ഷ വെട്ടിക്കുറച്ചു ജീവപര്യന്തം കഠിനതടവാക്കി.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു മുതല്‍ നാലുവരെ പ്രതികളായ കുഞ്ഞിപ്പുനത്തില്‍ സുന്ദരന്‍, നല്ലവീട്ടില്‍ ഷാജി, ചാത്തമ്പള്ളില്‍ ദിനേശന്‍, ആറാം പ്രതി കെ.കെ.അനില്‍കുമാര്‍ എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു.

പ്രദീപനടക്കം അഞ്ചു പ്രതികള്‍ക്കും തലശേരി അഡിഷനള്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നതാണ്. ഈസ്റ്റ് മൊകേരി യു.പി.സ്കൂള്‍ അധ്യാപകന്‍ ജയകൃഷ്ണനെ 1999 ഡിസംബര്‍ ഒന്നിനു രാവിലെ 10.40-നു സ്കൂളില്‍ ക്ലാസെടുത്തു നില്‍ക്കെ അക്രമിസംഘം തലയ്ക്കടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. ആറ്‌ ബി ക്ലാസില്‍ കുട്ടികളുടെ മുന്നില്‍ വച്ചു ജയകൃഷ്ണനെ സി.പി.എം അനുഭാവികളായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണു കേസ്.

പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞ കുട്ടികളുടെ സാക്ഷി മൊഴിയാണു തെളിവായി സ്വീകരിച്ചത്. വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് അത്യപൂര്‍വ്വ കേസല്ല എന്നു ബോധ്യപ്പെട്ടതിനാലാണു ഒന്നാം പ്രതിക്ക് പരമാവധി ശിക്ഷ നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നു വിധിയില്‍ ചൂണ്ടിക്കാണിച്ചു.

***
ഒന്നാം പ്രതി, കൊലപ്പെട്ടയാളിനെ പച്ചയ്ക്ക് വെട്ടിക്കൊല്ലുന്നത് കണ്ടവര്‍ ഒന്നും രണ്ടുമല്ല, ഒരു ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുമാണ്. ഇത്ര ചെറിയ പ്രായത്തില്‍ ഈ കുട്ടികളുടെ മനസ്സിനെ അപ്പാടെ തകര്‍ത്ത് ഭീതിയുടെ നിഴലുകള്‍ വിതച്ച ഈ കൊലപാതകം അത്യപൂര്‍വ്വ കേസല്ലെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. സംഭവം നേരില്‍ കണ്ട കുട്ടികള്‍ ദിവസങ്ങളോളം ആരോടും സംസാരിക്കുക പോലും ചെയ്യാതെ അവരവരുടെ വീടുകളില്‍ എല്ലാവരേയും പേടിച്ച് കഴിയുകയായിരുന്നു എന്ന് നമ്മളെല്ലാം അറിഞ്ഞതാണ്. ഈ ഭീകരദൃശ്യം ഈ കുട്ടികളുടെ മനസ്സില്‍ നിന്നൊരിക്കലും പോകില്ലെന്നും അതവരുടെ വ്യക്തിത്വത്തിനെ വരെ വലിയൊരളവില്‍ ബാധിക്കുമെന്നും കുട്ടികളെ അടുത്തറിയാവുന്ന ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതുമാണ്. എന്നിട്ടും സുപ്രീം കോടതിക്ക് ഇതില്‍ അത്ര അപൂര്‍വ്വമായി ഒന്നും ഇതില്‍ കാണാനില്ലെന്നാണ് പറയുന്നത്. വടക്കേഇന്ത്യയിലെ കൂട്ടക്കുരുതികള്‍ കണ്ട് ശീലിച്ച സുപ്രീം കോടതിക്ക് ഇത് അപൂര്‍വ്വമായി തോന്നിക്കാണില്ല. അതു മനസ്സിലാക്കാം, പക്ഷെ ഒന്നാം പ്രതികള്‍ ഒഴികെയുള്ള മറ്റ് പ്രതികളെ വെറുതേ വിട്ടതിന്റെ ന്യായം?

അപ്പോള്‍ കോടതി പറയുന്നത് ഒന്നാം പ്രതി ഒറ്റയ്ക്കാണ്‌ ഈ കൊലപാതകം നടത്തിയെന്നതാണോ? മറ്റു പ്രതികള്‍ തങ്ങളുടെ അദ്ധ്യാപകനെ‍ വെട്ടിവെട്ടി കൊല്ലുന്നത് കണ്ട കുട്ടികള്‍ അന്ന് ഹാലൂസിനേഷനിലായിരുന്നോ ആവോ. ഇനി കുട്ടികള്‍ പറയുന്ന മൊഴി മുഖവിലയെക്കെടുക്കാനാവില്ലെന്നുണ്ടോ? അതൊക്കെ പോട്ടെ, ഈ പ്രതികളെ ശിക്ഷിച്ച സെഷന്‍ കോടതിയും ഹൈക്കോടതിയും അപ്പോള്‍ എന്ത് കണ്ടിട്ടാണ് ഇവരെ പീനല്‍ക്കോഡ് അന്നുവദിക്കുന്ന പരമാവധി ശിക്ഷ വിധിച്ചത്? ഈ കോടതികള്‍ക്ക് തെറ്റ് പറ്റിയതാണോ? അങ്ങിനെയെങ്കില്‍ വിധി ന്യായത്തില്‍ അത് പരാമര്‍ശിക്കേണ്ടതല്ലേ? ഇവര്‍ അഥവാ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തില്ലായിരുന്നെങ്കില്‍ ഇവരെ തൂക്കിക്കൊല്ലുമായിരുന്നില്ലേ? നിരപരാധികളായ ഈ മൂന്ന് പേരെ ശിക്ഷിച്ചെന്നത് ഭാരതീയ നിയമവ്യവസ്ഥയ്ക്ക് തന്നെ കളങ്കമാകുമായിരുന്നില്ലേ? അപ്പോള്‍ അതല്ല, വാദിച്ച വക്കീലന്മാരുടെ കഴിവു കൊണ്ടാണ് വിധി തന്നെ മാറിയതെന്ന് സുപ്രീം കോടതിയും മനസ്സിലാക്കുന്നെന്ന് വ്യക്തം. ഒരു സാധാരണക്കാരന്‍ പൌരന് ഇത് നല്‍കുന്ന സന്ദേശം എന്താണ്? നല്ലൊരു വക്കീലും, ഭാരിച്ച ഫീസായി കൊടുക്കാന്‍ സാമ്പത്തിക കഴിവും തനിക്ക് ഇല്ലെന്ന് വരികയും, അത് തന്റെ എതിര്‍കക്ഷിക്ക് ഉണ്ടാകുകയും ചെയ്താല്‍, ന്യാ‍യത്തിനായി‍ കോടതി വരെ പോയി സമയം മെനക്കെടുത്തേണ്ട എന്നതല്ലേ?

പാര്‍ലമെന്റ് ആക്രമണക്കേസില്‍ സാഹചര്യത്തെളിവുകളുടെ മാത്രം ബലത്തില്‍ അഫ്സലിനെ തൂക്കിക്കൊല്ലാന്‍ വിധിച്ച സുപ്രീം കോടതി തന്നെ ഇത്രയധികം തെളിവുകളുണ്ടായിട്ടും ഇവരെ വെറുതേ വിട്ടത് എന്നെ അദ്ഭുതപ്പെടുത്തുന്നു. ഈ കൊലപാതകത്തിനു സാക്ഷ്യം വഹിച്ചവരും, നേരിട്ടല്ലെങ്കിലും ഈ ഭീകരത അനുഭവിച്ചവരും നാളെ കോടതിയേയും നീതിവ്യവസ്ഥയേയും തള്ളിപ്പറഞ്ഞാല്‍ അത് ഈ വിധിയുടെ പരാജയമാണ്. ഈ നിഷ്ഠുരന്മാര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിച്ച് വിധി പ്രതീക്ഷിച്ചിരുന്നവര്‍ ഇനി നിയമം കയ്യിലെടുക്കാന്‍ പ്രേരിതരായാല്‍ അവരെ കുറ്റപ്പെടുത്താല്‍ പോലുമാവില്ല നമുക്ക്.

വാല്‍ക്ഷണം: വിധി അറിഞ്ഞ ഉടന്‍ എം.എല്‍.എമാരായ എം.പ്രകാശന്‍, പി.ജയരാജന്‍, സി.പി.എം നേതാവ് കെ.പി.സഹദേവന്‍ തുടങ്ങിയവര്‍ ജയിലിലെത്തി കുറ്റാരോപിതരുമായി (ഇവര്‍ അപ്പോഴേക്കും കുറ്റവിമുക്തരായി) സംസാരിച്ചെന്നു വാര്‍ത്ത. അടുത്ത ജോലി ഏല്‍പ്പിക്കാനായിരിക്കും.
posted by Sreejith K at 10:59 AM | link | 25 comments

Wednesday, December 13, 2006

മരണം


അമ്മയ്ക്ക്

തന്‍മടിയിലെടുത്തു വളര്‍ത്തിയ, സ്നേഹത്തിന്‍ പാലാല്‍ ഊട്ടിയ,
ആദ്യമായി അമ്മേയെന്നു വിളിച്ച, തനിക്ക് തണലാകാനാശിച്ച,
തന്റെ തന്‍ ചോരയോടുന്ന, തന്റെ കര്‍മ്മങ്ങള്‍ ചെയ്യേണ്ടുന്ന,
തന്‍പൊന്നോമനപ്പുത്രന്റെ വേര്‍പാടില്‍പ്പരം വേദന എന്തുണ്ട്!

സഹോദരന്

കൂടെക്കളിക്കുവാന്‍, ഇടയ്ക്കിടയ്ക്കടികൂടുവാന്‍, പിണങ്ങാന്‍ പിന്നെ ഇണങ്ങാന്‍
തന്‍ മനസ്സ് തുറക്കുവാന്‍, തോളത്ത് തലചായ്ക്കുവാന്‍, കെട്ടിപ്പിടിച്ചുറങ്ങാന്‍,
എന്നും കൂട്ടായിരിക്കാന്‍, സന്‍മാര്‍ഗ്ഗം കാണിക്കാന്‍, അതിനായി ചൊടിക്കാന്‍,
തന്നിലുമുയരാന്‍, തനിക്ക് പകരമാകാന്‍; പ്രാണനെ‍ പിരിഞ്ഞാലും അവനോടാകുമോ!

ഭാര്യയ്ക്ക്

കരം ഗ്രഹിച്ച് മനസ്സില്‍ സ്വീകരിച്ച് തന്നെ സ്നേഹത്താല്‍ മൂടിയ,
തന്റെ ആശകള്‍, സ്വപ്നങ്ങള്‍, ദുഃഖങ്ങള്‍ എല്ലാം തന്റേതുപോലാക്കിയ,
സുഹൃത്തും പിതാവും മകനും എല്ലാമായ് തന്‍ ജീവിതം സഫലമാക്കിയ,
തന്‍ പ്രാണനാഥന്റെ വേര്‍പാട് താങ്ങുവാന്‍ കഴിയുമോ!

മകന്

താങ്ങായും തണലായും, ഉപദേശമായും അനുഗ്രഹമായും
മാര്‍ഗ്ഗമായും കരുത്തായും വിദ്യയായും സഹായമായും,
അറിവായും ധനമായും സര്‍വ്വോപരി സംരക്ഷണമായും
ആ പിതാവ് തരേണ്ടുന്ന സന്തോഷമാകാന്‍ മറ്റെന്തിനു കഴിയും!
posted by Sreejith K at 12:24 AM | link | 18 comments

Thursday, December 07, 2006

പ്രണയം


മനസ്സില്‍ പ്രണയം പൂക്കുന്നത്
ഹൃദയസാഗരത്തിലെ മത്സ്യങ്ങളുടെ പ്രജനനകാലത്തത്രേ
ആ സ്ഥിതിക്ക് മനസ്സില്‍ പ്രണയക്കുളിരുകോരുന്നത്
അവിടം കാലവര്‍ഷത്തിന്‍ മഴയാല്‍ നിറയുമ്പോഴാകണം

ഏകാന്തതയുടെ അഗ്നിയില്‍ വെന്തുരുകും മനസ്സിനെ
തണുപ്പിക്കാന്‍ ഓടിയെത്തുന്ന സുനാമിയത്രേ പ്രണയം
പരസ്പരം ചേര്‍ന്ന മനസ്സിന്റെ ആകര്‍ഷണത്തിന്
മുല്ലപ്പെരിയാറിലെ ചുണ്ണാമ്പുപശയേക്കാല്‍ ബലമുണ്ടാകുമെന്നനുഭവം

വാര്‍ക്കപ്പണിക്കായ് കൊണ്ടിട്ട മണലില്‍
കൊച്ചു വീടുണ്ടാക്കുന്നതുപോല്‍ സ്വപ്നങ്ങള്‍ മെയ്യും കാലം
ആകാശച്ചെരുവിലെ നക്ഷത്രങ്ങളെപ്പോല്‍
അവയില്‍ ഞണ്ടിന്‍ കുഞ്ഞുങ്ങള്‍ അപ്പോള്‍ ചിരിച്ചു നില്‍ക്കും.

മനസ്സിലെ കായലിലെ തിരകളില്‍ തിത്തിത്താരോ പാടാം
അതിലെ ആറന്മുള വള്ളംകളിയില്‍ മത്സരിച്ച് തുഴയാം
കണ്ണടച്ചാലും കണ്ണട വച്ചാലും ആ മുഖം
ബ്രൈറ്റ്ലൈറ്റിന്റെ‍ പ്രകാശത്തിനെക്കാള്‍‍ തിളക്കം നല്‍കീടും പ്രണയം
posted by Sreejith K at 11:50 AM | link | 113 comments